Connect with us

Articles

കള്ളപ്പണവേട്ടയും ചില ഒളിച്ചുകളികളും

Published

|

Last Updated

ഉത്സവപ്പറമ്പില്‍ കള്ളന് പിന്നാലെ ഓടുന്നവരോടൊപ്പം കള്ളനും ഓടുന്നു. അയാളും കള്ളന്‍, കള്ളന്‍ എന്ന ആര്‍പ്പുവിളിയുമായി ഓടിത്തുടങ്ങുന്നതോടെ കള്ളനെ പിടിക്കുവാനുള്ള സര്‍വ സാധ്യതകളും അടയുന്നു. വെറുതെ കുറെ ഓടിയത് മിച്ചം. മോദിയുടെ ഇപ്പോഴത്തെ ഈ നോട്ടു പിന്‍വലിക്കലെന്ന ഇരുട്ടടിയും ഏറെക്കുറെ ഇത്തരം വ്യര്‍ഥമായ ഓട്ടമായി കലാശിക്കുകയേ ഉള്ളൂ എന്നാണ് സാമ്പത്തിക ശാസ്ത്രം അറിയാവുന്നവര്‍ പറയുന്നത്. രാജ്യത്തെ കള്ളപ്പണം എല്ലാം 2016 ഡിസംബര്‍ 30നു മുമ്പ് ബേങ്കുകളില്‍ കൃത്യമായി വന്നു ചേരും. കള്ളപ്പണം എന്ന കുതിരപ്പുറത്തു കയറി സഞ്ചരിക്കുന്ന മുതലാളിമാരെല്ലാം നെറ്റിയില്‍ ചുണ്ണാമ്പു പുരട്ടി “ദാ എന്നെ പിടിച്ചോളൂ” എന്നു പറഞ്ഞ് എക്കണോമിക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ മുമ്പില്‍ ഹാജരായിക്കൊള്ളും എന്നാണ് ശുദ്ധാത്മാക്കളായ കുമ്മനംജിയൊക്കെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ വന്നിരുന്നു ആക്രോശിക്കുന്നത്. പണ്ട് ഇവരുടെ പൂര്‍വികനായ ഒരു നമ്പൂതിരി പറഞ്ഞല്ലോ. “കള്ളന്‍ പണപ്പെട്ടിയല്ലെ കൊണ്ടുപോയൊള്ളു പെട്ടിയുടെ താക്കോല്‍ നമ്മുടെ അരയിലാണല്ലൊ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത്; പിന്നെ പേടിക്കാനെന്തിരിക്കുന്നു?” പാവം നമ്പൂതിരിയുടെ ആത്മവിശ്വാസമായിരിക്കണം മോഡിയും ജയ്റ്റലിയുമൊക്ക പ്രകടിപ്പിക്കുന്നത്.

