Connect with us

National

ജഡ്ജി നിയമനം: കേന്ദ്രം മടക്കി അയച്ച പേരുകള്‍ സുപ്രീം കോടതി തിരിച്ചയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറും സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ച ലിസ്റ്റ് ജഡ്ജിമാരുടെ കൊളീജിയം വീണ്ടും സര്‍ക്കാറിന് അയച്ചു. സുപ്രീംകോടതി കൊളീജിയം നിര്‍ദേശിച്ച 43 ജഡ്ജിമാരുടെ നിയമന ശിപാര്‍ശകള്‍ തിരിച്ചയച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രവുമല്ല ഇവരുടെ നിയമനം അംഗീകരിക്കണമെന്ന് വീണ്ടും ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും കോടതി ഇന്നലെ ആവശ്യപ്പെട്ടു.

43 പേരുടെ ലിസ്റ്റാണ് കൊളീജിയം നേരത്തെ കേന്ദ്രത്തിന് അയച്ചിരുന്നത്. ഇത് കേന്ദ്രം സുപ്രീം കോടതിക്ക് മടക്കി അയച്ചിരുന്നു. എന്നാല്‍ കൊളീജിയം വീണ്ടും ചേര്‍ന്നാണ് സര്‍ക്കാറിന് ജഡ്ജിമാരുടെ ലിസ്റ്റ് വീണ്ടും അയക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ സേവനം അനുഷ്ടിക്കുന്ന ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള കൊളീജിയത്തിന്റെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. പട്ടികയില്‍ നിന്ന് 34 പേരുടെ നിയമനം അംഗീകരിച്ചുവെങ്കിലും 43 പേരുടെ നിയമന ശിപാര്‍ശ തള്ളിക്കളഞ്ഞിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിന് നേരത്തെ കൊളീജിയം ശിപാര്‍ശ ചെയ്ത പേരുകളില്‍ ചിലരെ മാത്രമേ അംഗീകരിച്ചിട്ടുള്ളൂവെന്ന് അറ്റോണി ജനറല്‍ മുകുള്‍ രോഹ്തഗി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കൂടാതെ അവശേഷിക്കുന്നവരുടെ നിയമനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തിരച്ചയക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കാരണം വ്യക്തമാക്കിയിരുന്നില്ല. പകരം ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കരട് റിപ്പോര്‍ട്ടാണ് കേന്ദ്രം കൊളീജിയത്തിന് കൈമാറിയത്. എന്നാല്‍ ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഈ പേരുകള്‍ വീണ്ടും കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനക്ക് അയക്കുമെന്നും ജസ്റ്റിസ് ടി എസ് ടാക്കൂര്‍, ജസ്റ്റിസ് എ ആര്‍ ധവെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, ജഡ്ജിമാരുടെ നിയമനം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വിശദീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പുതുതായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. നിയമന നടപടികള്‍ ഇനിയും വൈകിയാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെയുള്ളവരെ കോടതിയില്‍ വരുത്തേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.