Connect with us

Editorial

വിവാഹ മാമാങ്കങ്ങള്‍ക്ക് നിയന്ത്രണം വേണം

Published

|

Last Updated

നോട്ട് നിരോധം രാജ്യത്ത് സൃഷ്ടിച്ച ദുരിതങ്ങള്‍ക്കിടെ 500 കോടി ചെലവില്‍ ഒരു അത്യാഡംബര വിവാഹം അരങ്ങേറുകയുണ്ടായി ബംഗളുരുവില്‍. ബി ജെ പി നേതാവും കര്‍ണാടക മുന്‍മന്ത്രിയുമായ ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹത്തിന് പതിനാറാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായരുടെ വിജയ നഗര സാമ്രാജ്യത്തിലെ സുവര്‍ണ കൊട്ടാത്തിന് സമാനമായ പന്തലാണ് 150 കോടി രൂപ ചെലവില്‍ ബംഗളുരു പാലസ് ഗ്രൗണ്ടില്‍ സജ്ജീകരിച്ചത്. വധു അണിഞ്ഞ സാരിയുടെ വില 17 കോടി രൂപ. അതിഥികളുടെ താമസത്തിനും മറ്റു സൗകര്യത്തിനുമായി 50 കോടിയും. ബംഗളൂരു നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അതിഥികള്‍ക്കായി 1,500 ലക്ഷ്വറി റൂമുകളും അവരെ കല്യാണ പന്തലിലേക്ക് കൊണ്ട് വരാനായി 2,000ത്തോളം ആഡംബര ടാക്‌സികളുമാണ് ബുക്ക് ചെയ്തത്. വിശിഷ്ടാതിഥികളെ വേദിയില്‍ എത്തിക്കുന്നതിന് പാലസ് ഗ്രൗണ്ടില്‍ 15 ഹെലിപാഡുകളും തയാറാക്കി. കുടുംബക്കാര്‍ ചേര്‍ന്ന് അഭിനയിച്ച വീഡിയോ അടക്കം ചെയ്ത എല്‍ സി ഡി ക്ഷണക്കത്താണ് മറ്റൊരു സവിസേഷത. 20,000 രൂപയാണ് ഒരു ക്ഷണക്കത്തിന്റെ വില.
കോടികള്‍ മുടക്കിയുള്ള അത്യാഡംബര വിവാഹം ഒരു ട്രന്റായി മാറിയിട്ടുണ്ട് രാജ്യത്തെ പണക്കാര്‍ക്കും സമ്പന്നര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമിടയില്‍. സമ്പന്നതയും സാമ്പത്തിക സ്വാധീനവും മാറ്റുരക്കാനുള്ള മത്സരവേദിയാണിന്ന് വിവാഹച്ചടങ്ങുകള്‍. മറ്റുള്ളവരെ കവച്ചു വെക്കാനുള്ള വെമ്പലില്‍ വിവാഹ വേദികള്‍ക്കും വിഭവങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമെല്ലാം ചെലവിടുന്നത് കോടികളാണ്. മഹാരാഷ്ട്ര നഗര വികസന മന്ത്രിയായിരുന്ന ഭാസ്‌കര്‍ ജാദവ് പൂനെയിലെ ചിപ്ലണില്‍ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്താരമുള്ള വേദിയും അതിഥികള്‍ക്ക് എത്തിച്ചേരാന്‍ 22 ഹെലിപാഡുകളും ഒരുക്കിയായിരുന്നു മക്കളുടെ വിവാഹം നടത്തിയത്. ഒരു ലക്ഷം പേര്‍ പങ്കെടുത്ത ചടങ്ങിന് 60ല്‍ പരം വിഭവങ്ങളും തയാര്‍ ചെയ്തിരുന്നു. ധൂര്‍ത്ത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന രവി പിള്ളയുടെ മകള്‍ ഡോ. ആരതിയും ഡോ. ആദിത്യയും വിഷ്ണുവും തമ്മിലുള്ള വിവാഹം. ഇതിനായി പിള്ള വാരിവിതറിയത് 55 കോടി രൂപയായിരുന്നു. കൊല്ലം ആശ്രമം മൈതാനത്ത് 23 കോടി രൂപ ചെലവില്‍ രാജകൊട്ടാരങ്ങളുടെ അകത്തളത്തിന് സമാനമായ സെറ്റായിരുന്നു ചടങ്ങുകള്‍ക്കായി സജ്ജീകരിച്ചിരുന്നത്.
