Connect with us

Kerala

കൊട്ടേഷന്‍ കേസ്: സക്കീറിന് കോടതി ജാമ്യം നിഷേധിച്ചു

Published

|

Last Updated

കൊച്ചി: വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശ്ശേരി എരിയാ മുന്‍ സെക്രട്ടറി സക്കീര്‍ ഹുസൈന് കോടതി ജാമ്യം നിഷേധിച്ചു. കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസട്രേറ്റിന്റെതാണ് ഉത്തരവ്. ഇന്ന് രാവിലെ പോലീസില്‍ കീഴടങ്ങിയ സക്കീറിനെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതിയില്‍ സക്കീറിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. തുടര്‍ന്ന് സക്കീറിനെ ഡിസംബര്‍ ഒന്ന് വരെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സക്കീറിനെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന സക്കീര്‍ വ്യാഴാഴ്ച രാവിലെ പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു സക്കീര്‍. കേസില്‍ പെട്ടതോടെയാണ് സക്കീറിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്.

സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ കീഴടങ്ങാനായിരുന്നു കോടതി നിര്‍ദേശം. കേസില്‍ ഒന്നാം പ്രതിയാണ് സക്കീര്‍ ഹുസൈന്‍. കേസിലെ രണ്ടും മൂന്നും പ്രതികളായ കറുകപ്പള്ളി സിദ്ധീഖും ഫൈസലും റിമാന്‍ഡിലാണ്.

Latest