Connect with us

Ongoing News

കേരള ബാസ്റ്റേഴ്‌സ് പൂനെ സിറ്റി എഫ് സി പോരാട്ടം ഇന്ന്; ഹ്യൂസ് കളിക്കും

Published

|

Last Updated

ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍

ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍

കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായക പോരാട്ടം. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പൂനെ സിറ്റി എഫ് സിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കഴിഞ്ഞ മത്സത്തില്‍ മുംബൈ സിറ്റി എഫ് സിയോട് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തോറ്റതിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകണമെങ്കില്‍ സ്റ്റീവ് കോപ്പലിനും സംഘത്തിനും ഇന്ന് ജയിച്ചേ മതിയാകൂ.

ഇന്ന് ജയിച്ചില്ലെങ്കില്‍ സെമി സാധ്യതകള്‍ തുലാസിലാകുമെന്നതിനാല്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇന്ന് ജയിക്കുന്ന ടീമിന് 18 പോയിന്റുമായി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ കഴിയും. പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞ മുംബൈ സിറ്റി എഫ് സിയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. കൊല്‍ക്കത്ത രണ്ടാമതും.
കഴിഞ്ഞ മത്സരത്തില്‍ വലിയ തോല്‍വി പിണഞ്ഞെങ്കിലും ലക്ഷ്യം സെമി ഫൈനല്‍ തന്നെയാണെന്ന് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ ആനൂകൂല്യത്തില്‍ വിലപിടിച്ച മൂന്ന് പോയിന്റ് സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. എല്ലാ ശക്തിയും ഉപയോഗിച്ചു കളിക്കുമെന്നും കോപ്പല്‍ വ്യക്തമാക്കി.

ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇതായിരുന്നില്ല സ്ഥിതി. അന്ന് ആരും ബ്ലാസ്റ്റേഴ്‌സ് യോഗ്യത നേടുമെന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ കഠിന പ്രയത്‌നത്തിലൂടെ ടീം തിരിച്ചുവരവ് നടത്തി. തോല്‍ക്കുമ്പോഴും ജയിക്കുമ്പോഴും അമിതമായി പ്രതികരിക്കാന്‍ താന്‍ ഇല്ല. 14 മത്സരങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ടീമിനെ വിധിക്കേണ്ടത്. മുംബൈയുമായ മത്സരത്തില്‍ നിന്ന് ഏറെ പഠിക്കാന്‍ കഴിഞ്ഞു. പൂനെക്കെതിരെ മാര്‍ക്വു താരം ആരോണ്‍ ഹ്യൂസ് കളിക്കാനിറങ്ങുമെന്നും കോപ്പല്‍ വ്യക്തമാക്കി.

ഗുവാഹത്തിയില്‍ നിന്ന് നീണ്ട യാത്ര കഴിഞ്ഞെത്തിയ പൂനെ ടീമിന്റെ പരിശീലകന്‍ ആന്റോണിയോ ഹബാസ് ഇന്നലെ പനി കാരണം വാര്‍ത്താ സമ്മേളനത്തില്‍ എത്തിയില്ല. പകരം സഹപരിശീലകന്‍ ഡേവിഡ് മോളിനറും ടീമംഗം രാഹുല്‍ ബെക്കയുമാണ് എത്തിയത്. എല്ലാ ടീമുകള്‍ക്കും സെമിഫൈനല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇന്നത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണെന്ന് ഡേവിഡ് മോളിനര്‍ പറഞ്ഞു.

Latest