Connect with us

Articles

കള്ളപ്പണം: പേര് പോലും മറച്ചുവെച്ചവര്‍ രാഷ്ട്രീയം കളിക്കുമ്പോള്‍

Published

|

Last Updated

കള്ളപ്പണത്തിനെതിരെ ആഗോളതലത്തില്‍ ക്യാമ്പയിന്‍ നടത്തുന്ന “ടാക്‌സ് ജസ്റ്റിസ് നെറ്റ്‌വര്‍ക്ക്” സമീപവര്‍ഷങ്ങളില്‍ പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമുള്ള കള്ളപ്പണം 21 ലക്ഷം ഡോളറാണത്രെ! അതായത് അന്നത്തെ കണക്കനുസരിച്ച് 1160 ലക്ഷം കോടി രൂപ! നികുതിയടക്കാത്ത മറ്റ് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ 31 ലക്ഷം കോടി ഡോളറാണുപോലും. അതായത് 1767 ലക്ഷം കോടിരൂപ! ഇതില്‍ ഇന്ത്യയുടെ വിഹിതം 3.87 …..ഡോളര്‍ വരും പോലും. അതായത് അന്നത്തെ കണക്കനുസരിച്ച് 220 ലക്ഷം കോടി രൂപ. ടാക്‌സ് ജസ്റ്റിസ് നെറ്റ്‌വര്‍ക്ക് ബേങ്കുവഴിയല്ലാത്ത പണമിടപാടായ ഷാഡോ ബേങ്കിംഗ് 67 ലക്ഷം കോടി ഡോളറാണെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഷാഡോ ബേങ്കിംഗ് എന്നത് നമ്മുടെ ബ്ലെയിഡ് ഇടപാടാണ്. വര്‍ഷം 2000 ആദ്യത്തില്‍ ഷാഡോ ബാങ്കിംഗ് 26 ട്രില്യനായിരുന്നുപോലും. കള്ളപ്പണവും ഷാഡോബാങ്കിംഗും എല്ലാം അടങ്ങുന്ന ആഗോള കള്ളപ്പണ സമ്പദ്ഘടന ലോകരാജ്യങ്ങളുടെ ഔപചാരിക സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നേര്‍പകുതി വരുന്നതാണ്.
ഔപചാരിക സമ്പദ്ഘടനകളെയും പരമാധികാര രാഷ്ട്രങ്ങളെയും അസ്ഥിരീകരിക്കുന്ന കള്ളപ്പണ സമ്പദ്ഘടന നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ചാണ് അഭൂതപൂര്‍വമായ വളര്‍ച്ച ആര്‍ജിച്ചിരിക്കുന്നത്. ഊഹക്കച്ചവടവും അഴിമതിയും വഴി വളരുന്ന ആഗോളമൂലധനത്തിന്റെ ചൂതാട്ട വികാസത്തിന്റെ അനിവാര്യമായ ഘടനാവിശേഷമാണ് കള്ളപ്പണസമ്പദ്ഘടന. ഇന്ത്യയില്‍ 37 ലക്ഷം കോടി രൂപയുടെ ഷാഡോ ബാങ്കിംഗ് ഉണ്ടെന്നാണ് ചില ഇന്‍വെസ്റ്റിഗേറ്റീവ് പഠനങ്ങള്‍ പറയുന്നത്. 2010-ല്‍ ഗ്ലോബല്‍ ഫിനാന്‍സ് ഇന്റഗ്രിറ്റി പുറത്തുവിട്ട പഠനവിവരമനുസരിച്ച് ഇന്ത്യയില്‍ ഒരു ദശകകാലം കൊണ്ട് 6,77,300 കോടി രൂപയുടെ നികുതി നഷ്ടമാണ് കള്ളപ്പണ ഇടപാടുമൂലം ഉണ്ടായത്.
ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെയും ടാക്‌സ്ജസ്റ്റസ് നെറ്റ്‌വര്‍ക്കിന്റെയും ബെര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പിരന്‍സി ഇന്റര്‍നാഷണലിന്റെയും സമീപകാല പഠനങ്ങളും റിപ്പോര്‍ട്ടുകളും നല്‍കുന്ന വിവരമനുസരിച്ച് ഇന്ത്യപോലുള്ള രാജ്യങ്ങളുടെ രാഷ്ട്രസമ്പത്തിന്റെ അതിഭീമമായ ചോര്‍ച്ചയാണ് ആഗോള കള്ളപ്പണസമ്പദ്ഘടനയുടെ വളര്‍ച്ചക്ക് ഗതിവേഗം കൂട്ടിയിരിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നിയമാനുസൃതമാക്കി കള്ളപ്പണക്കാരെ സഹായിക്കുകയാണ്. ഇന്ത്യക്കാരുടെ കള്ളപ്പണം സൂക്ഷിക്കുന്ന വിദേശ ബേങ്കുകളെക്കുറിച്ച് വിക്കിലിക്‌സിന്റേതുള്‍പ്പെടെ നിരവധി വെളിപ്പെടുത്തലുകള്‍ നമ്മുടെ മുമ്പിലുണ്ടല്ലോ. ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാരും ഭരണവര്‍ഗ രാഷ്ട്രീയ നേതാക്കളും സ്വിസ് ബേങ്കില്‍ വിവിധ ട്രേഡ് മാര്‍ക്കുകളില്‍ സ്വകാര്യ ലോക്കറുകള്‍ ഉള്ളവരാണത്രെ.
