Connect with us

Kerala

സഹകരണ പ്രതിസന്ധി: യോജിച്ച സമരമെന്ന് ചെന്നിത്തല; ഇല്ലെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടലിനെതിരെ സര്‍ക്കാറുമായി യോജിച്ച് പ്രക്ഷോഭത്തിന് യുഡിഎഫ് തീരുമാനം. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ എതിര്‍പ്പ് തള്ളിയാണ് തീരുമാനം. സംയുക്ത പ്രക്ഷോഭത്തിന് തയ്യാറാണെന്ന് യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ സംയുക്ത പ്രക്ഷോഭം നടത്തുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയെ തള്ളി സുധീരന്‍ രംഗത്തെത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി സംഘത്തിനൊപ്പം ചേരും, നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ ഒപ്പം നല്‍കും. പക്ഷെ സംയുക്ത സമരം നടത്താന്‍ യുഡിഎഫ് തീരുമാനിച്ചിട്ടില്ല. തന്റെ നിലപാട് ആരെങ്കിലും തള്ളിയെന്ന വാര്‍ത്ത തെറ്റാണ്. ഇതിനെ കുറിച്ച് രമേശ് ചെന്നിത്തലയോട് ചോദിക്കണമെന്നും സുധീരന്‍ പറഞ്ഞു.

പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംയുക്ത പ്രമേയം പാസാക്കുക, സര്‍വ കക്ഷി നിവേദന സംഘം ഡല്‍ഹിയില്‍ പോയി സഹകരണ പ്രശ്‌നം കേന്ദ്രത്തെ നേരിട്ട് അറിയിക്കുക, പഴയ നോട്ടുകള്‍ മാറി നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്കും അനുമതി നല്‍കണമെന്ന നിര്‍ദേശത്തോട് സഹകരിക്കുക, സഹകരണ ജീവനക്കാരേയും സഹകാരികളേയും ഉള്‍പ്പെടുത്തി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുക തുടങ്ങിയ തീരുമാനങ്ങളാണ് യുഡിഎഫ് യോഗത്തില്‍ എടുത്തത് എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

അതേസമയം സുധീരന്റെ നിലപാടിനെതിരെ ലീഗ് ശക്തമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ത്തിയത്. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടമാണ് ഇപ്പോള്‍ വേണ്ടതെന്ന് ലീഗ് ആവശ്യപ്പെട്ടു.

Latest