Connect with us

Malappuram

മാവോയിസ്റ്റ് വേട്ട രഹസ്യവിവരത്തെ തുടര്‍ന്ന്‌

Published

|

Last Updated

മലപ്പുറം: കരുളായി പടുക്ക വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പോലീസ് മാവോവാദികളെ തേടിയിറങ്ങിയത്. ഇതിനായി പരിശീലനം നേടിയ പോലീസ് സംഘത്തെയും തണ്ടര്‍ബോള്‍ട്ടിനെയും സജ്ജമാക്കി നിര്‍ത്തുകയും ചെയ്തിരുന്നു.

കുപ്പു ദേവരാജിന്റെ നേതൃത്വത്തിലുള്ള ചെറിയ സംഘം ആദിവാസി ഊരില്‍വന്നുപോയെന്ന വിവരമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നത്. ഉച്ചയോടെയാണ് വെടിവെപ്പ് നടന്നതായി പറയപ്പെടുന്നതെങ്കിലും അതിരാവിലെ തന്നെ വനത്തിനുള്ളിലേക്ക് കമാന്റോ സംഘം മാവോയിസ്റ്റ് വേട്ടക്കിറങ്ങിയതായാണ് റിപ്പോര്‍ട്ട്. മലപ്പുറം എസ് പി ദേബേഷ്‌കുമാര്‍ ബെഹ്‌റ രാവിലെ മുതല്‍ നിലമ്പൂരിലെത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍മാത്രം അറിഞ്ഞായിരുന്നു ഓപ്പറേഷന്‍. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. സ്ഥലം പോലീസ് സംഘം വളഞ്ഞപ്പോള്‍ മാവോയിസ്റ്റുകളുടെ ‘ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായി എന്നാണ് വിവരം. പോലീസിന്റെ ആക്രണം രൂക്ഷമായപ്പോള്‍ മാവോയിസ്റ്റുകള്‍ പ്രതിരോധിക്കാനാവാതെ പിന്തിരിഞ്ഞോടി. കരുളായി ഫോറസ്റ്റ് റേഞ്ചിന്റെയും വഴിക്കടവ് ഫോറസ്റ്റ് റേഞ്ചിന്റെയും അതിര്‍ത്തിയില്‍ മൂത്തേടം പഞ്ചായത്തിലാണ് വെടിവെപ്പുണ്ടായത്. പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് എട്ട് കിലോമീറ്റര്‍ വനത്തിനുള്ളിലാണ് സംഭവം.

വനത്തിനുള്ളിലേക്ക് ആറ് കിലോമീറ്റര്‍ മാത്രമാണ് ചെറിയ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ. പിന്നീടുള്ള രണ്ട് കിലോമീറ്ററോളം ദുര്‍ഘടമായ പാതയാണുള്ളത്. കഴിഞ്ഞ മാസവും ഇത്തരമൊരു ഓപ്പറേഷനുമായി കേരള പോലീസ് നീങ്ങിയിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ സംഭവം പുറത്തായതോടെ പിന്‍വാങ്ങുകയായിരുന്നുവത്രെ. നേരത്തെയും ഇതേ മേഖലയില്‍ പോലീസിനുനേരെ ആക്രണം നടന്നിരുന്നു. അന്നും ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത് കപ്പു ദേവരാജായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. 20 വര്‍ഷമായി പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുന്നയാളാണ് കൊല്ലപ്പെട്ട കപ്പു ദേവരാജന്‍. കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞിട്ട് മൂന്ന് വര്‍ഷത്തിലേറെയായെങ്കിലും ഇപ്പോള്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരുന്നത്. 2010 ജൂലൈ എട്ടിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ പ്രഷര്‍ വാല്‍വുകള്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തിരുന്നു. കര്‍ണാടക വനവും തമിഴ്‌നാടിന്റെ മുതുമലയും കേരളത്തിന്റെ വനമേഖലയും ചേര്‍ന്ന് കിടക്കുന്നതിനാലാണ് കേരളത്തിലെത്തിയ മാവോയിസ്റ്റ് സംഘങ്ങള്‍ ഇവിടം താവളമാക്കാന്‍ കാരണം.

വിസ്താരമേറിയ വനമേഖലകള്‍ മാവോയിസ്റ്റുകള്‍ ഏറെ സുരക്ഷിതമായാണ് കണക്കാക്കുന്നത്. ഉള്‍വനങ്ങളിലെത്തി മാവോയിസ്റ്റ് വേട്ട പോലീസിനും വനം വകുപ്പിനും ഏറെ പ്രയാസമേറിയതാണ്. വയനാട്, കണ്ണൂര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും സുരക്ഷിത മേഖല എന്ന നിലക്കാണ് നിലമ്പൂര്‍ കാടുകള്‍ ഇവര്‍ തിരഞ്ഞെടുത്തത്. വനത്തോട് ചേര്‍ന്ന് ധാരാളം ആദിവാസി കോളനികള്‍ ഉള്ളത് ഇവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി. ഭക്ഷണത്തിനായി ഇവര്‍ മിക്കവാറും ആശ്രയിച്ചിരുന്നത് കോളനികളെയായിരുന്നു. മാവോയിസ്റ്റുകള്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയതും ആദിവാസികളുടെ ഇടയിലായിരുന്നു.