Connect with us

Articles

ലോകത്തെ പേടിപ്പിക്കുന്ന ഒരു വിജയം

Published

|

Last Updated

തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രതിനിധിയായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം തീവ്രവലതുപക്ഷ മുന്നേറ്റത്തെയാണ് കാണിക്കുന്നത്. അത്യന്തം സംഘര്‍ഷഭരിതവും വിവാദകലുഷിതവുമായ അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന മൂന്ന് ദേശീയ സംവാദങ്ങളിലും ഹിലാരി ക്ലിന്റന് വ്യക്തമായ മേല്‍ക്കൈ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സര്‍വെ ഫലങ്ങളും ഹിലാരിയുടെ വിജയം പ്രവചിച്ചത്. ആകെയുള്ള 538 ഇലക്ടറല്‍ കോളേജില്‍ 288 പേരുടെ വോട്ട് ട്രംപിന് ലഭിച്ചു. കടുത്ത വംശീയവാദത്തിന്റെയും കുടിയേറ്റ വിരുദ്ധതയുടെയും പ്രതിനിധിയാണ് ട്രംപ്. റീഗന്റെ കാലത്താരംഭിച്ച നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ശക്തനായ വക്താവും അതിന്റെ സൗകര്യങ്ങളുപയോഗിച്ച് വളര്‍ന്നുവന്ന കോര്‍പ്പറേറ്റ് മുതലാളിയുമാണ് ട്രംപ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയം കോര്‍പ്പറേറ്റ് മൂലധനവും വംശീയതയും ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്തതാണ്.

2008ല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ഏറ്റുവാങ്ങുന്ന അമേരിക്കന്‍ ജനതയുടെ പ്രതിഷേധവും നവയാഥാസ്ഥിതിക നിലപാടുകളും ചേര്‍ന്നാണ് ട്രംപിനെ വൈറ്റ്ഹൗസില്‍ എത്തിച്ചത്.
ട്രംപിന് 48 ശതമാനവും ഹിലരിക്ക് 47 ശതമാനം വോട്ടുകളുമാണ് കിട്ടിയത്. ശ്രദ്ധേയമായ കാര്യം കഴിഞ്ഞതവണ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഒബാമ മേല്‍ക്കൈ നിലനിര്‍ത്തിയ ഇടങ്ങളിലെല്ലാം ട്രംപ് മുന്നേറി എന്നതാണ്. സെനറ്റിലും യു എസ് ഹൗസിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുണ്ട്. യഥാക്രമം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 49 സീറ്റും ഡമോക്രാറ്റിക് പാര്‍ടിക്ക് 47 സീറ്റും ഉണ്ട്. 232-ഉം 175-ഉം സീറ്റുകളും.

തീവ്ര വലതുപക്ഷ താത്പര്യങ്ങളെയാണ് ഡൊണാള്‍ഡ് ട്രംപ് സ്വയം പ്രതിനിധീകരിക്കുന്നെതന്ന് സൂചിപ്പിച്ചല്ലോ. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കോര്‍പ്പറേറ്റ് പ്രതിനിധികള്‍ ഭരണം നടത്തിക്കൊണ്ടുപോകുന്ന സംവിധാനമാണ് അമേരിക്കന്‍ ഭരണകൂടമെന്നത്. ലിബറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വതന്ത്ര സമൂഹത്തിന്റെയും മാതൃകയായി പലരും ഉയര്‍ത്തിക്കാണിക്കുന്ന അമേരിക്കയുടെ രാഷ്ട്രീയവും ഭരണകൂട സംവിധാനവും മൂലധനാധിപത്യത്തിലും ആംഗ്ലോസാംസണ്‍ വംശീയതയിലും അധിഷ്ഠിതമാണ്. നിഷ്ഠൂരമായ ഹിംസയുടെയും ക്രൂരമായ അധിനിവേശങ്ങളുടെയും രക്തപങ്കിലമായ ചരിത്രമാണ് അമേരിക്കക്കുള്ളത്. റെഡ് ഇന്ത്യന്‍ വംശജരുടെ കൂട്ടക്കൊലയില്‍ തുടങ്ങി മധ്യപൂര്‍വ ദേശത്തെ നിഷ്ഠൂരമായ അധിനിവേശ ഭീകരതവരെ അത് നീണ്ടുകിടക്കുകയാണ്.
ഒരര്‍ഥത്തില്‍ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും അമേരിക്കയുടെ അധിനിവേശ താത്പര്യങ്ങളുടെ അധിനായക•ാരാണെന്നതാണ് യാഥാര്‍ത്ഥ്യം. ചോംസ്‌കി നിരീക്ഷിക്കുന്നതുപോലെ ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളും ഇതര ജനസമൂഹങ്ങളുമെല്ലാം തങ്ങളുടെ ഇച്ഛക്കുവഴങ്ങി ജീവിക്കേണ്ടവരാണെന്നാണ് അമേരിക്കന്‍ ഭരണകൂടം എന്നും കരുതിപോന്നിട്ടുള്ളത്. ട്രംപും ഹിലരിയും ഒരേപോലെ അമേരിക്കന്‍ മൂലധനത്തിന്റെ അധിനിവേശ മോഹങ്ങളുടെ നിര്‍വാഹകരാണെന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ടതില്ല.

