Connect with us

Articles

സ്വെയ്പിംഗ് മെഷീനുകള്‍ക്കും ഇ-വാലറ്റ് കമ്പനികള്‍ക്കും നല്ല കാലം

Published

|

Last Updated

ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളമാണെന്നാണല്ലോ ചൊല്ല്. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പിന്‍വലിക്കുകവഴി സംഭവിച്ചിരിക്കുന്നതും അതാണ്. സ്വെയ്പിംഗ് മെഷീനുകളും ഇ-വാലറ്റ് കമ്പനികളും ഇനി നമ്മുടെ സാമ്പത്തികരംഗം കീഴടക്കുകയും റിയല്‍എസ്റ്റേറ്റ്, സ്വര്‍ണ ഇടപാടുകള്‍ എന്നിവയില്‍ കുറച്ചുകാലത്തേക്കെങ്കിലും മാന്ദ്യം അനുഭവപ്പെടുകയും ചെയ്യും. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കാശില്ലാതിരിക്കുകയും പുതുതായി ഇറക്കിയ 2000 രൂപ കൊണ്ട് ഒന്നും വാങ്ങാന്‍ കഴിയാത്ത അവസ്ഥവരികയും ചെയ്തതോടെ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വെയ്പ് ചെയ്തും ഇ-വാലറ്റുകള്‍ കമ്പനികളുടെ ആപ് ഉപയോഗിച്ചും സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നോട്ട് പിന്‍വലിക്കല്‍ കൊണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഇത്തരം കമ്പനികളാണ്. ബേങ്കുകളില്‍ സ്വെയ്പിംഗ് മെഷീനു വേണ്ടി ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്.

എന്താണ് ഇ- വാലറ്റ് ?
ഡിജിറ്റല്‍ പേഴ്‌സ് എന്ന് പറയാം. കറന്‍സികള്‍ പേഴ്‌സില്‍ സൂക്ഷിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നതിന് പകരം ഇ-വാലറ്റുകളില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി “ഡിജിറ്റല്‍ മണി”യാക്കി സൂക്ഷിക്കുകയും അത് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു. മൊബൈല്‍ സേവന ദാതാക്കള്‍ നല്‍കുന്ന ഇത്തരം സേവനത്തിന് എം-വാലറ്റ് അഥവാ മൊബൈല്‍ വാലറ്റ് എന്ന് വിളിക്കുന്നു. ഈ സേവനം നല്‍കുന്ന കമ്പനികളുടെ ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതുവഴി നമുക്ക് ആവശ്യമുള്ള ആളുടെ ഇ-വാലറ്റ് അക്കൗണ്ടിലേക്ക് പണം അയക്കാം. ഇതിന് പ്രത്യേക ചാര്‍ജുകളൊന്നും ഇത്തരം കമ്പനികള്‍ ഈടാക്കുന്നില്ല. ഇത്തരം ഓണ്‍ലൈന്‍ ഇടപാടിലൂടെ സ്വരൂപിക്കപ്പെടുന്ന പണം ബേങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് കമ്പനികള്‍ ചെറിയ ചാര്‍ജ് ഈടാക്കുന്നുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചവരില്‍ നിന്ന് ഒരു ശതമാനവും സമര്‍പ്പിക്കാത്തവരില്‍ നാലു ശതമാനവുമാണ് ചാര്‍ജ് ഈടാക്കുക. ഉത്പന്ന നിര്‍മാണ രംഗത്തെ വന്‍കിടക്കാര്‍ ഇത്തരം കമ്പനികളുമായി കരാറിലേര്‍പ്പെടുന്നത് വഴിയാണ് ഇവര്‍ക്ക് വരുമാനം ലഭിക്കുന്നത്. കൂടുതല്‍ മനുഷ്യ വിഭവശേഷി വേണ്ട എന്നതും ഇ-വാലറ്റ് കമ്പനികളുടെ വരുമാനം വര്‍ധിപ്പിക്കുന്നു. മിക്കവാറും കമ്പനികള്‍ ഒറ്റത്തവണ 4,000 രൂപയും മാസത്തില്‍ 10,000 രൂപയും ബേങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് അനുവദിക്കുമ്പോള്‍ പേടിഎം ഒറ്റത്തവണ 5,000 രൂപയും മാസത്തില്‍ 25,000 രൂപയാണ് അനുവദിക്കുന്നത്.