ഇതൊക്കെപ്പറയുമ്പോഴും നോട്ട്പിന്‍വലിച്ച് കള്ളപ്പണക്കാരെയും കള്ളപ്പണം എന്നാല്‍ അങ്ങാടി മരുന്നോ പച്ചമരുന്നോ എന്ന് ഇതുവരെയും തിരിച്ചറിയാത്ത പാവം മനുഷ്യനെയും ഒരുപോലെ അച്ചടക്കത്തോടെ വരി നിറുത്താന്‍ സാഹചര്യമൊരുക്കിയ മോദിയുടെ ഉദ്ദേശശുദ്ധിയെ മാനിക്കാതെ വയ്യ. ഇതിനു മുമ്പ് ഇത്ര അച്ചടക്കത്തോടെയുള്ള വരി നില്‍ക്കല്‍ മദ്യവില്‍പനശാലകള്‍ക്കു മുമ്പിലെ കണ്ടിട്ടുള്ളൂ. ജനങ്ങള്‍ക്കു മദ്യത്തിനോടുള്ള ആര്‍ത്തിയേക്കാള്‍ പണത്തിനോടാണ് ആര്‍ത്തിയെന്നു തെളിഞ്ഞിരിക്കുന്നു. ഇത് നമ്മുടെ മഹാനടന്‍ മോഹന്‍ലാലിനു മാത്രം അത്രക്കങ്ങ് ബോധ്യം വന്നില്ല. ബാങ്കിനു മുമ്പില്‍ ക്യു നില്‍ക്കുന്നവരുടെ വെപ്രാളം ബിവറേജിനു മുമ്പില്‍ ക്യൂ നില്‍ക്കാന്‍ കീശയില്‍ കാശില്ലാത്തതുകൊണ്ടാണെന്നാണ് മോഹന്‍ലാലിന്റെ നാട്യം. ഇങ്ങനെ കേരളീയരെ ആകെ കള്ളുകുടിയന്മാരെന്നാക്ഷേപിച്ച ലാലേട്ടന്റെ പ്രസ്താവന നമ്മുടെ മദ്യ വിരോധി വി ഡി സതീശനെ ചൊടിപ്പിച്ചിരിക്കുന്നു. സിനിമാവ്യവസായം പോലെ കള്ളും കള്ളപ്പണം കുമിഞ്ഞുകൂടുന്ന മറ്റൊരു മേഖലയില്ലെന്ന കാര്യം ആരെക്കാളും അറിയാവുന്നതും മോഹന്‍ലാലിനു തന്നെ ആയിരിക്കുമല്ലൊ. ബാങ്കു കൗണ്ടറുകള്‍ക്കു മുമ്പില്‍ ക്യൂ നിന്നവരില്‍ 70 പേര്‍ ഇതിനകം കുഴഞ്ഞുവീണ് മരിച്ചതായി മാധ്യമങ്ങള്‍ പറയുന്നു. സാരമില്ല ! കുഴഞ്ഞുവീണു മരിക്കാന്‍ ക്യൂ നില്‍ക്കണമെന്നൊന്നും ഇല്ല. നടന്നു പോകുമ്പോഴും റോഡ് മുറിച്ചു കടക്കുമ്പോഴും വണ്ടി ഡ്രൈവ്‌ചെയ്യുമ്പോഴുമെല്ലാം സംഭവിക്കാവുന്നതേയുള്ളു. ഇതിലും കഷ്ടമാണ് കള്ളപ്പണം അടങ്ങിയ പഴയ നോട്ടുകെട്ടുകള്‍ തലക്ക് വെച്ച് കിടന്നിട്ടും ഉറക്കഗുളിക കഴിച്ചിട്ടും ഉറങ്ങാന്‍ കഴിയാത്ത ഈ രാജ്യത്തെ അധ്വാനവര്‍ഗം (കെ എം മാണിയോട് കടപ്പാട്) അഥവാ അതിസമ്പന്നന്മാരുടെ കാര്യം. എപ്പോഴാണ് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ കതകിനു മുട്ടിവിളിക്കുന്നത്. അതാണവരുടെ ആശങ്ക! ഇങ്ങനെ ഒരു അവസ്ഥ ഇപ്പോഴത്തെ ഈ നോട്ടു മരവിപ്പിക്കല്‍ നടപടി മൂലം ഉണ്ടാകുമെങ്കില്‍ അതത്ര മോശം കാര്യമല്ല. കള്ളപ്പണം എന്ന പൂച്ചയ്ക്കു മണികെട്ടാന്‍ ഏതെങ്കിലും ഒരെലി എപ്പോഴെങ്കിലും ധൈര്യപ്പെട്ടല്ലേ മതിയാകൂ.

