Connect with us

Kerala

ഏകപക്ഷീയ വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് പോലീസ്

Published

|

Last Updated

നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യജ ഏറ്റുമുട്ടലിലല്ലെന്ന് ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹ്‌റ. പോലീസ് ഏകപക്ഷീയമായാണ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന രീതിയില്‍ വരുന്ന പ്രചാരണം ശരിയല്ല. പട്രോളിംഗിനിടയില്‍ മാവോയിസ്റ്റുകള്‍ പോലീസിനു നേരെ വെടിയുതിര്‍ത്ത സാഹചര്യത്തിലാണ് മാവോയിസ്റ്റുകള്‍ക്ക് നേരെ പോലീസിന്റെ ഭാഗത്ത് നിന്നും വെടിവെപ്പ് നടന്നത്. ഓടുന്നതിനിടയിലാണ് കൊല്ലപ്പെട്ട കുപ്പു ദേവരാജനും കാവേരിക്കും വെടിയേറ്റത്. രക്ഷപ്പെട്ട സംഘത്തില്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ വയനാട് സ്വദേശി സോമന്‍ ഒരു വനിത എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട കുപ്പുദേവരാജന്‍ സി പി ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗമാണെന്നും ബെഹ്‌റ നിലമ്പൂര്‍ കെ എ പി ക്യാമ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രക്ഷപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ആറ് മാസമായി കരുളായി വനമേഖലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ പട്രോളിംഗ് നടന്നു വരികയാണ്.
കൊല്ലപ്പെട്ട ദേവരാജന്റെ തലക്ക് വിവിധ സര്‍ക്കാറുകള്‍ 1.12 കോടി രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളുടെ പേരില്‍ നിരവധി കേസുകളും സംസ്ഥാനത്തുണ്ട്. കൊല്ലപ്പെട്ട കാവേരി തമിഴ്‌നാട് ചെന്നൈ സ്വദേശിയാണ്.
ഇവരുടെ പേരില്‍ കേസുകളുള്ളതായി രേഖകള്‍ ലഭിച്ചിട്ടില്ല. മരിച്ച ദേവരാജന്റെ കൈയില്‍ നിന്നും ലഭിച്ച ഐ പാഡില്‍ നിന്നും വിക്രംഗൗഡയോടൊപ്പമുള്ള ദൃശ്യങ്ങളും ഉണ്ട്. ദേവരാജന്‍, വിക്രംഗൗഡ തുടങ്ങിയ മുതിര്‍ന്ന മാവോയിസ്റ്റുകള്‍ സംഘത്തിലുള്ളത് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്നാണ് സൂചന.