Connect with us

National

നോട്ട് അസാധുവാക്കല്‍; തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി കള്ളപ്പണത്തിനെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കാനും പ്രതിപക്ഷ പ്രക്ഷോഭങ്ങളെ ഒന്നിച്ച് പ്രതിരോധിക്കാനും പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ധാരണയായി. കള്ളപ്പണക്കാരോട് കുരിശ് യുദ്ധം പ്രഖ്യാപിച്ച പ്രധാനമന്ത്രിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും നോട്ട് നിരോധിക്കുന്നതിന് പൂര്‍ണ പിന്തുണയാണെന്നും യോഗത്തില്‍ രാജ് നാഥ് സിംഗാണ് തീരുമാനമെടുത്തത്. ഈ തീരുമാനം പാര്‍ട്ടി നേതാക്കള്‍ അംഗീകരിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് അരുണ്‍ ജയ്റ്റ്‌ലി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പാര്‍ലിമെന്റിന് പുറത്ത് ഇടത് കക്ഷികള്‍ രാജ്യ വ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നുണ്ട്. നോട്ടുകള്‍ കത്തിച്ച് പ്രതിഷേധിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികളും ആസൂത്രണം ചെയ്തതായാണ് വിവരം. കൂടാതെ അഖിലേന്ത്യ ബന്ദ് ഉള്‍പ്പെടെയുള്ളവയും നടത്താന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് പദ്ധതിയുണ്ട്.