രാഷ്ട്രസമ്പത്ത് ചോര്‍ത്തിക്കൊണ്ടുപോയി ഇന്ത്യന്‍ നിയമങ്ങള്‍ക്ക് പിടികൊടുക്കാതെ വിദേശ ബേങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണക്കാരെ കണ്ടെത്തണമെന്നതും അത് തിരിച്ചുപിടിക്കണമെന്നതും ഏറ്റവും ദേശാഭിമാനപരമായ ആവശ്യമാണ്. തീര്‍ച്ചയായും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് ആശ്വാസമേകാനുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണമാണ് കള്ളപ്പണക്കാര്‍ തട്ടിയെടുത്തുകൊണ്ടുപോയി വിദേശ ബേങ്കുകളില്‍ കുന്നുകൂട്ടിയിരിക്കുന്നത്. 2012-ല്‍ കേന്ദ്രസര്‍ക്കാറിന്റെ ഔദേ്യാഗിക വിശദീകരണങ്ങളനുസരിച്ചുതന്നെ വിദേശ ബേങ്കുകളില്‍ 1,36,000 കോടി രൂപയുടെ കള്ളപ്പണം ഇന്ത്യക്കാരുടേതായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഉദാരവത്കരണവും അഴിമതിയും മാഫിയ പ്രവര്‍ത്തനങ്ങളും ചേര്‍ന്നാണ് രാഷ്ട്രസമ്പത്തിന്റെ വിദേശബേങ്കുകളിലേക്കുള്ള ഒഴുക്ക് കൂട്ടിയിരിക്കുന്നത്. ഭരണവര്‍ഗ രാഷ്ട്രീയ നേതാക്കള്‍ മറച്ചുപിടിക്കുന്നത് നാടിന്റെ വികസനത്തിനും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കേണ്ട രാഷ്ട്രസമ്പത്താണ് കള്ളപ്പണക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നത് എന്നകാര്യമാണ്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി രാഷ്ട്രത്തോട് പറഞ്ഞത് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നൂറ് ദിവസത്തിനകം വിദേശ ബേങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരെ തുറങ്കിലടക്കുമെന്നാണ്. ഇന്ത്യക്കാരുടേതായി വിദേശ ബേങ്കുകളില്‍ 96 ലക്ഷം കോടിയോളം കള്ളപ്പണ നിക്ഷേപമുണ്ടെന്നും അത് പിടിച്ചെടുത്ത് ഇന്ത്യയിലെ ഓരോ പൗരന്റെയും ബേങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം എത്തിക്കുമെന്നുമുള്ള പ്രലോഭനീയമായ വാഗ്ദാനവും നടത്തി!
മൂന്ന് വര്‍ഷം ഭരിച്ചിട്ടും കള്ളപ്പണക്കാരെ തൊട്ടുകളിക്കാന്‍ നരേന്ദ്ര മോദിയും യു പി എ സര്‍ക്കാറിനെപോലെ മടിച്ചു നില്‍ക്കുകയാണ് ഉണ്ടായത്. ഹസന്‍അലിഖാന്‍ കേസില്‍ സുപ്രീംകോടതി നടത്തിയ ശ്രദ്ധേയമായ നിരീക്ഷണത്തോടെയാണല്ലോ കള്ളപ്പണ പ്രശ്‌നം ദേശീയ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായത്. അന്നത്തെ യു പി എ സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചത് കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരുടെ കാവല്‍ക്കാരാണോയെന്നാണ്. സുപ്രീംകോടതിയുടെ ശക്തമായ താക്കീതും നിര്‍ദേശവും ഉണ്ടായതോടെയാണ് കള്ളപ്പണക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ യു പി എ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.
സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയില്‍ പ്രവര്‍ത്തിക്കുന്ന എച്ച് എസ് ബി സി ബേങ്കില്‍ 700 ഇന്ത്യന്‍ നിക്ഷേപകരുണ്ടെന്നാണ് അന്ന് പുറത്തുവന്ന വിവരം. 2011-ലാണ് എച്ച് എസ് ബി സി ബേങ്കിലെ ജീവനക്കാരന്‍ വഴി ഇന്ത്യക്ക് 700 നിക്ഷേപകരുടെ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടിയത്. യു പി എ സര്‍ക്കാര്‍ വിദേശ ബേങ്കുകളില്‍ നിന്നുള്ള നിക്ഷേപകരുടെ ആദ്യപട്ടിക കൈപ്പറ്റിയെങ്കിലും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ധൈര്യപ്പെട്ടില്ല. രണ്ടാം പട്ടിക ഒരിക്കലും കിട്ടാതിരിക്കാനുള്ള മുന്‍കരുതലുകളും അന്നത്തെ യു പി എ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായി എന്നതാണ് വസ്തുത.
ഈയൊരു സാഹചര്യത്തിലാണ് 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി കള്ളപ്പണപ്രശ്‌നം കോണ്‍ഗ്രസിനെതിരായി വലിയ പ്രചരണായുധമാക്കി മാറ്റിയത്. എന്നാല്‍ അധികാരത്തിലെത്തിയ മോദി കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. കള്ളപ്പണക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിലും മുഴുവന്‍ പേരുടെയും വിവരങ്ങള്‍ സ്വിസ്‌ബേങ്കുകളില്‍ നിന്നും ശേഖരിക്കാത്തതിലും കോണ്‍ഗ്രസിനെ നിരന്തരമായി കുറ്റപ്പെടുത്തിയ മോദി നിലപാടാകെ മാറ്റുകയായിരുന്നു. ഈ രാഷ്ട്രീയ കാപട്യവും അവസരവാദവും മറച്ചുപിടിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയക്കളിയാണ് ഇപ്പോള്‍ 500-ന്റെയും 1000-ന്റെയും കറന്‍സി നിരോധനത്തിലൂടെ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിനെതിരെ കള്ളപ്പണക്കാരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്താത്തതില്‍ ആക്ഷേപമുയര്‍ത്തിയ മോദി സുപ്രീംകോടതിയെ അറിയിച്ചത് സ്വിസ് ബേങ്കുകളില്‍ നിന്നും ജനീവ സര്‍ക്കാരില്‍ നിന്നും കിട്ടിയ രഹസ്യനിക്ഷേപകരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ്.
അധികാരത്തിലേറിയ ശേഷം മോദിയും അരുണ്‍ജെയ്റ്റ്‌ലിയും കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്താതിരിക്കാനുള്ള വ്യഗ്രതയാണ് കാണിച്ചത്. ഈയൊരു സാഹചര്യത്തിലാണല്ലോ തങ്ങള്‍ സഹകരിക്കാന്‍ തയ്യാറായിട്ടും ഇന്ത്യന്‍ ഭരണാധികാരികളുടെ കള്ളപ്പണക്കാര്‍ക്ക് അനുകൂലമായ മനോഭാവത്തില്‍ സ്വിസ് ഭരണാധികാരികള്‍ അത്ഭുതം പ്രകടിപ്പിച്ചത്. തങ്ങളുടെ കയ്യിലുള്ള 50 പേരുടെ ലിസ്റ്റ് സ്വിറ്റ്‌സര്‍ലണ്ടിന് കൈമാറുമെന്ന് ഔദേ്യാഗികമായി പ്രഖ്യാപിക്കുമ്പോഴും രാഷ്ട്രത്തോട് കള്ളപ്പണക്കാരെ സംബന്ധിച്ച എല്ലാ വിവരങ്ങളും മോദി സര്‍ക്കാറും മറച്ചുപിടിക്കുകയാണ്. കേന്ദ്ര റവന്യൂ സെക്രട്ടറി ശക്തികാന്തദാസിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പിലെ ഉന്നതതല സംഘം ജനീവയില്‍ സ്വസ് ബേങ്ക് അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടും കള്ളപ്പണനിക്ഷേപകരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണ്. സ്വിസ് വിദേശകാര്യ സെക്രട്ടറി ജാക്വീസ്‌വാറ്റ്‌വി സ്വിസ് ബേങ്കിലെ ഇന്ത്യന്‍ നിക്ഷേപകരെക്കുറിച്ചുള്ള ഇന്ത്യ ആവശ്യപ്പെട്ട വിവരങ്ങള്‍ സമയബന്ധിതമായി തരാമെന്ന് ഉറപ്പുനല്‍കിയിരുന്നു. ജാക്വീസ്‌വാറ്റ്‌വി സ്വിസ് ഗവര്‍മെണ്ടിലെ അന്താരാഷ്ട്ര ധനവിഷയങ്ങളുടെ ചുമതലവഹിക്കുന്ന സെക്രട്ടറികൂടിയാണ്.