ധൂര്‍ത്തിനും ആഡംബര വിവാഹങ്ങള്‍ക്കുമെതിരെ നെടുനീളന്‍ പ്രസംഗം നടത്തുകയും ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. സമ്പന്നരുടെ അത്യാഡംബര വിവാഹങ്ങളില്‍ പങ്കെടുത്ത് ആശീര്‍വാദങ്ങള്‍ അര്‍പ്പിക്കാനും ഇവര്‍ മുന്‍പന്തിയിലുണ്ടാകും. രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു രവി പിള്ളയുടെ മകളുടെ ആര്‍ഭാട വിവാഹത്തിന്. രണ്ട് വര്‍ഷം മുമ്പ് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി വിവാഹധൂര്‍ത്തിനെതിരെ സംസ്ഥാന തലത്തില്‍ ക്യാമ്പയില്‍ സംഘടിപ്പിക്കുകയുണ്ടായി. ആഡംബര വിവാഹങ്ങളില്‍ നിന്ന് പാര്‍ട്ടി നേതാക്കളും മന്ത്രിമാരും വിട്ടുവില്‍ക്കണമെന്ന ആഹ്വാനത്തോടെയായിരുന്നു ക്യാമ്പയിന്‍. ഇതിനുടനെയാണ് തിരുവനന്തപുരത്ത് ജില്ലാ നേതാവിന്റെ മകളുടെ അത്യാഡംബര വിവാഹം നടന്നത്. പാര്‍ട്ടിയുടെ സമുന്നത നേതാക്കളെല്ലാം ചടങ്ങിനെത്തി. ക്യാമ്പയിന് ശേഷം നടന്ന പാര്‍ട്ടി മന്ത്രിയുടെ മകളുടെ കല്യാണവും ധൂര്‍ത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടു. അയല്‍പക്ക കുടുംബങ്ങള്‍ക്ക് നേരെ കണ്ണടച്ചും അവഗണിച്ചുമാണ് പല സമ്പന്നരും വിവാഹ മാമാങ്കങ്ങള്‍ക്ക് ദശലക്ഷങ്ങളും കോടികളും ധൂര്‍ത്തടിക്കുന്നത്. സാധാരണക്കാരെയും പാവപ്പെട്ടവരെയും അടുപ്പിക്കാറുമില്ല അത്തരം ചടങ്ങികളിലക്കൊന്നും. ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ വിവാഹ വേദിയില്‍ പൊതുജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.
കടുത്ത നിയന്ത്രണം ആവശ്യമാണ് ഇത്തരം മാമാങ്കങ്ങള്‍ക്കും ധൂര്‍ത്തിനും. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ വിവാഹ ചടങ്ങില്‍ പരമാവധി 25 പേരെ മാത്രമേ പങ്കെടുപ്പിക്കാകൂ എന്ന നിയമം നടപ്പാക്കിയിരുന്നു അന്നത്തെ ബ്രിട്ടീഷ് ഭരണ കൂടം. 25ല്‍ കൂടുതല്‍ പേര്‍ക്ക് സദ്യ നല്‍കുന്നത് ശിക്ഷാര്‍ഹമായിരുന്നു. സാമ്പത്തികമായി ഏറെ വളര്‍ച്ച കൈവന്ന നിലവിലെ സാമൂഹിക തലത്തില്‍ ഇത്തരം നിയമങ്ങള്‍ പ്രായോഗികമല്ലെങ്കിലും വിവാഹ ചടങ്ങുകള്‍ക്ക് പരമാവധി ചെലവിടുന്ന തുകക്ക് പരിധി നിശ്ചയിക്കേണ്ടതുണ്ട്. സംസ്ഥാന വനിതാ കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. അഴിമതിയിലൂടെയും നിയമവിരുദ്ധമായും സമ്പാദിച്ച കള്ളപ്പണം പുറത്തെടുക്കാനുള്ള അവസരമാണ് പല രാഷ്ട്രീയ നേതാക്കള്‍ക്കും മക്കളുടെ വിവാഹ ചടങ്ങുകളും ആഘോഷങ്ങളും. കള്ളപ്പണം തടയാനെന്ന പേരില്‍ സാധാരണക്കാരുടെ ചങ്കിന് പിടിക്കുന്ന ഭരണ നേതൃത്വങ്ങള്‍ ഇതറിയാത്ത ഭാവം നടിക്കുകയാണ്.

Latest