Connect with us

National

മോദിക്ക് ബുദ്ധി ഉപദേശിച്ച സാമ്പത്തിക വിദഗ്ധന്‍ കളം മാറ്റി

Published

|

Last Updated

മുംബൈ: പ്രധാനമന്ത്രിക്ക് നോട്ട് അസാധുവാക്കുകയെന്ന ബുദ്ധി ഉപദേശിച്ച് നല്‍കിയെന്ന് കരുതപ്പെടുന്ന സാമ്പത്തിക വിദഗ്ധനും കളം മാറ്റുന്നു. അര്‍ഥക്രാന്തിയെന്ന സംഘടനയുടെ സ്ഥാപകനും നോട്ട് പിന്‍വലിക്കലെന്ന ആശയം മുന്നോട്ട് വെച്ചയാളുമായ അനില്‍ ബോക്കില്‍ ആണ് നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

നോട്ട് അസാധുവാക്കാനുള്ള തീരുമാനം നടപ്പാക്കിയതില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അനില്‍ ബോക്കില്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ നടപടികള്‍ നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇതല്ല ഞങ്ങള്‍ നിര്‍ദേശിച്ചത്. അഞ്ചിന നിര്‍ദേശങ്ങളാണ് അര്‍ഥക്രാന്തി മുന്നോട്ട് വെച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഭാഗികമായി മാത്രമേ പരിഗണിച്ചുള്ളൂ. അതാകട്ടേ നടപ്പാക്കിയതില്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു. ഉയര്‍ന്ന മൂല്യമുള്ള നോട്ട് അസാധുവാക്കിയത് കൊണ്ട് മാത്രം കള്ളപ്പണം പിടിക്കാന്‍ സാധിക്കില്ല.- 52കാരനായ അനില്‍ ബോക്കില്‍ മുംബൈ മിറര്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ 16 വര്‍ഷമായി ഇത്തരമൊരാശയത്തിന് വേണ്ടി സമ്മര്‍ദം ചെലുത്തി വരികയാണ്. ആശയത്തിനല്ല കുഴപ്പം. അത് നടപ്പാക്കിയതിലാണ്. ഒട്ടും ആലോചനയില്ലാതെയാണ് ആശയം നടപ്പാക്കിയത്. ജൂലൈയില്‍ നടന്ന യോഗത്തിലാണ് ഈ ആശയം മോദിയുമായി പങ്ക് വെക്കുന്നത്. എങ്ങനെയാണ് ഇക്കാര്യം പ്രഖ്യാപിക്കേണ്ടതെന്നും

പ്രയോഗിക്കേണ്ടതെന്നുമുള്ള പദ്ധതി പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. തന്റെ സംഘടന നല്‍കിയ പദ്ധതികളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ താന്‍ നല്‍കിയ അഞ്ച് പ്രധാന നിര്‍ദേശങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് സര്‍ക്കാര്‍ എടുത്തത്. അതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളതെന്നും ബോക്കില്‍ അവകാശപ്പെട്ടു.

2014ലെ തിരഞ്ഞെടുപ്പിന് മുമ്പും മോദിയെ കണ്ടെന്നും കണ്ടുമുട്ടല്‍ രണ്ട് മണിക്കൂര്‍ നീണ്ടു നിന്നിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. നിലവിലുള്ള നികുതി ഘടന അപ്പടി പരിഷ്‌കരിക്കണമെന്ന നിര്‍ദേശവും അര്‍ഥക്രാന്തി മുന്നോട്ട് വെച്ചിട്ടുണ്ട്.

Latest