Connect with us

National

കോണ്‍ഗ്രസ് ശക്തമായി അധികാരത്തില്‍ തിരിച്ചുവരും: സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ശക്തമായി അധികാരത്തില്‍ തിരിച്ചുവരുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. നരേന്ദ്ര മോദിയെയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും ഒരിക്കലും ഉപമിക്കരുതെന്നും അവര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാര്‍ട്ടി നിലവിലുള്ള 45 സീറ്റില്‍ നിന്ന് അധികാരത്തിലെത്തും. കോണ്‍ഗ്രസിന് വന്‍ഭൂരിപക്ഷം ലഭിക്കും. തന്റെ കുട്ടികള്‍ മോദിയെ നിലംപരിശാക്കുമെന്നും അവര്‍ പറഞ്ഞു. ഓരോ രാഷ്ട്രീയകാലഘട്ടത്തിലും പാര്‍ട്ടിക്ക് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ നിന്ന് പാര്‍ട്ടി കരകയറും. മോദിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിച്ചതിനെ കുറിച്ച് പരാമര്‍ശിക്കവെ അതില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അതില്‍ താന്‍ വിശ്വസിക്കുന്നില്ല. മോദി പാര്‍ട്ടിക്ക് ശക്തനായ എതിരാളിയാണെന്നതിനോട് താന്‍ യോജിക്കുന്നില്ല.
കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യം രാഹുല്‍ ഗാന്ധിയിലൂടെയും പ്രിയങ്കാ ഗാന്ധിയിലൂടെയും നിലനിര്‍ത്തുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതും മറുപടി പറയേണ്ടതും താനല്ലെന്ന് അവര്‍ പറഞ്ഞു. ഇന്ദിരാഗാന്ധി രാഷ്ട്രീയത്തില്‍ പാരമ്പര്യത്തിന് പ്രോത്സാഹനം നല്‍കിയെന്ന ആരോപണം തള്ളിയ സോണിയ അവര്‍ താത്പര്യമില്ലാതെയാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയായിയായിരുന്നു ആ ത്യാഗം. രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ വന്‍ വിമര്‍ശനമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. പരിഹാസങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നുണ്ടായി. അവര്‍ പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷയായി. പ്രധാനമന്ത്രിയുമായി. എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകളും അവര്‍ തരണം ചെയ്തുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.