ഇതിന്റെ ക്രെഡിറ്റ് അപ്പാടെ മോദി അടിച്ചുമാറ്റുമൊ എന്ന ആശങ്ക നിമിത്തമാണ്, കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും സമരവുമായി പുറപ്പെട്ടിരിക്കുന്നതെന്നാണ് ബി ജെ പി പറഞ്ഞുകൊണ്ടിരിക്കുന്നത്. നോട്ടപിന്‍വലിക്കല്‍ നടപടി അപ്പാടെ പിന്‍വലിക്കണമെന്ന് മമതാബാനര്‍ജി അല്ലാതെ മറ്റ് പ്രമുഖകക്ഷികളുടെ നേതാക്കളാരും ഇതുവരെ പറഞ്ഞു കേട്ടില്ല. (ആയമ്മക്കു അതിനു അവരുടെതായ കാണങ്ങളുണ്ടെന്നു ആര്‍ക്കാണറിയാത്തത്.) കേരളത്തിലെ കോണ്‍ഗ്രസിനോ ഇടതുപക്ഷത്തിനോ അങ്ങനെ ഒരഭിപ്രായമില്ല. പിന്നെയെന്തിനാണ് അവര്‍ പറയാത്ത കാര്യങ്ങള്‍ അവരുടെ വായില്‍ തിരുകിക്കയറ്റി അവര്‍ മൊത്തം കള്ളപ്പണാനുകൂലികളാണെന്നു സ്ഥാപിക്കാന്‍ കേരളത്തിലെ ബി ജെ പി വക്താക്കള്‍ കൂട്ടയോട്ടം നടത്തുന്നത്?
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും ഇടതുപക്ഷത്തിനും പരാതിയുള്ളത് മരവിപ്പിച്ച നോട്ടുകള്‍ പിടിച്ചെടുക്കുന്ന കളിയില്‍ കൊമേഴ്ഷ്യല്‍ ബേങ്കുകള്‍ക്കു നല്‍കിയ അതേ പങ്കാളിത്തം എന്തുകൊണ്ട് സഹകരണ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് അനുവദിക്കുന്നില്ല എന്ന ഒറ്റ കാര്യത്തില്‍ മാത്രമാണ്. സഹകരണ മേഖലയെ തകര്‍ക്കാന്‍ ഞങ്ങള്‍ക്കുദ്ദേശമില്ലെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറുള്ള സഹകരണ ബാങ്കുകള്‍ക്കു രാജ്യത്തെ ബാങ്കിംഗ് ചട്ടങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനാനുമതി നല്‍കണമെന്നു തന്നെയാണ് തങ്ങളുടെ അഭിപ്രായമെന്നു ബി ജെ പിക്കാരും പറയുന്നു. ആ നിലക്കു പിന്നെയെന്തിനാണിങ്ങനെ ഒരു നിഴല്‍യുദ്ധം? അവിടെയാണ്, എവിടെയൊക്കെയൊ ചില ഒളിച്ചുകളി രണ്ടു ഭാഗത്തും സൂക്ഷ്മദൃക്കുകള്‍ക്കു കാണാനാകുന്നത്.

മുഖ്യധാരാ സമ്പദ്‌വ്യവസ്ഥക്കു സമാന്തരമായി മറ്റൊരു സമ്പദ്‌വ്യവസ്ഥ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഹ്രസ്വകാലാടിസ്ഥാനത്തില്‍ ചില നേട്ടങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതപകടകരമാണ്. അതൊരുതരത്തില്‍ തീ പിടിച്ച വാഹനത്തിലെ യാത്രക്കു തുല്യമാണ്. ഈ കാര്യം ആഗോളവത്കരണ കാലത്തിനു മുമ്പു തന്നെ മഹാത്മ ഗാന്ധി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഗാന്ധിജിയുടെ സര്‍വോദയം എന്ന ആശയം ജോണ്‍റസ്‌ക്കില്‍ എന്ന ഇംഗ്ലീഷ് ദാര്‍ശനികന്റെ അന്ത്യോദയം (ൗിീേ വേല ഹമേെ) എന്ന ആശയത്തിന്റെ അനുകരണമായിരുന്നു. സാമ്പത്തിക ശാസ്ത്രം പഠിക്കാത്ത ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്രം എന്നു പുച്ഛിച്ചുകൊണ്ട് നമ്മള്‍ ഗാന്ധിജിയെ കറന്‍സിനോട്ടുകളിലെ ഒരടയാള മുദ്രയാക്കി അഞ്ഞൂറ്, ആയിരം, രണ്ടായിരം നോട്ടുകളിലായിരുന്നില്ല ഏറ്റവും ചെറിയ മൂല്യമുള്ള നാണയതുട്ടുകളിലായിരുന്നു ഗാന്ധിജിയുടെ മുഖം മുദ്രണം ചെയ്യേണ്ടിയിരുന്നത്. നിങ്ങളുടെ ചെയ്തികള്‍ ശരിയോ തെറ്റോ എന്നു നിര്‍ണയിക്കാന്‍ ഗാന്ധിജി നിര്‍ദേശിച്ച ഒരേയൊരു മാനദണ്ഡം അത് ഏറ്റവും ദരിദ്രനായ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു എന്നതായിരിക്കണം എന്നായിരുന്നല്ലോ. നോട്ടിന്റെ മറുവശത്ത് മോദിയുടെ കണ്ണടയും”സ്വച്ഛ്ഭാരത്”എന്ന മോദിവചനവും ഇടം പിടിച്ചിട്ടുണ്ട്. നന്നായി ഇനി എപ്പോഴാണ് മോദി അകത്തും ഗാന്ധിജി പുറത്തും എന്നേ അറിയേണ്ടതുള്ളു.

