Connect with us

Articles

ഇത് ഭരണകൂടം നടത്തിയ കൊലപാതകം

Published

|

Last Updated

രണ്ട് മനുഷ്യാത്മാക്കളെക്കൂടി ഭരണകൂടം മൃഗീയമായി കൊലപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക പരമ്പരയിലെ ഒടുവിലത്തെ എപ്പിസോഡ് അരങ്ങേറിയത് “ഇടതു”പക്ഷ കേരളത്തില്‍. നിലമ്പൂര്‍ വനങ്ങളില്‍ ഒളിച്ചിരുന്ന മാവോയിസ്റ്റുകളോട് നവംബര്‍ 25-ന് സര്‍ക്കാറിന്റെ നക്‌സല്‍വിരുദ്ധ വേട്ടസംഘം അതിസാഹസികമായി ഏറ്റുമുട്ടി അവരെ വെടിവെച്ചുകൊന്നു കീര്‍ത്തിചക്രം നേടാന്‍ നടത്തിയ ശ്രമം വസ്തുതകള്‍ പുറത്തുവന്നതോടെ ദയനീയമായി പൊളിഞ്ഞുപോയി. അതോടൊപ്പം, ഭരണകൂടം എത്രമേല്‍ മനുഷ്യവിരുദ്ധവും ഭീകരവുമാണെന്ന കാര്യവും ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

സി പി ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പുസ്വാമിയും അജിതയുമാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. അവരെ എന്തിനാണ് തീവ്രവാദവിരുദ്ധ തണ്ടര്‍ബോള്‍ട്ട് സംഘം വെളുപ്പാന്‍ കാലത്ത് കാട്ടില്‍ കയറി വെടിവച്ചുകൊന്നത്? ആരാണ് അവര്‍ക്കതിന് അധികാരവും നിര്‍ദേശവും നല്‍കിയത്? ഏത് ക്രിമിനല്‍ കേസുകളിലെ പ്രതികളാണവര്‍? ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ വെടിവെച്ചുകൊല്ലാന്‍ പോലീസിന് എന്താണ് അവകാശം? എന്തുകൊണ്ട് വിശദാംശങ്ങള്‍ എല്ലാവരില്‍ നിന്നും മറച്ചുവെക്കാന്‍ സേന വെപ്രാളം കാട്ടി?
എല്ലാ ചോദ്യങ്ങളും നിസ്സശംയം വിരല്‍ചൂണ്ടിയത് കേരളത്തില്‍ മാവോയിസ്റ്റ് സംഘം സജീവമാണെന്ന പ്രതീതി ജനിപ്പിക്കാനും തീവ്രവാദവിരുദ്ധ പ്രവര്‍ത്തനം പോലീസ് സേന നടത്തുന്നുണ്ടെന്നു വരുത്തിത്തീര്‍ക്കാനും ഭരണകൂടം ആസൂത്രണം ചെയ്ത വ്യാജ ഏറ്റുമുട്ടല്‍ നാടകത്തിലേക്കു തന്നെ. ഇതിനകം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതുപോലെ നിലമ്പൂരില്‍ ഒരു ഏറ്റുമുട്ടല്‍ നടന്നിട്ടില്ല. അങ്ങനെ നടന്നതായി സ്ഥാപിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലായെന്നു മാത്രമല്ല അതിനു വേണ്ടി അവര്‍ നടത്തിയ ഓരോ പരിശ്രമവും കൂടുതല്‍ വ്യക്തതയോടെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ അവസരം ഉണ്ടാക്കുകയും ചെയ്തു. ഫോറന്‍സിക് വിഭാഗം നടത്തിയ പോസ്റ്റുമാര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ അജിതയുടെ ശരീരത്തില്‍ അനവധി വെടിയുണ്ട പാടുകള്‍ കണ്ടെത്തുകയുണ്ടായി. അഞ്ച് വെടിയുണ്ടകള്‍ അജിതയുടെ ശരീരത്തില്‍നിന്നും മൂന്നെണ്ണം കുപ്പുസ്വാമിയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്തതില്‍ നിന്നും മരിച്ചുവെന്നുറപ്പാക്കാന്‍ പോലീസ് ആവര്‍ത്തിച്ച് വെടിവെക്കുകയായിരുന്നുവെന്ന് അനുമാനിക്കാം.
മൃതദേഹത്തില്‍ ധരിച്ചിരിക്കുന്ന പട്ടാളവസ്ത്രം പോലും കൊലപാതകത്തിന് ശേഷം പോലീസ് അണിയിച്ചതാണെന്ന് പറയുന്നുണ്ട്. ആ വസ്ത്രങ്ങളില്‍ രക്തക്കറയോ വെടിയേറ്റതിന്റെ പാടുകളോ ഇല്ലായെന്നത് വ്യക്തമായ തെളിവാണ്. കൈയില്‍ കരുതിയ ഇലക്‌ട്രോണിക് ഉപകരണങ്ങളും ആ പ്രദേശത്ത് നിന്ന് കണ്ടെത്തിയ ലാപ്‌ടോപ്പുകളും മറ്റും പോലീസ് സ്‌ക്വാഡ് തന്നെ അവിടെകൊണ്ടുചെന്നിട്ടതാകും. എല്ലാ കുപ്രസിദ്ധമായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും മരണത്തിന് ശേഷമാണ് ഏറ്റുമുട്ടലിന്റെ തെളിവുകള്‍ സംഘടിപ്പിക്കാന്‍ പോലീസ് സേന തിരക്കഥ തയാറാക്കുന്നത്. രോഗബാധിതരായതിനാല്‍ അവശരായി കഴിഞ്ഞ മാവോയിസ്റ്റുകളെയാണ് പോലീസ് നിഷ്ഠൂരമായി വെടിവെച്ചുകൊന്നതെന്ന ആരോപണവുമായി മാവോവാദി നേതാവ് രംഗത്തു വന്നിരിക്കുകയാണ്. എങ്കില്‍, അവശത മൂലം അവര്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടും എന്തുകൊണ്ട് പോലീസ് നേരിട്ടു വെടിവച്ചു?