പക്ഷെ ഡമോക്രാറ്റുകളേക്കാള്‍ വംശീയവും മേധാവിത്വപരവുമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് റിപ്പബ്ലിക്കന്‍മാരെ നയിക്കുന്നത് എന്ന കാര്യമാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയം ലോകത്തിലെ ജനാധിപത്യവാദികളെയെല്ലാം അസ്വസ്ഥമാക്കുന്നത്. 2008-ല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയാണ് തീവ്രവലതുപക്ഷ രാഷ്ട്രീയങ്ങള്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത മുതലാളിത്ത സമൂഹങ്ങളില്‍ സ്വാധീനം ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ട്രംപാകട്ടെ ബിസിനസ്സില്‍ നിന്ന് പ്രസിഡന്റു സ്ഥാനാര്‍ഥിയാകാന്‍ വേണ്ടി മാത്രം റിപ്പബ്ലിക്കന്‍രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ആളാണല്ലോ. ശതകോടീശ്വരനായ ബിസിനസ്സ് മാഗ്നറ്റാണ് ട്രംപ്. ടെലിവിഷന്‍ പ്രൊഡ്യൂസറും പുസ്തകമെഴുത്തുകാരനും എന്നൊക്കെയുള്ള പരിവേഷമുള്ള ഇദ്ദേഹം ഓര്‍ഗനൈസേഷന്‍ എന്ന കോര്‍പ്പറേറ്റ് വ്യവസായ ശൃംഖലയുടെ ഉടമയാണ്.
ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ ഊഹക്കച്ചവട മണ്ഡലങ്ങളില്‍ പണമെറിഞ്ഞു പണമുണ്ടാക്കുന്ന ചൂതാട്ടമുതലാളിയാണ് ട്രംപ്. റിയല്‍ എസ്റ്റേറ്റ്, റസ്റ്റോറന്റ് ബിസിനസ്സ് രംഗങ്ങളിലൂടെ ഊഹവ്യാപാരമൂലധനത്തിന്റെ അധിനായകനായി മാറിയ ട്രംപിന് അമേരിക്കന്‍ വംശീയവാദികളുടെ ദൃഢമായ പിന്തുണയുമുണ്ടായിരുന്നു. എട്ടു വര്‍ഷക്കാലത്തെ ഒബാമ ഭരണം സൃഷ്ടിച്ച വിഷമകരമായ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് നവയാഥാസ്ഥിതിക ശക്തികള്‍ ട്രംപിന് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാക്കിയെടുത്തത്. കോര്‍പ്പറേറ്റ് മൂലധനവും ആംഗ്ലോ സാംസണ്‍ വംശീയതയും ചേര്‍ന്നാണ് ട്രംപിനെ അധികാരത്തിലേക്കെത്തിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും വേതനം വെട്ടിക്കുറക്കലുകളും അമേരിക്കന്‍ സമൂഹത്തിലാകെ അസ്വസ്ഥത പടര്‍ത്തിയിരുന്നു. ഈയൊരു സാഹചര്യത്തെയും ഐ എസ് ഉള്‍പ്പെടെയുള്ള ആഗോള ഭീകരവാദമുയര്‍ത്തുന്ന അമേരിക്കന്‍ സമൂഹത്തിന്റെ ആശങ്കകളെയും മുതലെടുത്താണ് ട്രംപ് വിജയത്തിനുള്ള വഴി തീര്‍ത്തത്. 2008-ലെ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ ഒബാമ പ്രഖ്യാപിച്ച രക്ഷാ പാക്കേജ് കോര്‍പ്പറേറ്റുകളെ മാത്രമാണ് സഹായിച്ചിട്ടുള്ളത്. യഥാര്‍ഥത്തില്‍ 70,000 കോടി ഡോളറിന്റെ ബെയില്‍ഔട്ട് പദ്ധതി അമേരിക്കന്‍ ഭരണകൂടത്തിന്റെ കടപ്രതിസന്ധിയെ രൂക്ഷമാക്കുകയാണ് ചെയ്തത്. ജനങ്ങളുടെ ക്ഷേമത്തിനുപയോഗിക്കേണ്ട സര്‍ക്കാര്‍ പണം (ജനങ്ങളുടെ നികുതിപണം) കോടിക്കണക്കിന് ഡോളറുകള്‍ കോര്‍പ്പറേറ്റുകളുടെ രക്ഷക്കായി മാറ്റിവെച്ചതോടെയാണ് അമേരിക്കയിലെ സാമൂഹ്യക്ഷേമപദ്ധതികളെല്ലാം അവതാളത്തിലായത്.