ഏണസ്റ്റ്ഷൂമാക്കര്‍ ( 1916-1977) എന്നു പേരുള്ള ഒരു ജര്‍മ്മന്‍- ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞന്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തെ അറിയാവുന്ന നമ്മുടെ സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ പോലും അവരുടെ ചില ആഗോളയജമാന്മാരോടുള്ള കൂറുനിമിത്തമാകാം, ഷൂമാക്കറോ- ആ മനുഷ്യനെ ഞാനറിയില്ല എന്ന മട്ടില്‍ തള്ളിപ്പറയുന്നതും കേട്ടിട്ടുണ്ട്. ജര്‍മന്‍കാരനായ ഷൂമാക്കര്‍ 1937 മുതല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടന്റെ യുദ്ധാനന്തര ക്ഷേമരാഷ്ട്രത്തിനു വേണ്ടിയുള്ള പദ്ധതികളില്‍ നേതൃത്വപരമായ പങ്കാളിത്തം വഹിച്ചു പ്രവര്‍ത്തിച്ചു. 1950-70 കാലഘട്ടത്തില്‍ ബ്രിട്ടന്റെ കല്‍ക്കരിഖനി ദേശസാത്കരിച്ചപ്പോള്‍ കല്‍ക്കരി വ്യവസായത്തിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു. 1955 ലെ ബര്‍മാ സന്ദര്‍ശനത്തിനു ശേഷം ദരിദ്രരാഷ്ട്രങ്ങല്‍ക്കു ഒരു മധ്യവര്‍ത്തി സാങ്കേതികവിദ്യ ആവശ്യമാണെന്നു അദ്ദേഹത്തിനു ബോധ്യപ്പെട്ടു. സമ്പന്ന ദരിദ്ര രാജ്യങ്ങളെന്ന ഭേദമില്ലാതെ ഭീമമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോളമുതലാളിത്ത വ്യവസ്ഥിതി ജനങ്ങളുടെ സാംസ്‌ക്കാരിക അധഃപതനത്തിനു കാരണമാകുന്നുവെന്നു സമര്‍ഥിച്ചുകൊണ്ട് അദ്ദേഹം ഒരു പുസ്തകം എഴുതി. അതിന്റെ പേര്””സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍”; ചെറുതാണ് സുന്ദരം. മുതലാളിത്തവ്യവസ്ഥയുടെ നട്ടെല്ലായ വന്‍കിടവ്യവസായങ്ങളും കൂറ്റന്‍ പട്ടണങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിനു ഗുണകരമായിരിക്കില്ലെന്നും പാവപ്പെട്ട മനുഷ്യരുടെ ജീവിതം കൂടുതല്‍ ദുര്‍വഹമാക്കുമെന്നും അദ്ദേഹം സമര്‍ഥിച്ചു. ഷൂമാക്കറുടെ പ്രവചനം ശരിവെക്കുന്ന സംഭവങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ പിന്നീട് സംഭവിച്ചത്. ഷൂമാക്കറുടെ മറ്റൊരു പുസ്തകമായിരുന്നു “ലിസണ്‍ ലിറ്റില്‍ മാന്‍”- ചെറിയ മനുഷ്യരെ ശ്രദ്ധിക്കുക.

