Connect with us

Gulf

നിയമലംഘനം; മൂന്ന് ദിവസത്തിനുള്ളില്‍ അജ്മാന്‍ പോലീസ് 50 വാഹനങ്ങള്‍ കണ്ടുകെട്ടി

Published

|

Last Updated

ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി

ബ്രിഗേഡിയര്‍ ശൈഖ്
സുല്‍ത്താന്‍ അല്‍ നുഐമി

അജ്മാന്‍: ഗതാഗത നിയമലംഘനം നടത്തിയതിന് അജ്മാന്‍ പോലീസ് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടുകെട്ടിയത് 50 വാഹനങ്ങള്‍. വാഹനങ്ങള്‍കൊണ്ട് സാഹസിക അഭ്യാസങ്ങള്‍ നടത്തിയും മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയും റോഡ് ഉപയോക്താക്കള്‍ക്ക് ശല്യമായും ഓടിച്ച വാഹനങ്ങളാണ് പിടികൂടിയതെന്ന് അജമാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി പറഞ്ഞു.
താമസക്കാര്‍ക്ക് ഇത്തരം വാഹനങ്ങള്‍ ശല്യമാകുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചത്. യുവാക്കള്‍ ഓടിക്കുന്ന വാഹനത്തില്‍ നിന്നുള്ള ശല്യവും ഉറക്കെയുള്ള ഹോണ്‍ മുഴക്കലും കാരണം രാത്രിയും പകലും ഉറങ്ങാന്‍ പോലും ബുദ്ധിമുട്ട് നേരിടുന്നതായി പ്രായം ചെന്ന സ്ത്രീകളടക്കമുള്ളവരാണ് പരാതിപ്പെട്ടതെന്ന് അല്‍ നുഐമി പറഞ്ഞു.
ചെറുപ്പക്കാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ ചുകപ്പ് സിഗ്‌നല്‍ മറികടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങള്‍ ചെയ്താല്‍ പിഴ ചുമത്തുന്നതിന് പുറമെ വാഹനം കണ്ടുകെട്ടുകയും ചെയ്യും. ലംഘനങ്ങളില്‍ പെട്ട വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 18നും 30നും ഇടക്ക് പ്രായമുള്ളവരോടിക്കുന്ന വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടം വരുത്തുന്നത്. അമിത വേഗതയാണ് ഇതിന് കാരണം, അല്‍ നുഐമി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അജ്മാനില്‍ വാഹനാപകടങ്ങളില്‍ നടപ്പുവര്‍ഷം ആദ്യ പകുതിയില്‍ 40 ശതമാനം കുറഞ്ഞതായും പോലീസ് മേധാവി അറിയിച്ചു.

Latest