മാന്ദ്യത്തില്‍ നിന്ന് സമ്പദ്ഘടനയെ രക്ഷിക്കാന്‍ ഒബാമ നടത്തിയ ഇടപെടലുകള്‍ അമേരിക്കന്‍ സമൂഹത്തില്‍ തൊഴിലില്ലായ്മയും ജനങ്ങളുടെ ദുരിതങ്ങളും കുറക്കുകയല്ല ചെയ്തത്; രൂക്ഷമാക്കുകയായിരുന്നു. ഈയൊരു സാഹചര്യത്തെ കടുത്ത വംശീയ വാദികളായ ടീപാര്‍ട്ടിക്കാരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വലതുപക്ഷക്കാരും ഡെമോക്രാറ്റിക് പാര്‍ട്ടിക്കെതിരായി തിരിച്ചുവിട്ടതിന്റെ ഫലം കൂടിയാണ് ഹിലാരിയുടെ പരാജയകാരണം. റിപ്പബ്ലിക്കന്‍ പാര്‍ടി സംവിധാനത്തിനു പുറത്തുനിന്ന് സ്ഥാനാര്‍ഥിത്വം നേടിയ കോര്‍പ്പറേറ്റ് പ്രതിനിധിയായ ട്രംപിന് ആഗോളവലതുപക്ഷത്തിന്റെ പിന്തുണയുമുണ്ടായി. കോര്‍പ്പറേറ്റ് നയങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ അനന്തരഫലങ്ങള്‍ക്കെതിരായി ഉയര്‍ന്നുവന്ന ജനരോഷത്തിനൊപ്പം നിന്നുകൊണ്ട് ട്രംപ് ന്യൂനപക്ഷവിരുദ്ധവും വംശീയവുമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയായിരുന്നല്ലോ. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ രഹസ്യസഹായേത്താടെ ഉയര്‍ത്തിക്കൊണ്ടുവന്ന ഇന്റര്‍നെറ്റ് വിവാദമുള്‍പ്പെടെ ട്രംപിന് ഗുണം ചെയ്തു.
ട്രംപിന്റെ ആംഗ്ലോസാംസണ്‍

