Connect with us

Wayanad

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണം: ശില്‍പ്പശാല

Published

|

Last Updated

കല്‍പ്പറ്റ: സ്ത്രീകളും കുട്ടികളും അവര്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വയനാട് പ്രസ്സ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച മാധ്യമ ശില്‍പ്പശാല ശ്രദ്ധേയമായി. കുട്ടികള്‍ക്കെതിരായ കേസുകളും കുട്ടികള്‍ ഉള്‍പ്പെടുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട നിയമപരമായ കീഴ്‌വഴക്കങ്ങളെക്കുറിച്ച് ശില്‍പ്പശാല ചര്‍ച്ചചെയ്തു. പീഢനങ്ങളില്‍ ഇരയാകുന്ന സ്ത്രീകളെയും കുട്ടികളെയും തിരിച്ചറിയുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടിങ്ങ് രീതികളില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണം. ഇത്തരത്തിലുള്ള കേസുകളില്‍ മാധ്യമങ്ങള്‍ ഉള്‍ക്കാഴ്ചയില്ലാതെ ഇടപെടുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ശിക്ഷലഭിക്കാവുന്ന കുറ്റമാണ്.സമൂഹത്തില്‍ കുട്ടികള്‍ക്കുനേരെയും സ്ത്രീകള്‍ക്കുനേരെയും അനുദിനം ഉയരുന്ന അതിക്രമങ്ങളില്‍ മാധ്യമങ്ങളുടെ അനിവാര്യമായ ഇടപെടലുകള്‍ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. വര്‍ത്തമാന കാലത്തില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതും അതെല്ലാം മാധ്യമങ്ങള്‍ വഴി ജനങ്ങളിലെത്തുന്നുമുണ്ട്.പലപ്പോഴും ഇരയുടെ വിലാസം പോലും വെളിപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. വ്യക്തിപരമെന്നതിനേക്കാള്‍ സാമൂഹികമായി ഇരയെ ഒറ്റപ്പെടുത്തുന്നതിന് വരെ ഇതെല്ലാം കാരണമാകുന്നുണ്ട്. പോക്‌സോ പോലുള്ള നിയമങ്ങള്‍ക്ക് തുല്യപ്രാധാന്യമാണുള്ളത്. വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിക്കപ്പെടണം. ശരിയായ ബോധവത്കരണം തന്നെയാണ് വേണ്ടത്. ഇക്കാര്യങ്ങളെല്ലാം ശില്‍പ്പശാല പങ്കുവെച്ചു.
കുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണനത്തില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് സി കെ ശശീന്ദ്രന്‍ എം എല്‍ എ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമത്വത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരയൊണ് ലോകവ്യാപകമായ അക്രമണങ്ങള്‍ തുടരുന്നത്. ഏതൊരു കലാപത്തിന്റെയും ഇരകളും സ്ത്രീകളും കുട്ടികളുമാണ്. അവരുടെ ക്ഷേമത്തെ വിലയിരുത്തി മാത്രമാണ് ഒരു ജനതയുടെ സംസ്‌കാരം അളന്നെടുക്കാന്‍ കഴിയുക.അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് മുന്നേറ്റമുണ്ടാകണമെങ്കില്‍ സാമ്പത്തികമായ പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടണം. ഇവര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിന് പൊതുബോധം വളര്‍ന്നുവരണം.അതിനായി മാധ്യമങ്ങള്‍ പരിശ്രമിക്കണമെന്നും സി കെ ശശീന്ദ്രന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു.സമത്വവാദങ്ങള്‍ എത്ര പെരുപ്പിച്ചുകാട്ടിയാലും സ്ത്രീകളും കുട്ടികളും ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ദിവസവും മാധ്യമങ്ങളിലൂടെ പുറലോകമറിയുന്ന പീഢനകഥകളും അതിക്രമങ്ങളും സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ടി.ഉഷാകുമാരി പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കെ.സി.റോസക്കുട്ടി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. വീട്ടിലും തൊഴിലിടങ്ങളിലും വിദ്യാലയത്തിലും പൊതുഇടങ്ങളിലുമെല്ലാം അപമാനിക്കപ്പെടുന്ന സ്ത്രീത്ത്വത്തിന്റെ വിലാപങ്ങള്‍ അടങ്ങുന്നില്ല. കുട്ടികള്‍ വരെയും ഇതിനെല്ലാം കീഴ്‌പ്പെടുന്നു. ഇവര്‍ക്കിടയിലെ നീതി നിഷേധവും ഇരകളുടെ സംരക്ഷണവും കുറ്റവാളികള്‍ക്കെതിരായ ജാഗ്രതയും പൊതുശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ ഉണരണമെന്നും കെ.സി.റോസക്കുട്ടി പറഞ്ഞു.പോക്‌സോ ,ജെ.ജെ ആക്ടും മാധ്യമങ്ങളും എന്ന വിഷയത്തില്‍ കോഴിക്കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവിലും, ബാലവാകാശ കമ്മീഷന്‍ പൊതുജനം മാധ്യമങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. വി.എം.സിസിലിയും ക്ലാസ്സെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ബിനുജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

 

---- facebook comment plugin here -----

Latest