ആഗോളവത്കരണത്തിന്റെ അപകട കാഹളം അന്തരീക്ഷത്തില്‍ മുഴങ്ങി തുടങ്ങിയ 1970കളുടെ അവസാന വര്‍ഷങ്ങളില്‍ ഇവിടുത്തെ ഇടതുപക്ഷബുദ്ധിജീവികളും ശാസ്ത്ര സാഹിത്യപരിഷത്തുകാരുമൊക്കെ വരാന്‍പോകുന്ന ഒരാപത്തിനെതിരായ മുന്‍കൂര്‍ പ്രതിരോധവുമായി, വിദ്യാഭ്യാസരംഗത്ത് പൗലോ ഫ്രെയറേയും സാമ്പത്തിക രംഗത്ത് ഷൂമാക്കറേയും മനഃശാസ്ത്രരംഗത്ത് വില്‍ഹംറീഗിനെയും മതമൗലികതാവാദരംഗത്ത് വിവിധ വിമോചനദൈവശാസ്ത്രചിന്തകരെയും ജനങ്ങള്‍ക്കു മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കുകയും അവരുടെ കണ്ടെത്തലുകളെ സാധാരണ മനുഷ്യരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ പിന്നീട് മധ്യവര്‍ഗബുദ്ധിജീവികള്‍ക്കു മുമ്പില്‍ ആഗോളമുതലാളിത്തം തുറന്നുവെച്ച സമുന്നതാവാദം (ലഹശശോെ) എന്ന ചൂണ്ടയിട്ട് കൊടുത്ത് നിങ്ങള്‍ക്കും എലൈറ്റാകാം. ഒരിക്കല്‍ ആ ചൂണ്ടയില്‍ കൊത്തിയവര്‍ അതിന്റെ രുചി അറിഞ്ഞവര്‍, അവര്‍ ഛര്‍ദിച്ചത് അത്രയും വിഴുങ്ങേണ്ട ഗതികേടാണ് പിന്നീട് സംഭവിച്ചത്.
ഇതിന്റെ അനന്തരഫലമാണ് ഇനി വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇവിടുത്തെ സാമാന്യജനം അനുഭവിക്കാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍. നിങ്ങള്‍ അര്‍ഹിക്കാത്ത പണം നിങ്ങളുടെ അധീനതയില്‍ വന്നുചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും കള്ളപ്പണമാണ്. കള്ളപ്പണത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന എത്രപേര്‍ക്കു നെഞ്ചില്‍ കൈ വെച്ച് പറയാനാകും തങ്ങളുടെ കൈകളില്‍ കള്ളപ്പണത്തിന്റെ കറ പുരണ്ടിട്ടില്ലെന്ന്. കള്ളപ്പണക്കാര്‍ അവസരത്തിനൊത്ത് വേഷപ്പകര്‍ച്ച നടത്തുന്നവരാണ്. ഒരിക്കല്‍ അവര്‍ നാട്ടിന്‍പുറത്തെ വിലമുറിക്കല്‍കാരായിരുന്നു. കൃഷിയിടങ്ങളിലെ വിളവിനു കണ്‍മതിക്കു വിലനിശ്ചയിച്ച് മുന്‍കൂര്‍ പണം നല്‍കി കര്‍ഷകന്റെ അധ്വാനഫലം തുച്ചമായ പ്രതിഫലം നല്‍കി സ്വന്തമാക്കി. ഈ ഏര്‍പ്പാട് ഏറെ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നു മനസ്സിലാക്കി കൈവശമുള്ള പണം ആവശ്യക്കാര്‍ക്കു കൊള്ളപ്പലിശക്കു നല്‍കി.
നബിതിരുമേനിയുടെ കാലത്തെ അറേബ്യയിലും പണം പലിശക്കു കൊടുത്ത് പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന അട്ടകളുടെ ശല്യം കലശലായിരിന്നിരിക്കണം. അതുകൊണ്ടായിരിക്കുമല്ലൊ പരിശുദ്ധ ഖുര്‍ആന്‍ പലിശയെ ഏറ്റവും വലിയ തിന്മയായി ചിത്രീകരിച്ചത്.

നബിയുടെ അനുയായികളെന്നു സ്വയം അവകാശപ്പെടുന്നവര്‍ പോലും പലിശ എന്ന പിശാചിന്റെ പ്രഛന്നരൂപങ്ങളായ ലാഭം എന്ന ആശയത്തിലേക്കാകൃഷ്ടരായി. ഇസ്‌ലാമിക് ബാങ്കിംഗ് എന്ന ആശയത്തെ ഇപ്പോഴത്തെ ധനമന്ത്രി തോമസ്‌ഐസക് പോലും അനുകൂലിച്ചിരുന്നു. നീണ്ട 60 വര്‍ഷക്കാലം കേരളഭരണത്തില്‍ പങ്കുപറ്റിയ മുസ്‌ലിം ലീഗ് കക്ഷിയുടെ നേതാക്കളാരും ഇതുവരെ ഇസ്‌ലാമിക് ബാങ്ക് എന്നആശയത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടി കേട്ടില്ല. കക്ഷത്തിലരിക്കന്നത് ഉപേക്ഷിക്കാതെ ഉത്തരത്തിലിരിക്കുന്നത് എടുക്കാനാകില്ല സുഹൃത്തേ. ഒരു കാല് ഇസ്‌ലാമിലും മറ്റേ കാല് അക്രമോത്സകമായ മുതലാളിത്തത്തിലും ഒരു കാല് സോഷ്യലിസത്തിലും മറ്റേ കാല് ആര്‍ത്തി ഒടുങ്ങാത്ത മുതലാളിത്തത്തിലും. ദയവായി ഈ ഒളിച്ചുകളി അവസാനിപ്പിക്കൂ. അല്ലെങ്കില്‍ ഞങ്ങള്‍ ജനം വിളിച്ചുപറയും ഓടണ്ട അമ്മാവാ ആളറിയാം. എന്തുകൊണ്ട് പലിശ പാടില്ലെന്നു നിര്‍ദേശിക്കപ്പെട്ടുവൊ അതേ കാരണങ്ങള്‍ ബാധകമായ അമിതലാഭത്തിലേക്കാകൃഷ്ടരാകാന്‍ മുസ്‌ലിം ജനസാമാന്യത്തിനൊരു മടിയും ഉണ്ടായില്ല. പലിശയെന്ന മൂധേവിയുടെ വെറുമൊരു പ്രഛന്നവേഷം മാത്രമായിരുന്ന മുതലാളിത്തത്തിന്റെ ഇഷ്ട സന്താനത്തെക്കുറിച്ച് ഫ്രെഡറിക് എംഗല്‍സ് ആര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

