Connect with us

National

കൂടുതല്‍ ഇളവ്; വായ്പ തിരിച്ചടക്കാന്‍ സാവകാശം

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയുടെ പശ്ചാതലത്തില്‍ വായ്പ തിരിച്ചടക്കുന്നതിന് റിസര്‍വ് ബേങ്ക് സാവകാശം അനുവദിച്ചു. കര്‍ഷക, ഭവന, വാഹന വായ്പകള്‍ തിരിച്ചടക്കുന്നതിന് രണ്ട് മാസത്തെ സാവകാശമാണ് അനുവദിച്ചത്.
ഒരു കോടി രൂപ വരെയുള്ള ഇത്തരം വായ്പകള്‍ക്കാണ് സാവകാശം. ഈ മാസം ഒന്നിനും ഡിസംബര്‍ മുപ്പത്തിയൊന്നിനും ഇടക്ക് തിരച്ചടവ് തീയതിയുള്ള മുഴുവന്‍ വായ്പകള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്ന് റിസര്‍വ് ബേങ്ക് അറിയിച്ചു. നോട്ട് പ്രതിസന്ധി കണക്കിലെടുത്താണ് ഉത്തരവ് ഇറക്കിയതെന്നും ബേങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലും സാവകാശം ലഭിക്കും.

വ്യാപാരികള്‍ക്ക് ഇളവ്
ചെറുകിട വ്യാപാരികള്‍ക്ക് പണം പിന്‍വലിക്കുന്നതിനും ഇളവ് അനുവദിച്ചു. വാണിജ്യ അക്കൗണ്ടുകളില്‍ നിന്ന് ഒരാഴ്ച അമ്പതിനായിരം രൂപ വരെ പിന്‍വലിക്കുന്നതിനാണ് ഇളവ് നല്‍കിയത്. കറന്റ് അക്കൗണ്ട്, ഓവര്‍ ഡ്രാഫ്റ്റ്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുള്ളവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇടപാട് നടക്കാത്ത അക്കൗണ്ടുകള്‍ക്കും ഈ ഇളവ് ബാധകമല്ല. രണ്ടായിരം രൂപ നോട്ടുകളില്‍ പണം പിന്‍വലിക്കണമെന്നും ആര്‍ ബി ഐ അറിയിച്ചു. വ്യാപാരികള്‍ക്ക് ഒരുപരിധിവരെ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം.

പഴയ നോട്ടിന് വിത്ത് വാങ്ങാം
അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് വിത്തുകള്‍ വാങ്ങാന്‍ കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിത്ത് വാങ്ങുന്നതിനാണ് ഇളവ് അനുവദിച്ചതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യം നേരത്തെ കൃഷി മന്ത്രാലയം ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുകൂലമായ സമീപനം സ്വീകരിച്ചിരുന്നില്ല.

നേരത്തെ കാര്‍ഷിക വായ്പ ലഭിച്ച കര്‍ഷകര്‍ക്ക് വായ്പാ തുകയില്‍ നിന്ന് ആഴ്ചയില്‍ 25,000 രൂപ വരെ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയിരുന്നു. കാര്‍ഷിക മേഖലയില്‍ പണമിടപാടുകളാണ് അധികമായി നടക്കുന്നത്. നോട്ട് പിന്‍വലിക്കുന്ന തീരുമാനം പ്രഖ്യാപിച്ചതോടെ കര്‍ഷകരുടെ കൈവശം കൃഷിയിറക്കുന്നതിനും ഉത്പാദനത്തിനാവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിനും പണമില്ലാതെ വരികയും കാര്‍ഷിക മേഖലയില്‍ വലിയ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു.

ബേങ്കിലെത്തിയത് 5.45 ലക്ഷം കോടി
നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്ത് ഈ മാസം 18 വരെ 5.45 ലക്ഷം കോടി രൂപ പഴയ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ ബേങ്ക് വഴി സ്വീകരിച്ചതായി ആര്‍ ബി ഐ അറിയിച്ചു. 5.12 ലക്ഷം കോടി രൂപ നിക്ഷേപമായും 33,000 കോടി രൂപ മാറ്റി നല്‍കുകയും ചെയ്തു.