Connect with us

National

പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി മറികടക്കാന്‍ പെട്രോള്‍ പമ്പുകളെ ഉപയോഗപ്പെടുത്തി പുതിയ പരീക്ഷണത്തിന് ധനമന്ത്രാലയം. പമ്പുകളില്‍ നിന്ന് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാം. നിലവില്‍ രാജ്യത്തെ 686 പെട്രോള്‍ പമ്പുകളിലാണ് സേവനം തുടങ്ങിയത്. വരും ദിവസങ്ങളില്‍ രണ്ടായിരം പമ്പുകളില്‍ ഈ സേവനം ലഭ്യമാകുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. ഒരു കാര്‍ഡ് ഉപയോഗിച്ച് ഒരു ദിവസം രണ്ടായിരം രൂപ വരെയാണ് പിന്‍വലിക്കാന്‍ സാധിക്കുക.
നിരോധിച്ച ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിലവില്‍ പെട്രോള്‍ പമ്പുകളില്‍ സ്വീകരിക്കുന്നുണ്ട്. ഈ മാസം 24 വരെയാണ് പഴയ നോട്ടുകള്‍ പമ്പുകളില്‍ സ്വീകരിക്കുക. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 350, ബി പി സി എല്ലിന്റെ 266, എച്ച് പി സി എല്ലിന്റെ എഴുപത് ഔട്ട്‌ലെറ്റുകളിലാണ് നിലവില്‍ പണം പിന്‍വലിക്കാനുള്ള സംവിധാനമുള്ളത്. എസ് ബി ഐയുമായി സഹകരിച്ചാണ് പമ്പുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സംവിധാനമൊരുക്കിയത്. പൊതുമേഖലാ എണ്ണക്കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എസ് ബി ഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Latest