പ്രമുഖ ഇ-വാലറ്റ് കമ്പനിയായ പേടിഎം ഉപയോഗിച്ച് ദിനംപ്രതി 120 കോടിയോളം മൂല്യം വരുന്ന ഇടപാടുകളാണ് നടക്കുന്നത്. ഏതാണ്ട് പതിനഞ്ച് കോടിയോളം അക്കൗണ്ടുകള്‍ തങ്ങള്‍ക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. അതായത് ഇന്ത്യന്‍ ജനസംഖ്യയുടെ ഏതാണ്ട് പത്തിലൊന്ന്. ഏതായാലും മോദിയുടെ “ഡിജിറ്റല്‍ ഇന്ത്യ” എന്ന സ്വപ്‌നത്തിലേക്കുള്ള ഒരു പ്രധാന കാല്‍വെപ്പായിട്ട് തന്നെ വേണം ഈ നോട്ട് പിന്‍വലിക്കലിനെ കാണാന്‍. നോട്ട് പിന്‍വലിക്കല്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങളുടെ വന്‍ കുതിച്ചുചാട്ടത്തിന് ഒരു നിമിത്തം മാത്രമാണ്. ഭാവിയില്‍ “ഡിജിറ്റല്‍ മണി” എന്നതിലേക്ക് ജനങ്ങളും രാജ്യവും മാറേണ്ട സാഹചര്യമാണ് കറന്‍സി പിന്‍വലിക്കലിലൂടെ രാജ്യത്ത് സംജാതമായിട്ടുള്ളത്. കാരണം ഭാവിയില്‍ എന്തെല്ലാം സമ്പാദിച്ചുവെന്നതിന് മാത്രം തെളിവുകള്‍ മതിയാകില്ല. എങ്ങനെയെല്ലാം എവിടെയെല്ലാം ചെലവഴിച്ചുവെന്ന കണക്കുകളും സൂക്ഷിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ്.

കറന്‍സി പിന്‍വലിക്കലിനു ശേഷം കൂടുതല്‍ പണം കൈവശം വെക്കാന്‍ ഏതായാലും ഇനി ജനങ്ങള്‍ മുതിരില്ലെന്ന് തിരിച്ചറിഞ്ഞ് ഇത്തരം കമ്പനികളുടെ പുതിയ ഓഫറുകളുടെ പരസ്യങ്ങളാണ് എവിടെയും. റിലയന്‍സ് ജിയോക്കു വേണ്ടി മുകേഷ് അംബാനി കാണിച്ച വഴിയിലൂടെ തന്നെയാണ് ഇത്തരം കമ്പനികള്‍ തങ്ങളുടെ സേവനം പരസ്യപ്പെടുത്തുന്നത്. സ്വന്തം സമ്പാദ്യം പണമായി സൂക്ഷിച്ചവരാണ് കറന്‍സി പിന്‍വലിക്കലിലൂടെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത്. ഭാവിയില്‍ അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടി സമ്പാദ്യമെല്ലാം ബേങ്കിലിടുക എന്നതായിരിക്കും സ്വാഭാവികമായും ഇനി സംഭവിക്കുക. ഇതുവരെ സമ്പാദ്യത്തിന്റെ വഴികള്‍ അന്വേഷിച്ചവര്‍ ബേങ്കില്‍നിന്ന് പിന്‍വലിച്ച പണം എന്തു ചെയ്തു എന്നുകൂടി അന്വേഷിക്കുമ്പോള്‍ അതിന് ആരുടെ പക്കലും രേഖകളുണ്ടാകില്ല. സാധാരണഗതിയില്‍ ഇലക്‌ട്രോണിക് സാധനങ്ങളോ അതുപോലെ വലിയ തുക കൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ക്കോ മാത്രമാണ് നാം ബില്ലുകള്‍ വാങ്ങാറ്. ദൈനംദിന ജീവിതത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് തന്നാലും ഇതെല്ലാം നാം വാങ്ങിയതിനുള്ള ബില്ലാണെന്ന് ഒരു തെളിവുമുണ്ടാകാറില്ല. വാങ്ങിയ ആളുടെ പേരോ അഡ്രസോ ഒന്നും. അങ്ങനെ അഡ്രസ്സ് വെച്ച ബില്ലൊക്കെ തരാന്‍ നമ്മുടെ നാട്ടിന്‍പുറത്തെ കടക്കാരന് സാധിക്കുകയുമില്ല. എന്നാല്‍ ഇ-വാലറ്റുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അത് നമുക്ക് കൃത്യമായ രേഖയായി മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഇടപാടുകള്‍ ഭാവിയില്‍ വര്‍ധിക്കുകയേയുള്ളൂ. സാമ്പത്തിക രംഗത്ത് ഇനിയും നടപടികള്‍ വരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗോവയിലെ പ്രസ്താവന ആ രീതിയില്‍ ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. താന്‍ ചായ കുടിച്ചതിന്റെയും മീന്‍ വാങ്ങിയതിന്റെയും എന്തിനേറെ ബീഡി വലിച്ചതിന്റെയുമൊക്കെ കണക്ക് സൂക്ഷിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ ഇ-വാലറ്റുകള്‍ ഉപയോഗിക്കാനോ അല്ലെങ്കില്‍ സ്വെയ്പിംഗ് മെഷീന്‍ വഴി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനോ ജനം നിര്‍ബന്ധിതരാകും.

