Connect with us

Kerala

നാളികേരം നാടിന്റെ നന്മ; 'തെങ്ങിന്റെ വക്കീല്‍' തിരക്കിലാണ്‌

Published

|

Last Updated

തൃശൂര്‍: കേരളത്തിന് ആ പേര് നല്‍കിയ നാണ്യവിളയില്‍ നിന്ന് ശുദ്ധമായ വിവിധ ഉത്പന്നങ്ങള്‍ പുറത്തിറക്കി വിപണി കൈയടക്കിയിരിക്കുകയാണ് അഭിഭാഷകവൃത്തി ഉപേക്ഷിച്ച തൃശൂരിലെ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ മോഹനന്‍. ഇപ്പോള്‍ തന്റെ അപരനാമം “തെങ്ങിന്റെ വക്കീല്‍” എന്നാണെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിറയുന്നത് അഭിമാനത്തിന്റെയും ചാരിതാര്‍ഥ്യത്തിന്റെയും സമ്മിശ്ര വികാരങ്ങള്‍.
ഓര്‍ഗാനിക് വിര്‍ജിന്‍, വിര്‍ജിന്‍ കോക്കനട്ട് തുടങ്ങിയ ഓയിലുകളെ കൂടാതെ ഡെസികേറ്റഡ് കോക്കനട്ട് പൗഡര്‍, മൗത്ത് വാഷ്, ഷേവിംഗ് ഓയില്‍, ടൂത്ത്‌പേസ്റ്റ്, കാപ്‌സ്യൂള്‍, ഹെയര്‍ ഓയില്‍, ബേബി ഓയില്‍ എന്നിവയും ഇദ്ദേഹം ആഭ്യന്തര, രാജ്യാന്തര വിപണികളിലെത്തിക്കുന്നു. ഇന്ന് വ്യാപകമായ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരെ ചെറുക്കാന്‍ ഔഷധിയായി ഉപയോഗിക്കാവുന്ന വിര്‍ജിന്‍ കോക്കനട്ട് ഓയിലിന് തന്നെയാണ് ഇവയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത്. തേങ്ങാപ്പാലില്‍ നിന്നാണിത് നിര്‍മിക്കുന്നത്. ദിവസേന വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ വിര്‍ജിന്‍ ഓയില്‍ കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറച്ചുകൊണ്ടുവരാമെന്നും ശരിയായ ശോധന ലഭിക്കുമെന്നും മോഹനന്‍ പറയുന്നു.
കേരടെക്കിന്റെ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഇമ്മ്യൂണിറ്റി കാപ്‌സ്യൂളിനും നല്ല മാര്‍ക്കറ്റാണ് ലഭിക്കുന്നത്. നിലവില്‍ വാടാനപ്പള്ളിയിലും ഏങ്ങണ്ടിയൂരിലുമാണ് കമ്പനിക്ക് സംസ്‌കരണ യൂനിറ്റുകള്‍ ഉള്ളത്. ഈ പ്രദേശങ്ങളിലും തൃത്തല്ലൂര്‍, കൊച്ചി, താനെ, മുംബൈ എന്നിവിടങ്ങളിലും ഓഫീസും മാര്‍ക്കറ്റിംഗ് വിഭാഗവും പ്രവര്‍ത്തിക്കുന്നു. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും ഇതുവഴി കഴിയുന്നു. ആഭ്യന്തര വിപണി വളര്‍ത്തുന്നതിന് നാളികേര ഉത്പന്നങ്ങള്‍ മാത്രം ലഭിക്കുന്ന വഴിയോര കടകള്‍ (കോക്കനട്ട് കിയോസ്‌കുകള്‍) എന്ന ആശയവും മോഹനന്റെതായുണ്ട്. കേരടെകിന്റെ മാത്രമല്ല, ഏത് കമ്പനിയുടെ ഉത്പന്നങ്ങളും അദ്ദേഹം സജ്ജീകരിച്ചു നല്‍കുന്ന കിയോസ്‌കുകളില്‍ വില്‍ക്കാം.

Latest