Connect with us

Kerala

ആര്‍ ബി ഐക്ക് മുന്നില്‍ പ്രതിഷേധമിരമ്പി

Published

|

Last Updated

സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ മന്ത്രിമാര്‍ തിരുവനന്തപുരം റിസര്‍വ് ബേങ്ക് മേഖലാ ഓഫീസിന് മുന്നില്‍  നടത്തിയ സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യവേ വേദിയിലെത്തിയ സി പി എം ജനറല്‍  സെക്രട്ടറി സീതാറാം യെച്ചൂരിയെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കുന്നു

സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ മന്ത്രിമാര്‍ തിരുവനന്തപുരം റിസര്‍വ് ബേങ്ക് മേഖലാ ഓഫീസിന് മുന്നില്‍
നടത്തിയ സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യവേ വേദിയിലെത്തിയ സി പി എം ജനറല്‍
സെക്രട്ടറി സീതാറാം യെച്ചൂരിയെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കുന്നു

തിരുവനന്തപുരം: സഹകരണ ബേങ്കുകളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതു നേതാക്കളും സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ പ്രതിഷേധമിരമ്പി. സഹകരണ ബേങ്കുകളോടുള്ള കേന്ദ്ര നിലപാടിനെതിരേ ശക്തമായ പ്രതിഷേധമാണ് ആര്‍ ബി ഐ ഓഫീസിനു മുന്നില്‍ കണ്ടത്. സെക്രട്ടേറിയറ്റില്‍ രാവിലെ എത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും രക്തസാക്ഷി മണ്ഡപത്തിലെത്തി അവിടെ നിന്ന് പ്രകടനമായാണ് ആര്‍ ബി ഐ ഓഫീസിന് മുന്നിലെത്തിയത്. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ സത്യഗ്രഹത്തിന് അഭിവാദ്യം അര്‍പ്പിക്കാനെത്തി.
സഹകരണ മേഖലയെ ആകെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢലക്ഷ്യവുമായി ഇറങ്ങിയവരെ പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുന്നൊരുക്കമൊന്നുമില്ലാതെ നടത്തിയ നടപടിയാണ് രാജ്യമാകെ നേരിടുന്ന പ്രതിസന്ധിക്ക് ഇടയാക്കിയതെന്നും സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
സമ്പദ്ഘടനയെ അരാജകത്വത്തിലാക്കുന്ന നയമാണ് മോദി സര്‍ക്കാറിന്റേതെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നാല്‍പ്പത് പേര്‍ ആത്മഹത്യ ചെയ്തു. സഹകരണ മേഖലയെ തകര്‍ത്തതിലൂടെ കേരളത്തിന്റെ സമ്പദ്ഘടന തന്നെ പ്രതിസന്ധി നേരിടുന്നു. പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് മോദി സര്‍ക്കാറിന്റെ ഈ നയത്തിനെതിരെ യോജിച്ച പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരണം. മോദിയുടെ ഫാസിസ്റ്റ് നിലപാടിന്റെ പ്രതിഫലനമാണ് പുതിയ നീക്കമെന്നും യെച്ചൂരി പറഞ്ഞു.
മോദിയുടേത് ഭ്രാന്തന്‍ തീരുമാനമാണെന്ന് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങള്‍ വരിയില്‍ നിന്ന് നരകിക്കുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ വരി നില്‍ക്കും. അന്ന് അവര്‍ മോദിയുടെ നെഞ്ചത്ത് ചാപ്പകുത്തുമെന്നും വി എസ് പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖല നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന്്് സത്യഗ്രഹത്തെ അഭിസംബോധന ചെയ്ത സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
കള്ളപ്പണം തടയുന്നതില്‍ ചെറുവിരലനക്കാത്ത സര്‍ക്കാറാണ് മോദിയുടേത്. അധ്വാനിച്ചുണ്ടാക്കുന്ന പണം തിരിച്ചെടുക്കാന്‍ ജനങ്ങള്‍ക്ക്്് അവസരമുണ്ടാകണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
രാവിലെ പത്തിന് ആരംഭിച്ച സത്യഗ്രഹത്തിന് അഭിവാദ്യമര്‍പ്പിക്കുന്നതിന് രാവിലെ മുതല്‍ തന്നെ നൂറുകണക്കിന് പേര്‍ എത്തിയിരുന്നു. മന്ത്രി മാത്യു ടി തോമസ്, എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ എന്നിവരും മറ്റ് ഇടതു മുന്നണി നേതാക്കളും സത്യഗ്രഹത്തെ അഭിസംബോധന ചെയ്തു.

Latest