Connect with us

Kerala

നിലമ്പൂര്‍ ഏറ്റുമുട്ടല്‍: മജീസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ മജിസ്റ്റീരിയല്‍തല അന്വേഷണം പ്രഖ്യാപിച്ചു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജഅ്ഫര്‍ മാലിക് ഐ എ എസ് അന്വേഷണം നടത്തും. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പുറമെയാണിത്.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് മജിസ്റ്റീരിയല്‍തല അന്വേഷണവും വെടിവെപ്പില്‍ ഉള്‍പ്പെടാത്ത സ്റ്റേഷന്‍ പരിധിക്ക് കീഴിലോ മറ്റൊരു ഏജന്‍സിയോ അന്വേഷിക്കണമെന്നത് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശമാണ്. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആക്ഷേപം ശക്തമാകുകയും അന്വേഷണം വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം, സര്‍ക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥന്റെ അന്വേഷണത്തില്‍ നിജസ്ഥിതി ബോധ്യപ്പെടില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും രംഗത്തുവന്നു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ചൊവ്വാഴ്ച്ചയാണ് നിലമ്പൂര്‍ വനമേഖലയില്‍ സി പി ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജ് എന്ന കുപ്പുസ്വാമി, കാവേരി എന്ന അജിത എന്നിവര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

Latest