കറന്‍സി പിന്‍വലിക്കല്‍ മൂലം ഇപ്പോഴുണ്ടായിട്ടുള്ള മാന്ദ്യം ഡിസംബര്‍ 30 വരെ നിലനില്‍ക്കുമെന്നും അതിനുശേഷം സാമ്പത്തികരംഗം മെച്ചപ്പെടുമെന്നുമാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. എന്നാല്‍ അടുത്ത വര്‍ഷം മെയ് വരെയെങ്കിലും ഇതിന്റെ പ്രത്യാഘാതം വിപണിയില്‍ പ്രകടമാകുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ നിരീക്ഷണം. ചുരുക്കി പറഞ്ഞാല്‍ ഈ കാലയളവില്‍ ജനങ്ങള്‍ ഇത്തരം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഏതാണ്ട് ശീലിക്കുമെന്ന് തന്നെ കരുതണം. ഇപ്പോള്‍ തന്നെ പേടിഎം വഴിയുള്ള ഇടപാടുകളില്‍ 435 ശതമാനം വര്‍ധനവും പേടിഎം ആപ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 200 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. പേടിഎം ഈവര്‍ഷം പ്രതിമാസം പ്രതീക്ഷിക്കുന്നത് 400 കോടി രൂപയുടെ കച്ചവടമാണ്. മറ്റൊരു പ്രമുഖ ഇ-വാലറ്റ് കമ്പനിയായ ഫ്രീചാര്‍ജ് ആപ് വഴിയുള്ള ഇടപാടുകള്‍ പന്ത്രണ്ട് മടങ്ങും മൊബിക്വിക് വഴിയുള്ള ഇടപാടുകള്‍ ഏഴിരട്ടിയും വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയുടെ “ഒല മണി” വാലറ്റിലെ റീചാര്‍ജിലുണ്ടായ വര്‍ധന 1,500 ശതമാനമാണ്. കറന്‍സി പിന്‍വലിക്കലും ചില്ലറക്ഷാമവും മൂലം കച്ചവടം തളര്‍ന്നതോടെ ഇ-വാലറ്റ് സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടുന്ന ഉത്പന്ന നിര്‍മാണ വിതരണ കമ്പനികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം വരും വര്‍ഷങ്ങളില്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന് കണ്ടെത്താം. ആദ്യം വെറും മൊബൈല്‍ റീചാര്‍ജും ഡിടിഎച്ച് റീചാര്‍ജുമായി സേവനം തുടങ്ങി 2014ല്‍ ഇ-കൊമേഴ്‌സ് രംഗത്തേക്ക് കടന്ന പേടിഎമ്മിന്റെ ദിനംപ്രതിയുള്ള ഇടപാടുകളിലെ ശതകോടിയിലേക്കുള്ള വളര്‍ച്ച ഇത് അടിവരയിടുന്നതാണ്.

