Connect with us

Kerala

കാരുണ്യ ഫണ്ട് അഴിമതി ആരോപണം: ഉമ്മന്‍ ചാണ്ടിക്കും മാണിക്കും എതിരെ അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: കാരുണ്യ ബനവലന്റ് ഫണ്ട് അഴിമതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ എം മാണിക്കുമെതിരെ വിജിലന്‍സ് അന്വേഷണം. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കാരുണ്യ ഫണ്ടിന്റെ മറവില്‍ ലോട്ടറി വിറ്റ് പിരിച്ചെടുത്ത 1,600 കോടിയില്‍പ്പരം രൂപ കാണാതായത് സംബന്ധിച്ച കേസിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ധനമന്ത്രി കെ എം മാണി, ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന കെ എം എബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. സി പി ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം ജി സുരേഷ്‌കുമാര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
അര്‍ബുദം, ഹൃദ്രോഗം, ഹീമോഫീലിയ, വൃക്കരോഗം തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ചികിത്സാ സഹായമായി അഞ്ഞൂറ് കോടി രൂപ 2015 ജൂലൈ വരെ വിതരണം ചെയ്തപ്പോള്‍, ലോട്ടറി വിറ്റ് പിരിച്ചെടുത്ത 1600 കോടിയില്‍പ്പരം രൂപ അധികൃതര്‍ മുക്കിയതായാണ് പരാതി.
കാരുണ്യ ബനവലന്റ് ഫണ്ട് വിനിയോഗം സംബന്ധിച്ച് സ്റ്റാറ്റിയൂട്ടറി ഓഡിറ്റിംഗിനു പോലും വിധേയമാക്കാതെയാണ് ക്രമക്കേടുകള്‍ നടക്കുന്നതെന്നും ഹരജിക്കാരന്‍ വാദിച്ചു. സര്‍ക്കാര്‍ നടത്തുന്ന വിവിധ ധന ക്രയവിക്രയങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തേണ്ട സി എ ജി പരിശോധന നടത്തിയില്ലെന്നും ആക്ഷേപം ഉയര്‍ന്നു. 2015 മാര്‍ച്ച് 31 വരെയുള്ള കാരുണ്യ ലോട്ടറിയുടെ വിറ്റുവരവ് 1949.69 കോടി രൂപയായിരുന്നു. ഇതില്‍ 418.03 കോടി രൂപ മാത്രമാണ് ചികിത്സാ സഹായമായി വിതരണം ചെയ്തതെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ശേഷിക്കുന്ന തുക എങ്ങോട്ട് ഒഴുകിയെന്നതിന്റെ തെളിവുകള്‍ സര്‍ക്കാറിന്റെയോ ലോട്ടറി വകുപ്പിന്റെയോ പക്കലില്ലായിരുന്നു.
ലോട്ടറി പ്രിന്റിംഗ് ചാര്‍ജ്, നികുതി, സമ്മാന വിതരണം, ഏജന്റുമാരുടെ കമ്മീഷന്‍ എന്നിവ നല്‍കി കഴിഞ്ഞ ശേഷമാണ് കാരുണ്യ ബനവലന്റ് ഫണ്ടിലേയ്ക്ക് 418.03 കോടി രൂപ നിക്ഷേപിച്ചത്. ഇതില്‍ നിന്ന് കാരുണ്യ ലോട്ടറിയുടെ പരസ്യത്തിനായി ചലച്ചിത്ര അഭിനേതാക്കള്‍ക്കും മറ്റുമായി സര്‍ക്കാര്‍ നല്‍കിയെന്ന് അവകാശപ്പെടുന്നത് 1.30 കോടിയില്‍പ്പരം രൂപയാണ്. എന്നാല്‍, കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിച്ച പ്രമുഖ ചലച്ചിത്ര നടന്മാരും മറ്റു പ്രമുഖ താരങ്ങളും പ്രതിഫലം കൈപ്പറ്റിയതുമില്ല. കാരുണ്യ പദ്ധതി പ്രകാരം 2015 മാര്‍ച്ച് 31 വരെ ആനുകൂല്യം ലഭിച്ചത് 71,601 പേര്‍ക്കാണ്. സഹായം ലഭിച്ചതില്‍ എ പി എല്‍, ബി പി എല്‍ തിരിച്ചുള്ള തുക എത്രയെന്നുള്ള രേഖകള്‍ സര്‍ക്കാര്‍ പൂഴ്ത്തിയതായും ആരോപണമുണ്ട്.