Connect with us

Kerala

നോട്ട് പിന്‍വലിക്കല്‍; ജനങ്ങളുടെ അവകാശം മറക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുണ്ടെന്ന് മറക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അവ ലംഘിക്കപ്പെടുമ്പോള്‍ അത് മനുഷ്യവകാശ ലംഘനമായി മാറുമെന്നും കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി മാഹനദാസ് നടപടി ക്രമത്തില്‍ പറഞ്ഞു.
കൈയില്‍ പണമുണ്ടായിരുന്നിട്ടും ചില്ലറ ഇല്ലാത്തതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ജീവന്‍ രക്ഷാമരുന്നും ഭക്ഷണവും വാങ്ങാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. രോഗികളും ബന്ധുക്കളും പണമില്ലാത്തതിന്റെ പേരില്‍ തീരാദുരിതം അനുഭവിക്കുകയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
ആശുപത്രികളിലും ആശുപത്രികളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും നോട്ടുകള്‍ രോഗികള്‍ക്ക് ദുരിതമായി മാറരുത്. രാജ്യത്തിന്റെ ഭാവിക്ക് സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ അനിവാര്യമാണെങ്കിലും അത് സാധാരണക്കാരന് ഭാരമാകരുതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നോട്ടുകള്‍ നിരോധിച്ച പശ്ചാതലത്തില്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ ആരോഗ്യവകുപ്പ് ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടും രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം. കേസ് 23ന് പരിഗണിക്കും.