Connect with us

Articles

അവര്‍ക്ക് എന്തും ആക്ഷേപിക്കാം

Published

|

Last Updated

സഹകരണമേഖലയെ ആകെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢലക്ഷ്യവുമായി ഒരുമ്പെട്ടിറങ്ങിയവരെ ഏതു വിധേനയും പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു. ഇതിനായി കേരളം ഒറ്റകെട്ടായി പൊരുതണം. ഈ സമരത്തിനു പ്രതിപക്ഷനേതാക്കളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ചെറുചെറു നിക്ഷേപങ്ങള്‍ കൂടിചേര്‍ന്നുള്ള സഹകരണ സ്ഥാപനങ്ങളെ കള്ളപ്പണത്തിന്റെ നിക്ഷേപ കേന്ദ്രമെന്ന് ആക്ഷേപിക്കുന്നത് ഇവയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ യാതൊരു പങ്കാളിത്തവും വഹിക്കാത്തവരാണ് അവിടം കള്ളപണത്തിന്റെ കേന്ദ്രമാണെന്നു പറയുന്നത്. എന്തൊരസംബന്ധമാണത്?
ഈ നാട്ടിലെ സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണു സഹകരണ സ്ഥാപനങ്ങള്‍. ഇവിടെ വാണിജ്യ ബേങ്കുകള്‍ കാര്‍ഷിക വായ്പ കൊടുക്കുന്നതു സ്വര്‍ണം ഈട് വാങ്ങിയാണ്. എന്നാല്‍ അതൊന്നുമില്ലാതെ കര്‍ഷകന് അത്താണിയാകുന്നതു സഹകരണ സ്ഥാപനങ്ങളാണ്. ഒരു കുടുംബത്തിലെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളില്‍ സാധാരണക്കാരനൊപ്പം സഹായിയായി നില്‍ക്കുന്നത് ഇന്നാട്ടിലെ സഹകരണ സ്ഥാപനങ്ങളാണ്. ഒരോ കുടുംബവുമായും അത്രമാത്രം ഇഴചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് അവ. നബാര്‍ഡ് നിശ്ചയിച്ച മാനദണ്ഡമനുസരിച്ചു വായ്പ നല്‍കുന്ന സഹകരണ സ്ഥാപനങ്ങള്‍ അവയുടെ സ്വന്തം ഫണ്ടാണു വായ്പയായി നല്‍കുന്നത്. ആ പണം ഇവിടത്തെ സാധാരണക്കാരുടെ നിക്ഷേപമാണ്. വായ്പ നല്‍കലും നിക്ഷേപം സ്വീകരിക്കലും മാത്രമല്ല സഹകരണ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. അവശ്യ സാധനങ്ങള്‍ക്ക് വില കയറുമ്പോള്‍ കണ്‍സ്യുമര്‍ ഫെഡിന്റെ ന്യായവില സ്‌റ്റോറുകളിലൂടെയും തീവിലയുള്ള മരുന്നുകള്‍ നീതി സ്‌റ്റോറുകള്‍ വഴിയും വില കുറച്ചു കൊടുക്കുന്നത് സഹകരണ സ്ഥാപനങ്ങളാണ്. വൃക്ക രോഗികള്‍ക് ഡയലിസിസിനുള്ള സൗകര്യംവരെ ഒരുക്കി നല്‍കുന്ന സഹകരണ സ്ഥാപനങ്ങളാണ് നമുക്കുള്ളത്. ഈ സ്ഥാപനങ്ങളെയാണ് തകര്‍ക്കാന്‍ നോക്കുന്നത്.
കളളപ്പണം തടയുന്നതില്‍ ഇവിടെയാരും എതിരല്ല. അതിന് ഒരു രാത്രിയില്‍ നിലവിലുള്ള 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയാണോ ചെയ്യുക? മുന്നൊരുക്കമൊന്നുമില്ലാതെ നടത്തിയ ആ നടപടിയല്ലേ ഇന്നു രാജ്യമാകെ നേരിടുന്ന പ്രതിസന്ധിക്ക് ഇടയാക്കിയത്? ഇത്തരം നടപടി ഒരു സമചിത്തതയുള്ള ഭരണാധികാരിക്ക് ചേര്‍ന്നതാണോയെന്നു മാത്രം ആലോചിച്ചാല്‍ മതി. നോട്ട് അസാധുവാക്കിയ ഘട്ടത്തില്‍ ജില്ലാ സഹകരണ ബേങ്കുകള്‍ക്ക് പണം സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അനുമതി നല്‍കണമെന്ന് ഞാനും ധനമന്ത്രിയും കേന്ദ്ര ധനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടത്. അതു പരിഗണിക്കാമെന്നാണു പറഞ്ഞെങ്കിലും വൈകിട്ടു ജില്ലാ സഹകരണബാങ്കുകളെ പോലും വിനിമയത്തില്‍ നിന്നു വിലക്കുകയാണുണ്ടായത്. അതിന് പിന്നില്‍ ആരാണ്? കേരളീയര്‍ വൃത്തിയായി ഭക്ഷണം കഴിക്കുന്നതും വസ്ത്രം ധരിക്കുന്നതും ആര്‍ഭാടമാണെന്നു ബി ജെ പിയും ആര്‍ എസ് എസും പറയുന്നു. ഇവിടെ അധ്വാനിനിച്ചാല്‍ അര്‍ഹമായ കൂലികിട്ടുന്നുണ്ട്. ഇവിടത്തെ സംഘടിതമായ തൊഴിലാളി സംഘടനകളുടെ നാളിതുവരെയുള്ള പോരാട്ടമാണ് സാധാരണക്കാരുടെ ജീവിതനിലവാരമുയര്‍ത്തിയിട്ടുള്ളത്. അതിലൊന്നും ഒരു പങ്കും പറ്റാനില്ലാത്തവര്‍ക്ക് എന്തു വേണമെങ്കിലും ആക്ഷേപിച്ച് പറയാം. അവകാശ പോരാട്ടം നടത്തുന്ന തൊഴിലാളികളെ ശാരീരികമായി നേരിട്ട ചരിത്രമുള്ള ആര്‍ എസ് എസിന് ഇതിലപ്പുറം പറയാനും കഴിയില്ല. അവരാണ് സഹകരണ സ്ഥാപനങ്ങളില്‍ കള്ളപ്പണമാണെന്ന് പ്രചരിപ്പിച്ചു നമ്മുടെ നാടിന്റെ യശസ്സും തനിമയുമാര്‍ന്ന സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും സഹകരണ പ്രതിസന്ധി മറികടക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗവും 21ന് സര്‍വകക്ഷിയോഗവും ചേരും.

(സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തിരുവനന്തപുരം റിസര്‍വ് ബാങ്കിനു മുന്നില്‍ മറ്റു മന്ത്രിമാര്‍ക്കും ഇടത് നേതാക്കള്‍ക്കുമൊപ്പം നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തുനടത്തിയ പ്രസംഗം)

കേരള മുഖ്യമന്ത്രി

---- facebook comment plugin here -----

Latest