Connect with us

Palakkad

ഇനി പാലക്കാട് സമ്പൂര്‍ണ വസ്തു നികുതി കമ്പ്യൂട്ടര്‍വത്കൃത ജില്ല

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് വസ്തുനികുതി കമ്പ്യൂട്ടര്‍വത്ക്കരണം പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി പാലക്കാടിനെ പട്ടികജാതി-വര്‍ഗ്ഗനിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചു.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് tax.l-sgkerala.gov.in വഴി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. വരും ദിവസങ്ങളില്‍ ഇ-പെയ്‌മെന്റ് വഴി വീട്ടിലിരുന്ന് നികുതി അടയ്ക്കാനും സാധിക്കും. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലെ ഒന്‍പത് ലക്ഷത്തോളം കെട്ടിടങ്ങളുടെ വസ്തുനികുതി വിവരങ്ങളും 2013 ഏപ്രില്‍ ഒന്നുമുതലുള്ള നികുതി രശീത് വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സഞ്ചയ സോഫ്റ്റ്‌വേറില്‍ രേഖപ്പെടുത്തുകയും അക്കന്‍ഡിങ് സോഫ്റ്റ്‌വേര്‍ സഖ്യയുമായി സമന്വയിപ്പിക്കുകയും ചെയ്താണ്‌സമ്പൂര്‍ണ വസ്തുനികുതി കംപ്യൂട്ടര്‍വത്ക്കരണ ആദ്യ ജില്ലയായി പാലക്കാട് മാറിയത്. ജില്ലയിലെ പ്രധാനപ്പെട്ട 38 ആശുപത്രികളില്‍ നടക്കുന്ന ജനന-മരണങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹോസ്പിറ്റല്‍ കിയോസ്‌ക് സംവിധാനം ഒരുക്കി. വിവാഹം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇ-ഫയലിങ് സംവിധാനമുണ്ട്. പെന്‍ഷന്‍ വിതരണ സ്റ്റാറ്റസ് welfarepension.lsgkerala.gov.in വഴി അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് അതിവേഗ സേവനം ലഭ്യമാക്കാനായി എല്ലാ പഞ്ചായത്തുകളിലും ബി ബി എന്‍ എല്‍ കണക്റ്റിവിറ്റിയും ലഭ്യമാക്കി. പഞ്ചായത്തുകളിലെ വാര്‍ഷിക പദ്ധതി വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി അറിയാനാകും. ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
പി കെ ശശി എം എല്‍ എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ അഡ്വ. കെ ശാന്തകുമാരിയുടേയും കെട്ടിടനികുതി സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി കൈമാറി.

Latest