Connect with us

Kerala

സാമ്പത്തിക ഉപദേഷ്ടാവിന്റെ ലേഖനത്തെ ചൊല്ലിയുള്ള വിവാദം; വിശദീകരണവുമായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് എഴുതിയ ലേഖനത്തെ ചൊല്ലിയുണ്ടായ വിവാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായിവിജയന്‍ രംഗത്തെത്തി. നോട്ട് നിരോധനം നടപ്പാക്കി മോഡിയുടെ നടപടി ധീരമാണെന്ന ലേഖനത്തിലെ വരികളാണ് ചിലര്‍ ഏറ്റുപിടിച്ചത്. എന്നാല്‍ ഈ പ്രചാരണം തെറ്റിദ്ധാരണജനകമാണെന്നും ലേഖനം മുഴുവന്‍ വായിക്കാത്തതിന്റെ പ്രശ്‌നമാണെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണകുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…….

സോഷ്യല്‍ മീഡിയയിലും പൊതു മാധ്യമങ്ങളിലുമായി പ്രൊഫ. ഗീതാ ഗോപിനാഥ് കറന്‍സി പിന്‍വലിക്കല്‍ വിഷയത്തില്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു എന്ന മട്ടില്‍ പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടു.
വീണ്ടുവിചാരമില്ലാതെയും ജനങ്ങളെ മുന്നില്‍ കാണാതെയും പൊടുന്നനെ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ദുരന്തം അനുഭവിക്കുകയാണ് രാജ്യം. ആ വിഷയത്തില്‍ നാനാഭാഗത്തു നിന്നും പ്രതികരണങ്ങള്‍ വരുന്നുമുണ്ട്. സാമ്പത്തിക വിദഗ്ധ എന്ന നിലയില്‍ പ്രൊഫസര്‍ ഗീതാ ഗോപിനാഥിന്റെ പ്രതികരണവും വന്നു കണ്ടു. അതിന്റെ പൂര്‍ണരൂപം വായിച്ചു. (ലിങ്ക് ചുവടെ) എല്ലാവര്‍ക്കും വായിക്കാവുന്നതാണ്. ആദ്യ രണ്ടു ഖണ്ഡികയല്ല മുഴുവനായി. അതില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി, നടത്തിപ്പിലെ പിശക്, ജനങ്ങളുടെ രോഷം, ബദല്‍ നിര്‍ദേശം ഇങ്ങനെ എല്ലാമുണ്ട്.
മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ സമയ ഉപദേഷ്ടാവല്ല ഗീതാ ഗോപിനാഥ് എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതു കൊണ്ടു തന്നെ സര്‍ക്കാരിന്റേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതോ പ്രകടിപ്പിക്കുന്നതോ അസ്വാഭാവികമല്ല. ഇവിടെ അവരുടെ പ്രതികരണത്തിലെ ഒരു പ്രയോഗം കണ്ട് ആവേശം കൊണ്ട ചിലര്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുകയാണെന്ന് കരുതണം. ഇന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളാണ് അവര്‍ വിശദീകരിച്ചിട്ടുള്ളത്. അത് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ സാമ്പത്തിക വിദഗ്ധയുടെ സ്വാന്ത്ര്യം തന്നെയാണ്. കേരളം അവരില്‍ നിന്ന് സ്വീകരിക്കുന്നത് സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഉപദേശുവും സഹായവുമാണ്; ലോക സാമ്പത്തിക വിഷയങ്ങളില്‍ അവര്‍ എടുക്കുന്ന നിലപാടോ പറയുന്ന അഭിപ്രായമോ അല്ല.

---- facebook comment plugin here -----

Latest