നികുതിവെട്ടിപ്പ്, കള്ളക്കടത്ത്, കള്ളനോട്ട്, റിയല്‍ എസ്റ്റേറ്റ്, ലോട്ടറി, ക്രിക്കറ്റ് വാത്‌വെപ്പ്, ഷെയര്‍മാര്‍ക്കറ്റ്(ഊഹക്കച്ചവടം) ഇങ്ങനെ എത്രയെത്ര വേഷങ്ങളിലാണ് ധനാര്‍ത്തി എന്ന പൂതന അവളുടെ അനാവൃത സ്തനങ്ങളുമായി സാധാരണമനഷ്യനെ സമീപിക്കുന്നത്. അത്തരം ഒരു പൂതനയാണോ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍? അങ്ങനെയെങ്കില്‍ അത് നടത്തുന്നവര്‍ കോണ്‍ഗ്രസോ സി പി എമ്മോ മുസ്‌ലിം ലീഗോ കേരളാകോണ്‍ഗ്രസോ ബി ജെ പിയോ ആരുതന്നെയാകട്ടെ, ആരായാലും ആ പൂതനയെ നിഗ്രഹിക്കാന്‍ ഒരു കൃഷ്ണന്‍ കൂടിയേ തീരൂ. പറഞ്ഞുവരുന്നത് മോദി ഇത്തരം ഒരു കൃഷ്ണനാണെന്നൊന്നുമല്ല. അധികാരം ഉപയോഗിച്ച് പണം ഉണ്ടാക്കുക, പണം ഉപയോഗിച്ച് അധികാരം സ്വായത്തമാക്കുക ഈ ഒരു സമീപനമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പൊതുവെ കണ്ടുവരുന്നത്. കേരളത്തില്‍ ഒരു സമാന്തര സമ്പദ്‌വ്യവസ്ഥയായി മാറിക്കഴിഞ്ഞ സഹകരണ സ്ഥാപനങ്ങള്‍ അധികാരത്തലേക്കുള്ള ഏണിപ്പടികളായി ആരെങ്കിലും ഉപയോഗിക്കുന്നെങ്കില്‍ അവരതില്‍ നിന്നു പിന്തിരിയുക തന്നെ വേണം. സഹകരണസമരങ്ങളില്‍ ഇടതും വലതും കൈകോര്‍ക്കുന്നതിനു മുമ്പ് ഭരണം കൈയാളിയിരുന്ന കാലത്തെ കൈക്കൂലിക്കാശോ അത്രശരിയല്ലാത്ത മാര്‍ഗങ്ങളിലൂടെ സമാഹരിച്ച മറ്റ് വല്ല കാശോ അടുത്ത തിരഞ്ഞെടുപ്പു കാലത്ത് വാരിക്കോരി ചെലവാക്കാം എന്ന പ്രതീക്ഷയിലാണെങ്കില്‍ കൂടെ വല്ലതും സഹകരണ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കുകള്‍ നല്‍കി നിയമാനുസൃതനികുതികള്‍ നല്‍കി സഹകരിക്കട്ടെ. എന്നിട്ട് പോരേ സഹകരണപ്രസ്ഥാനത്തിന്റെ ഗുണഭോക്താക്കളായ ഗ്രാമീണരെ ചൊല്ലിയുള്ള വിലാപം. “നേരെ വാ നേരെ പോ” ഒളിച്ചുകളികള്‍ അവസാനിപ്പിക്കുക. കെ സി വര്‍ഗീസ്- ഫോണ്‍. 9446268581

Latest