വെള്ളവംശീയതയിലധിഷ്ഠിതമായ പ്രചാരണങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ വലിയ ധ്രുവീകരണമുണ്ടാക്കി എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കടുത്ത മുസ്‌ലിം വിരുദ്ധത പ്രചരണങ്ങളിലെങ്ങും അലയടിച്ചിരുന്നു. ക്രൂരമായ വംശീയാക്രമണങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ് അമേരിക്കന്‍ സമൂഹത്തില്‍ കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ ശക്തമാണ്. കറുത്തവരുടെ ജീവന് പ്രസക്തിയുണ്ട് എന്നൊരു പ്രസ്ഥാനം തന്നെ അമേരിക്കയില്‍ ഇപ്പോള്‍ സജീവമായിരിക്കുകയാണ്. ആഫ്രോ അമേരിക്കക്കാര്‍ക്കിടയില്‍ ശക്തമായ അസംതൃപ്തി വളര്‍ന്നുവന്നിട്ടുണ്ട്. അപ്പോഴും കോര്‍പ്പറേറ്റ് പിന്തുണയുള്ള അമേരിക്കന്‍ ഭരണകൂട വ്യവസ്ഥ കറുത്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് മൗനസമ്മതം നല്‍കുന്നതായിട്ടാണ് സമീപകാല സംഭവങ്ങള്‍ കാണിക്കുന്നത്. 65 ശതമാനത്തോളം വരുന്ന വെള്ള വംശജര്‍ക്കിടയില്‍ കടുത്ത വംശീയ വികാരം ഉദ്ദീപിപ്പിച്ചെടുത്തുകൊണ്ടാണ് ട്രംപ് അനുകൂലമായ വിജയം ഉണ്ടാക്കിയെടുത്തിരിക്കുന്നത്.
ട്രംപില്‍ നിന്ന് വ്യതിരിക്തമായൊരു രാഷ്ട്രീയ വ്യക്തിത്വമായി അമേരിക്കന്‍ ജനമനസ്സില്‍ സ്വാധീനമുറപ്പിക്കാന്‍ ഹിലാരി ക്ലിന്റന് കഴിയുമായിരുന്നില്ല. ട്രംപിനെപോലെതന്നെ അവരും വന്‍കിട ബിസിനസ്സുകാരുടെയും പിന്തിരിപ്പന്‍ വിദേശനയ നിലപാടുകളുടെയും വക്താവാണല്ലോ. സ്വയം പ്രഖ്യാപിത ഇടതുപക്ഷ സ്ഥാനാര്‍ഥിയായി രംഗത്തുവന്ന ബേണിസാന്‍സേഴ്‌സിന്റെ സ്വതന്ത്രവ്യാപാര കരാറുകള്‍ക്കും അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയങ്ങള്‍ക്കുമെതിരായുള്ള നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സാന്‍സേഴ്‌സിന്റെ പ്രചാരണ ക്യാമ്പയിനു ലഭിച്ച ജനപിന്തുണ കണ്ടാണ് ഹിലാരി തന്റെ കടുത്ത കോര്‍പ്പറേറ്റ് നിലപാടുകളില്‍ അയവു വരുത്താന്‍ നിര്‍ബന്ധിതയായത്.

നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ഫലമായ സാമ്പത്തിക പ്രതിസന്ധിയും അതിന്റെ ആഘാതമേറ്റുവാങ്ങുന്ന ജനസമൂഹങ്ങളെ സ്വാധീനിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനവുമാണ് അമേരിക്കയിലെന്നപോലെ 2014ല്‍ നടന്ന യൂറോപ്യന്‍ യൂനിയന്‍ തിരഞ്ഞെടുപ്പിലും പ്രകടമായത്. യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വലതുപക്ഷത്തേക്കുള്ള രാഷ്ട്രീയ ചുവടുമാറ്റം വ്യക്തമായി കണ്ടതാണല്ലോ. ആശ്വാസകരമായ കാര്യം വംശീയവാദിയായ ട്രംപിനെതിരെ അമേരിക്കന്‍ പൗരസമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുവെന്നതാണ്. സ്ത്രീകളെയും കറുത്തവരെയും അധിക്ഷേപിക്കുന്ന ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ ലോസ്ആഞ്ചലസ് ഉള്‍പ്പെടെ പല അമേരിക്കന്‍ നഗരങ്ങളിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.