Connect with us

Malappuram

വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിക്കാന്‍ 8,87,080 രൂപ സ്വരൂപിച്ച് സ്‌കൂള്‍ മാതൃകയായി

Published

|

Last Updated

വളാഞ്ചേരി: വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിക്കാന്‍ 8,87,080 രൂപ സ്വരൂപിച്ച് സ്‌കൂള്‍ മാതൃകയായി. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാവുന്ന വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ശ്രുതിമോള്‍ ചന്ദ്രന്റെ (16) ചികിത്സാ സഹായത്തിനായാണ് വിദ്യാര്‍ഥികളും സ്റ്റാഫംഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങി മാതൃകയായത്. കാടാമ്പുഴയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മാക്കോട്ടില്‍ രാമചന്ദ്രന്‍, ശാന്തകുമാരി ദമ്പതികളുടെ മൂത്തമകളായ ശ്രുതിക്ക് അമ്മയാണ് കരള്‍ പകുത്ത് നല്‍കുന്നത്.
പഠനത്തിലും കലാകായിക രംഗത്തും മികച്ച നിലവാരം പുലര്‍ത്തുന്ന ശ്രുതിയുടെ ജീവന്‍ രക്ഷിക്കാന്‍ വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വളാഞ്ചേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും സ്റ്റാഫും കൂടിയാണ് രൂപ സ്വരൂപിച്ചത്.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് ശ്രുതി മോള്‍ ചന്ദ്രന്‍ ചികിത്സാ സഹായ സമിതി ഭാരവാഹികളായ പി പി ബശീര്‍, എ പി മൊയ്തീന്‍കുട്ടി, കെ പി നാരായണന്‍, സുരേഷ് കുമാര്‍ കൊളത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് സഹായധനം ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്റ് സലാം വളാഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചികിത്സാ സഹായത്തിലേക്ക് 30,570 രൂപ സ്വരൂപിച്ച വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ഷിബിലക്കും കൂടുതല്‍ തുക സമാഹരിച്ച മറ്റ് വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ക്കും പ്രത്യേക ഉപഹാരം നല്‍കി. ചികിത്സാ സഹായ നിധിയിലേക്ക് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിഹിതം ചടങ്ങില്‍ വെച്ച് മാനേജ്‌മെന്റ് സെക്രട്ടറി പി സുരേഷ് ഭാരവാഹികള്‍ക്ക് കൈമാറി. പ്രധാനധ്യാപിക സി കെ ശോഭ, ടി വി രഘുനാഥ്, പി ഗോവിന്ദന്‍, ഇ ഹസന്‍, സുരേഷ് പൂവാട്ടു മീത്തല്‍, സ്‌കൂള്‍ ചെയര്‍മാന്‍ കെ പി ദില്‍ഷാദ്, സ്‌കൂള്‍ ലീഡര്‍ യദുകൃഷ്ണന്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ എം പി ഫാത്തിമകുട്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി സുധീര്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest