Connect with us

National

ആരോഗ്യം മെച്ചപ്പെട്ടു; ജയലളിതയെ പ്രത്യേക മുറിയിലേക്ക് മാറ്റി

Published

|

Last Updated

ചെന്നൈ: ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയിലെ തീവ്ര പരിചണ വിഭാഗത്തില്‍ (സി സി യു) നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റിയതായി എ ഐ എ ഡി എം കെ നേതാക്കള്‍ അറിയിച്ചു.
പനിയും നിര്‍ജലീകരണവും കാരണം കഴിഞ്ഞ സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ യഥാര്‍ഥ വിവരം പുറത്തുവിടാത്തതിനെ തുടര്‍ന്ന് ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് സംസ്ഥാനത്ത് പല കിംവദന്തികളും പ്രചരിച്ചിരുന്നു. പിന്നീടാണ് ഇത് സംബന്ധിച്ച അല്‍പ്പം ചില വിവരങ്ങളെങ്കിലും പുറത്തുവിടാന്‍ ആശുപത്രി അധികൃതരും പാര്‍ട്ടിവൃത്തങ്ങളും തയ്യാറായത്.
അതിനിടെ, ജയലളിത ആരോഗ്യം പൂര്‍ണമായും തിരിച്ചെടുത്തതായി ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു. അണുബാധ തടയുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോഴും അവരെ സി സി യുവില്‍ നിന്ന് മാറ്റാത്തത് എന്നും ആശുപത്രി ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഢി വിശദീകരിച്ചിരുന്നു. അതിനിടെയാണ്, ജയലളിതയെ ആശുപത്രിയിലെ സ്വാകാര്യ മുറിയിലേക്ക് മാറ്റിയ കാര്യം പാര്‍ട്ടി നേതൃത്വം സ്ഥിരീകരിച്ചത്. എന്നാല്‍, എത്ര ദിവസം കൂടി ജയലളിതക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന കാര്യം നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. പൂര്‍ണ ആരോഗ്യവതിയായ “അമ്മ”യുടെ തിരിച്ചുവരവ് പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണെന്ന് എ ഐ എ ഡി എം കെ വക്താവ് സി ആര്‍ സരസ്വതി പറഞ്ഞു. “ഇന്നാണ് ഞങ്ങളുടെ ദീപാവലി. ഞങ്ങളുടെ സന്തോഷത്തിന് അതിരുകളില്ല. അമ്മ വൈകാതെ വീട്ടിലെത്തും”- സരസ്വതി കൂട്ടിച്ചേര്‍ത്തു.
ഈ മാസം 13ന് പുറത്തുവന്ന ജയലളിത ഒപ്പിട്ട ഔദ്യോഗിക കുറിപ്പില്‍, തനിക്ക് ലഭിച്ചത് പുനര്‍ജന്മമാണെന്നും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജനം പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നും അവര്‍ പ്രസ്താവിച്ചിരുന്നു.

Latest