Connect with us

International

'വധശ്രമ അതിജീവനം ഒളിമ്പിക്‌സ് ഇനമെങ്കില്‍ എനിക്ക് സ്വര്‍ണം ഉറപ്പ്'

Published

|

Last Updated

പതിറ്റാണ്ടുകളോളം ക്യബന്‍ ജനതയെ നയിച്ച ഫിദലിന് നേരെ 638 വധശ്രമങ്ങളാണ് അമേരിക്ക നടത്തിയത്. 1958നും 2000ത്തിനുമിടയിലായിരുന്നു ഇത്രയും നീക്കങ്ങള്‍. ക്യൂബയുടെ പ്രസിഡന്റായി അധികാരത്തിലേറിയതിന്റെ രണ്ടാം വര്‍ഷം തന്നെ കാസ്‌ട്രോയെ വധിക്കാന്‍ യു എസ് ചാരസംഘടനയായ സി ഐ എ രണ്ട് അധോലോക നായകരെ നിയോഗിച്ചിരുന്നെന്ന വിവരം പുറത്തുവന്നത് അടുത്തിടെയാണ്. മുന്‍ എഫ് ബി ഐ ഉദ്യോഗസ്ഥനെ ഉപയോഗിച്ചാണ് 1960ല്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കിയതെന്ന് സി ഐ എ തന്നെയാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. കാസ്‌ട്രോയുടെ ഭക്ഷണത്തില്‍ ചേര്‍ക്കാനുള്ള വിഷഗുളികകളാണ് ഗുണ്ടകളെ ഏല്‍പ്പിച്ചത്. എന്നാല്‍, ഈ വധനീക്കം ഉള്‍പ്പെടെ എല്ലാം പാളിപ്പോകുകയായിരുന്നു. ഈ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു ഡോക്യുമെന്ററി തന്നെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ആത്മഹത്യ ശ്രമങ്ങള്‍ അതിജീവിക്കല്‍ ഒരു ഒളിമ്പിക്‌സ് ഇനമായിരുന്നെങ്കില്‍ തനിക്ക് സ്വര്‍ണമെഡല്‍ ഉറപ്പാണ് എന്നായിരുന്നു ഇതേക്കുറിച്ച് ഏറ്റവും സരസമായി രീതിയില്‍ കാസ്‌ട്രോ തന്നെ പ്രതികരിച്ചത്.
ഫിഡലിന്റെ ശീലങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ചുരുട്ട് (സിഗാര്‍) വലിക്കല്‍. ഈ ചുരുട്ടില്‍ വിഷം ചേര്‍ത്തോ സ്‌ഫോടക വസ്തുക്കള്‍ നിറച്ചോ അദ്ദേഹത്തെ കൊലപ്പെടുത്തുക എന്നതായിരുന്നു സി ഐ എയുടെ പ്രധാന നീക്കം.
1961 ഏപ്രില്‍ 17ന് ക്യൂബയുടെ തെക്കന്‍ തീരത്തുള്ള ബേ ഓഫ് പിഗ്‌സ് ഉള്‍ക്കടലിലെ പ്ലായാഗിറോണില്‍ യുഎസ് ചാരസംഘടനയായ സി ഐ എയുടെ പരിശീലനം ലഭിച്ച കൂലിപ്പട്ടാളക്കാര്‍ വന്നിറങ്ങി. 72 മണിക്കൂറിനുള്ളില്‍ 400 ആക്രമണകാരികള്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ കീഴടങ്ങുകയും ക്യൂബന്‍ തടവിലാക്കപ്പെടുകയും ചെയ്തു. ജോണ്‍ എഫ് കെന്നഡി പ്രസിഡന്റായിരിക്കെ നടന്ന ഈ സംഭവം അമേരിക്കക്ക് വലിയ മാനക്കേടിന്റെ ചരിത്രമാണ് നേടിക്കൊടുത്തത്. തടവുകാരെ വിട്ടുകിട്ടുന്നതിനായി അമേരിക്കക്ക് 