Connect with us

Articles

മത്സ്യ മേഖല വെല്ലുവിളികളെ അതിജയിക്കും

ആഗോള സമ്പദ്ഘടനയില്‍ മത്സ്യമേഖലക്ക് ഏറെ പ്രാധാന്യമുണ്ട്. ലോകത്ത് ഏകദേശം 20 കോടി ജനങ്ങള്‍ക്ക് ജീവനോപാധി പ്രദാനം ചെയ്യുന്ന മേഖലയാണ് മത്സ്യമേഖല. ഇതില്‍ 5.66 കോടി ആളുകള്‍ നേരിട്ട് മത്സ്യബന്ധന മേഖലയിലും മത്സ്യകൃഷി മേഖലയിലും ജോലി ചെയ്യുന്നു.
ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്കനുസരിച്ച് 2014 വര്‍ഷത്തില്‍ ലോകത്ത് 1672 ലക്ഷം ടണ്‍ മത്സ്യം ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇതില്‍ 93.40 ലക്ഷം ടണ്‍ മത്സ്യബന്ധനത്തിലൂടെയാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം 100 ലക്ഷത്തോളം മെട്രിക് ടണ്‍ മത്സ്യം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതില്‍ 50 ശതമാനത്തോളം കടല്‍ മേഖലയുടെ സംഭാവനയാണ്. ആകെ മത്സ്യ ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനം കേരളത്തിനാണ്.
ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന മേഖല എന്ന നിലയിലും മത്സ്യമേഖല ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 1.4 ശതമാനത്തോളം മത്സ്യമേഖലയുടെ സംഭാവനയാണ്.
കേരളത്തിന്റെ മത്സ്യ ഉത്പാദനത്തില്‍ കടല്‍ മേഖലക്കാണ് എന്നും പ്രാമുഖ്യം. എന്നാല്‍ ഈ മേഖലയിലെ ഉത്പാദനം നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നതായി കാണുന്നു. അമിത മത്സ്യബന്ധന സമ്മര്‍ദം, അശാസ്ത്രീയ മത്സ്യബന്ധന രീതികള്‍, വിദേശയാനങ്ങളുടെ കടന്നുകയറ്റം, കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, കണ്ടല്‍ കാടുകളുടെ നശീകരണം തുടങ്ങി നിരവധി കാര്യങ്ങള്‍ കടലിലെ മത്സ്യ വിഭവ ശോഷണത്തിനും മത്സ്യജനിതക ശോഷണത്തിനുമുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സ്യവിഭവങ്ങളുടെ വിതരണവും പങ്കിടലും സംബന്ധിച്ച് പരമ്പരാഗതമായി മത്സ്യത്തൊഴിലാളികള്‍ അനുവര്‍ത്തിച്ചുവന്ന ഗുണകരമായ നാട്ടു നടപ്പുകള്‍ പലതും ഇന്ന് അന്യം നിന്നു പോയിരിക്കുകയാണ്. ലാഭത്തില്‍ മാത്രം കണ്ണുനട്ടുള്ള മത്സ്യബന്ധന രീതികളും സാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടങ്ങളും ജനസംഖ്യയിലുണ്ടായ മാറ്റങ്ങളും മത്സ്യവിഭവ ശോഷണത്തിനും മത്സ്യവൈവിധ്യ ശോഷണത്തിനും ഹേതുവാകുന്നുണ്ട്.
വാണിജ്യ പ്രാധാന്യമുള്ള ഒട്ടു മിക്ക മത്സ്യവിഭവങ്ങളും തകര്‍ച്ച നേരിടുകയാണ്. കടല്‍ മത്സ്യ ഉത്പാദനത്തില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നതും “”കുടുംബം പുലര്‍ത്തി”” എന്ന് ഖ്യാതിയുമുള്ള നെയ്മത്തിയുടെ ഉത്പാദനം മാത്രം പരിശോധിച്ചാല്‍ ചിത്രം വ്യക്തമാവും. 2014-15 വര്‍ഷത്തില്‍ കേരളത്തില്‍ 1.55 ലക്ഷം മെട്രിക് ടണ്‍ മത്തി ഉത്പാദിപ്പിച്ചിരുന്നു. എന്നാല്‍ 2015-16 വര്‍ഷത്തില്‍ മത്തിയുടെ ഉത്പാദനം 53.5 ശതമാനം കുറഞ്ഞ് 72000 ടണ്‍ ആയി.
ഇത്തരം സാഹചര്യങ്ങളിലാണ് നവംബര്‍ 21 നാം ലോക മത്സ്യ ദിനമായി ആചരിക്കുന്നത്. മത്സ്യമേഖലയുടെ പ്രാധാന്യം, വിഭവ സംരക്ഷണത്തിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം. മത്സ്യവിഭവങ്ങളുടെ കൈകാര്യകര്‍ത്താക്കളായ, എന്നാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് സാമ്പത്തികമായും സാമൂഹികപരമായും ഏറെ പിന്നാക്കം നില്‍ക്കുന്ന, മത്സ്യത്തൊഴിലാളി സമൂഹത്തെ അംഗീകരിക്കാനും ലോക മത്സ്യ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നു.
മത്സ്യ ജനിതക സമ്പത്ത് മാനവരാശിയുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനങ്ങള്‍ക്ക് ആധാരമായ നെടുംതൂണുകളില്‍ ഒന്നാണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കി അതിനെ കാത്തു സൂക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. മത്സ്യജൈവസമ്പന്നതയെ താങ്ങി നിര്‍ത്തുന്ന ഒട്ടുമിക്ക ആവാസവ്യവസ്ഥകളും മനുഷ്യന്റെ ഇടപെടല്‍മൂലം തകര്‍ച്ചയുടെ വക്കിലാണ്.
പാരിസ്ഥിതിക സുസ്ഥിരതയും ആവാസവ്യവസ്ഥകളുടെ നിലനില്‍പ്പും ജനിതക സമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗവും ജൈവ വൈവിധ്യസംരക്ഷണത്തിന്റെ മൂന്നുപാധികളാണ്. ജല ആവാസവ്യവസ്ഥകളുടെ സംരക്ഷണം മാനവരാശിയുടെ നിലനില്‍പ്പുമായി അഭേദ്യമായി ഇഴചേര്‍ന്നു കിടക്കുന്നു.
സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളുടെ നിലനില്‍പ്പിനു തന്നെ ആധാരമായ മത്സ്യമേഖല നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുന്നതിനും മത്സ്യ ജനിതക സമ്പത്ത് വരും തലമുറകള്‍ക്കായി നിലനിര്‍ത്തുന്നതിനും പാര്‍ശ്വവത്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ഉറപ്പുവരുത്തുന്നതിനും ഉതകുന്ന സമീപനമാണ് ഇടതുപക്ഷ ജനാധിപത്യമുണി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഉത്തരവാദപരവും സുസ്ഥിരവുമായ വളര്‍ച്ചക്ക് ആവാസവ്യവസ്ഥാനുകൂലമായതും പങ്കാളിത്തപരവുമായ നയങ്ങള്‍, തന്ത്രങ്ങള്‍, നിയമങ്ങള്‍ എന്നിവ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നതു കൂടി പ്രത്യേകം പ്രസ്താവ്യമാണ്.