മൊബൈല്‍ വാലറ്റ് ഉപയോഗിച്ച് മൊബൈല്‍ സേവനദാതാക്കളും ഉപഭോക്താക്കള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഐഡിയ മണി, എയര്‍ടെല്‍ മണി, വോഡാഫോണിന്റെ എം-പൈസ, ജിയോ മണി അതുപോലെ തന്നെ ഓണ്‍ലൈന്‍ ടാക്‌സികളും ഇത്തരം സാങ്കേതികത രംഗത്തേക്ക് മാറുന്ന കാഴ്ചയാണ് കാണുന്നത്. ആയിരം, അഞ്ഞൂറ് നോട്ടുകള്‍ നിരോധിച്ചതോടെ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകള്‍ നല്‍കിയിരുന്ന ക്യാഷ് ഓണ്‍ ഡെലിവറി സേവനം പരിമിതപ്പെടുത്തിയതും ഇതിന് ആക്കം കൂട്ടും. സ്മാര്‍ട്ട് ഫോണുകളും അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും സമൂഹത്തെ തന്നിലേക്ക് തന്നെ ചുരുക്കിയപ്പോള്‍ ബാക്കിയുണ്ടായിരുന്ന ഒരു സൗഹൃദബന്ധമായിരുന്നു കച്ചവടക്കാരും ജനങ്ങളും തമ്മിലുണ്ടായിരുന്ന കൊടുക്കല്‍ വാങ്ങലുകള്‍. പുതിയ അത്തരം ഒരു സൗഹൃദത്തേയും സാരമായി ബാധിക്കുമെന്നത് കൂടി നാം കാണേണ്ടതുണ്ട്.
അത്യാവശ്യം സാങ്കേതിക അറിവ് നേടിയിട്ടുള്ളവരേ ഇതിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള കാരണം വളരെ ലളിതമായി ക്യാഷ് ട്രാന്‍സ്ഫറുകള്‍ നടത്താന്‍ കഴിയുന്നുവെന്നത് തന്നെയാണ്. സ്വന്തം ബേങ്ക് അക്കൗണ്ടില്‍നിന്നും നെറ്റ് ബേങ്കിംഗ് വഴിയോ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഇത്തരം ഇ-വാലറ്റ് കമ്പനികളില്‍ നമ്മുടെ പേരിലുള്ള അക്കൗണ്ടിലേക്ക് ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്യുകയും അതുപയോഗിച്ച് സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്യുകയെന്നതാണ് ഇത്തരം കമ്പനികള്‍ നല്‍കുന്ന സേവനം. ഇങ്ങനെ പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ ഒന്നുമുതല്‍ അഞ്ച് ശതമാനം ക്യാഷ് ബാക്ക് (മൊത്തം പണത്തിന്റെ നിശ്ചിത ശതമാനം നമ്മുടെ ഇ-വാലറ്റ് അക്കൗണ്ടിലേക്ക് തന്നെ തിരിച്ചുകിട്ടുന്നു) സേവനവും ഈ ഇടപാടുകളെ ജനപ്രിയമാക്കുന്നു.

കറന്‍സി പിന്‍വലിച്ച നടപടിയുടെ അടുത്ത പടിയായി സ്വര്‍ണ വ്യാപാര മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത ആ മേഖലയിലും അനുരണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും വ്യക്തമായ രേഖകള്‍ ആവശ്യമായി വരുന്നത് പണം സ്വര്‍ണമാക്കി സൂക്ഷിക്കുക എന്ന പ്രവണതക്ക് അറുതിവരുത്തും. ഇതിന്റെ ആദ്യപടിയായി സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് വാര്‍ത്തകള്‍. 14 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കിയ സര്‍ക്കാര്‍ പഴയ നോട്ടുകള്‍ ബേങ്കുകള്‍ വഴി മാറ്റിയെടുക്കുന്നതിനുള്ള പരിധി കുറച്ചതില്‍നിന്നും തുടര്‍ന്നും ഇത്തരം നടപടികളുണ്ടാകുമെന്ന് തന്നെയാണ് കരുതേണ്ടത്.

Latest