Connect with us

National

നികുതി അടക്കാന്‍ പഴയ നോട്ട് ഉപയോഗിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനത്ത് എല്ലാതരം നികുതികളും അടക്കുന്നതിന് പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതു സംബന്ധിച്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് തോമസ് ഐസക് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 24ാം തീയതി വരെയുള്ള ഉത്തരവാണ് പുറപ്പെടുവിക്കുന്നതെങ്കിലും നോട്ട് പ്രതിസന്ധിക്ക് പരിഹാരമാകുന്ന സമയം വരെ അത് നീട്ടിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ നോട്ടുകള്‍ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നികുതി സ്വീകരിക്കാമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി സംസാരിച്ച് ഉറപ്പ് വരുത്തിയിതിന് ശേഷമാണ് ധനമന്ത്രി പ്രസ്താവന നടത്തിയത്. നികുതി കുടിശ്ശിക അടക്കുന്നതിന് പുറമെ സീസണ്‍ ടിക്കറ്റുകള്‍ പുറത്തിറക്കി കെ എസ് ആര്‍ ടി സിക്കും പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സൗകര്യമേര്‍പ്പെടുത്താം.
നോട്ട് പ്രതിസന്ധി സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. വാറ്റ്, രജിസ്ട്രേഷന്‍, മോട്ടോര്‍ വാഹന രജിസ്ട്രേഷന്‍ തുടങ്ങിയ വരുമാനങ്ങളെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. എന്നാല്‍, കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതികളെ ഇത് ബാധിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കുന്നതിന് ഗ്രാന്റായോ വായ്പയായോ കേന്ദ്രത്തില്‍ നിന്ന് പണം ലഭ്യമാക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും നോട്ട് റദ്ദാക്കിയതിനെ തുടര്‍ന്ന് സംസസ്ഥാന സര്‍ക്കാറിനുണ്ടായ നഷ്ടം കണക്കാക്കുന്നതിന് സമിതിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കുമെന്നും ഐസക് പറഞ്ഞു. ദീര്‍ഘകാല നഷ്ടം, ഹ്രസ്വകാല നഷ്ടം കണക്കാക്കിയാണ് സമിതി പഠനം നടത്തുക. കേന്ദ്ര സഹായം ലഭ്യമാകാതിരുന്നാല്‍ ക്രിസ്മസ് ഉള്‍പ്പെടെയുള്ള ഉത്സവകാലത്ത് വരുന്ന ചെലവ് വഹിക്കാന്‍ സര്‍ക്കാറിന് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളം നല്‍കാന്‍ പണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ട് പ്രതിസന്ധി ഡിസംബര്‍ മുപ്പതിനപ്പുറത്തേക്ക് നീണ്ടേക്കും. ഒരു നോട്ട് അച്ചടിക്കാന്‍ 21 ദിവസം ആവശ്യമാണ്. 16 സുരക്ഷാ സംവിധാനങ്ങള്‍ നോട്ടിലുണ്ട്. അതെല്ലാം ഉറപ്പുവരുത്തിയാണ് അച്ചടിക്കുന്നത്. താത്കാലിക തിരിച്ചടിയുണ്ടായാലും പലിശ നിരക്ക് കുറയുകയും സാമ്പത്തിക മേഖല അതിവേഗത്തില്‍ വളരുകയും ചെയ്യും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവകാശപ്പെടുന്നത്.
എന്നാല്‍, പലിശ കുറഞ്ഞാലും നിക്ഷേപം കൂടണമെന്നില്ല. ജപ്പാനില്‍ പൂജ്യം ശതമാനമാണ് പലിശ. എന്നാല്‍, അവിടെ നിക്ഷേപം കൂടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സഹകരണ ബേങ്കുകളെ സംരക്ഷിക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ കൈക്കൊള്ളുമെന്നും ധനമന്ത്രി പറഞ്ഞു.

Latest