ഈയൊരു അഴകൊഴമ്പന്‍ സാഹചര്യെത്ത ഉപയോഗപ്പെടുത്തി ഇന്ത്യക്കാരായ കള്ളപ്പണക്കാര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് മറ്റ് വഴികള്‍ തേടുമെന്ന കാര്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. നരേന്ദ്ര മോദി കള്ളപ്പണനിക്ഷേപകര്‍ക്ക് സ്വിസ് ലോക്കറുകളില്‍ നിന്നും പണം പിന്‍വലിച്ച് മറ്റ് വഴികളിലേക്ക് തിരിച്ചുവിടാനുള്ള സൗകര്യം ഒപ്പിച്ചുകൊടുക്കുകയായിരുന്നു എന്ന് സംശയിച്ചാല്‍ ആര്‍ക്കും കുറ്റപ്പെടുത്താനാവില്ല. നരേന്ദ്രമോദി തന്റെ കൈയിലുള്ള ലിസ്റ്റ് പരസ്യപ്പെടുത്തിയില്ലെന്നുമാത്രമല്ല കോടതിക്കു പോലും നല്‍കിയില്ല. കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുള്ള ശ്രമങ്ങള്‍ സ്വിസ് ഗവര്‍മെണ്ടുമായി കാര്യമായി നടത്തിയതുമില്ല.
ഈ കടുത്ത രാജ്യദ്രോഹപരമായ സമീപനം പ്രതിപക്ഷപാര്‍ട്ടികളും മാധ്യമങ്ങളും വിവാദപരമായി ചര്‍ച്ച ചെയ്തതോടെയാണ് മോദിയുടെയും അരുണ്‍ജെയ്റ്റ്‌ലിയുടെയും യഥാര്‍ഥ സ്വഭാവം പുറത്തുചാടിയത്. കോണ്‍ഗ്രസ് വക്താവ് അജയ്മാക്കന്‍ കള്ളപ്പണക്കാരുമായി മോദി ഒത്തുകളിക്കുകയാണെന്ന് പ്രസ്താവന ഇറക്കിയതോടെയാണല്ലോ അരുണ്‍ജെയ്റ്റ്‌ലി കള്ളപ്പണക്കാരുടെ ലിസ്റ്റ് പുറത്തുവന്നാല്‍ കോണ്‍ഗ്രസിനു ബുദ്ധിമുട്ടാകുമെന്ന് പ്രതികരിച്ചത്. ബ്ലാക്ക്മണിയുടെ പേരില്‍ അരുണ്‍ജെയ്റ്റ്‌ലി ബ്ലാക്ക്‌മെയില്‍ നടത്തുകയാണെന്ന ആക്ഷേപം പാര്‍ലമെന്റിനകത്തും പുറത്തും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തു.
കോണ്‍ഗ്രസും ബി ജെ പിയും ഒക്കെ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യയിലെ ഭരണവര്‍ഗനേതാക്കള്‍ കള്ളപ്പണനിക്ഷേപകരുടെ പട്ടികയില്‍ ഉണ്ടെന്നകാര്യം ഇന്ന് അരമന രഹസ്യമല്ല. അങ്ങാടിപ്പാട്ടാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉന്നതര്‍ അഴിമതിയിലൂടെയും മറ്റ് അനധികൃത മാര്‍ഗങ്ങളിലൂടെയും സമ്പാദിക്കുന്ന പണം നമ്മുടെ നിയമങ്ങള്‍ ബാധകമല്ലാത്ത വിദേശബേങ്കുകളിലേക്ക് ഒഴുക്കുകയാണ്. ഇതെല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. ഇന്ത്യയിലെ വന്‍കിട കുത്തകകള്‍ക്കും മാഫിയ മൂലധന ശക്തികള്‍ക്കും സ്വിസ് ബേങ്കില്‍ നിക്ഷേപമുണ്ട്. ആയുധകള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, ഭൂമിക്കച്ചവടം, റിയല്‍എസ്റ്റേറ്റ് വ്യാപാരം തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടനവധി സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെ സ്വരൂപിക്കപ്പെടുന്ന അധോലോക സമ്പദ്ഘടന ഇന്ത്യയില്‍ ശക്തമാണ്. സാര്‍വദേശിയ ബന്ധമുള്ള അധോലോക സമ്പദ്ഘടനയുടെ പ്രവാഹ കുഴലുകളായിട്ടാണ് ഹവാലകണ്ണികള്‍ തഴച്ചുപടരുന്നത്. കോണ്‍ഗ്രസിലെയും ബി ജെ പിയിലെയും പല ഉന്നതരും ഇത്തരം കറുത്ത സാമ്പത്തിക ശക്തികളുടെ സംരക്ഷകരാണെന്നതാണ് പരസ്യമായ രഹസ്യം.

Latest