530 ലക്ഷം ഡോളറിന്റെ ഭക്ഷ്യവസ്തുക്കളും ഔഷധങ്ങളും മോചനദ്രവ്യമെന്ന നിലയില്‍ ക്യൂബക്ക് നല്‍കേണ്ടിവരികയും ചെയ്തു. പക്ഷേ, സി ഐ എ അവിടം കൊണ്ടും നിര്‍ത്തിയില്ല വധഗൂഢാലോചനകള്‍. ചാരസുന്ദരികളെ നിയോഗിച്ചും മറ്റും വിഫലശ്രമങ്ങള്‍ അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കാസ്‌ട്രോയെ അദ്ദേഹത്തിന്റെ മുന്‍ ഭാര്യ മരീറ്റ ലോറന്‍സിനെ ഉപയോഗിച്ച് വധിക്കാന്‍ പോലും അവര്‍ ആസൂത്രണങ്ങള്‍ നടത്തി. വിവാഹ മോചനത്തിന് ശേഷം അമേരിക്കയില്‍ താമസിച്ചുവരികയായിരുന്ന മരീറ്റയെ സി ഐ എ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയും ക്യൂബയിലെത്തി ഫിദലിനെ കൊലപ്പെടുത്താന്‍ നിയോഗിക്കുകയുമായിരുന്നു. കാസ്‌ട്രോയുടെ പാനീയത്തില്‍ വിഷഗുളിക നിക്ഷേപിക്കുക- ഇതായിരുന്നു അവര്‍ക്ക് ലഭിച്ച നിര്‍ദേശം. പക്ഷേ, അത് കാസ്‌ട്രോ കണ്ടെത്തി. മാത്രമല്ല, തന്റെ തോക്ക് മരീറ്റക്ക് നല്‍കുകയും തന്നെ വെടിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തനിക്ക് അതിന് സാധിക്കില്ലെന്നറിയിച്ച മരീറ്റ ഫിദലിന്റെ കാല്‍ക്കല്‍ വീണു.
1960ല്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ ഫിദല്‍ കാസ്‌ട്രോയുടെ ഷൂസില്‍ രാസവസ്തുക്കള്‍ നിറക്കുകയായിരുന്നു മറ്റൊരു പദ്ധതി. ഇത് സാധിച്ചാല്‍ അദ്ദേഹത്തിന്റെ താടിരോമങ്ങള്‍ കൊഴിയുമെന്നും വിപ്ലവവീര്യം അസ്തമിക്കുമെന്നായിരുന്നു അമേരിക്കയുടെ വിശ്വാസം. വിചിത്രമെന്ന് തോന്നാമെങ്കിലും അതും യാഥാര്‍ഥ്യമായില്ല. കടല്‍വിനോദങ്ങളില്‍ (സ്‌കബ് ഡൈവിംഗ്) തത്പരനായിരുന്ന കാസ്‌ട്രോയെ വധിക്കാന്‍ അദ്ദേഹത്തിന്റെ സമുദ്രത്തിന് അടിയില്‍ വെച്ച് കൊലപ്പെടുത്തുക എന്നതായിരുന്നു മറ്റൊരു തന്ത്രം. ഇതിനായി ചിപ്പിക്കുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിക്കുന്ന അതിസങ്കീര്‍ണമായ മറകള്‍ പോലും അവര്‍ പയറ്റി. വിഷസൂചി ഘടിപ്പിച്ച പേന കൊണ്ട് കുത്തിക്കൊല്ലുക, അഭിമുഖം നടക്കുന്ന റേഡിയോ സ്റ്റുഡിയോയില്‍ എല്‍ എസ് ഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തുക എന്നിങ്ങനെ സി ഐ എ നടത്തിയ വധശ്രമങ്ങള്‍ക്ക് കണക്കുകളില്ല. 2015ല്‍ സി ഐ എ പുറത്തുവിട്ട രഹസ്യരേഖകളില്‍ ഇതേക്കുറിച്ചുള്ള വിശദവിവരങ്ങളുണ്ട്.

Latest