അതോ സാധാരണ ചെയ്യാറുള്ളതുപോലെ അറസ്റ്റ് ചെയ്തിട്ട് ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തുകയായിരുന്നോ? പോലീസ് പറയുന്ന ഒരു കാര്യവും വിശ്വസിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട്, സ്വതന്ത്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണം അടിയന്തരമായി നടത്താന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിടണം. അന്വേഷണത്തില്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിഞ്ഞാല്‍ സ്‌ക്വാഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൊലപാതകത്തിന് നേതൃത്വം നല്‍കിയവരെയും പ്രോസിക്യൂട്ട് ചെയ്യണം.
കേരളത്തില്‍ ഒരു ക്രമസമാധാന പ്രശ്‌നമായി ഇനിയും ഉയര്‍ന്നുവന്നിട്ടില്ലാത്ത മാവോവാദി സംഘത്തെ വേട്ടയാടുന്നതിന് പിന്നിലെ രാഷ്ട്രീയ-മനഃശാസ്ത്രമെന്താണ്? ഇല്ലാത്ത ഒരു സംഘത്തെ സൃഷ്ടിക്കാനോ വളര്‍ത്താനോ ഭരണകൂടം വിശേഷ താത്പര്യം കാണിക്കുന്നതിന് പിന്നിലെ യഥാര്‍ഥ ഉദ്ദേശ്യമെന്ത്? തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം അനുവദിക്കുന്ന കോടികളുടെ ഫണ്ട് തട്ടാനാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പും ഉന്നത ഐ പിഎസ് ഉദ്യോഗസ്ഥവൃന്ദവും വ്യാജഏറ്റുമുട്ടല്‍ നടത്തിയതെന്ന് തുറന്നടിച്ചത് ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സി പി ഐയുടെ നേതാവ് കാനം രാജേന്ദ്രന്‍ തന്നെയാണെന്നത് വളരെ ഗൗരവത്തില്‍ കാണണം. ഏകദേശം 200 കോടി രൂപയാണത്രേ ഇത്തരം തീവ്രവാദികളെ വേട്ടയാടാന്‍ മാത്രം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. മുമ്പ് രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പ് കൈയാളിയിരുന്നപ്പോള്‍ 100 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍, അക്കാലത്ത് ഏതെങ്കിലുമൊരു മാവോയിസ്റ്റിനെ കണ്ടെത്താന്‍ പോലും പോലീസ് നന്നെ പണിപ്പെട്ടു. നക്‌സല്‍ പ്രവര്‍ത്തകരെ മാവോയിസ്റ്റുകളായി മുദ്രയടിക്കുന്ന ജോലിയാണ് പോലീസ് ചെയ്തികൊണ്ടിരുന്നത്. എന്നാല്‍, പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം കേരളത്തിന് അപമാനകരമാം വിധത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകവും നടന്നിരിക്കുന്നു.
നസ്‌കലൈറ്റുകളുടെയും മാവോയിസ്റ്റുകളുടെയും വര്‍ഗീയ തീവ്രവാദപ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളോടും ആശയങ്ങളോടും ജനാധിപത്യ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഒരു വിധത്തിലുമുള്ള യോജിപ്പുമില്ല. ആര്‍ എസ് എസ്, ശിവസേന, മുസ്‌ലിം തീവ്രവാദസംഘടനകള്‍ എന്നിവയോടും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. എന്തിനേറെ, സി പി എം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തെയും ജനങ്ങള്‍ അംഗീകരിക്കുന്നില്ല. ബി ജെ പിയും മറ്റും രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന വംശീയ- വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനമല്ലാതെ മറ്റെന്താണ്? പക്ഷേ, അവരാരും പോലീസ് ഏറ്റുമുട്ടലില്‍ കൊല ചെയ്യപ്പെടാന്‍ പാടില്ല. നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന നാട്ടില്‍ ഏതു തരം കുറ്റകൃത്യവും നിയമത്തിന്റെ മുമ്പിലാണ് തീര്‍പ്പുകല്‍പ്പിക്കപ്പെടേണ്ടത്. പോലീസിന്റെ ജോലി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന്റെ മുമ്പില്‍ എത്തിക്കുക എന്നുള്ളത് മാത്രമാണ്.

ആഭ്യന്തര വകുപ്പിന്റെ ചുമതല കൈയാളുന്ന പിണറായി വിജയന്‍ പോലീസിന്റെ മൂന്നാംമുറ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഗുജറാത്തിലും മറ്റും നടക്കുന്ന വ്യാജഏറ്റുമുട്ടല്‍ നയങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുള്ള പാര്‍ട്ടിയുടെ നേതാവുമാണ് അദ്ദേഹം. പക്ഷേ, അതില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടായിരുന്നോ എന്ന സംശയവും നിലമ്പൂര്‍ കൊലപാതകത്തോടെ ഉയര്‍ന്നുവന്നിരിക്കുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥപ്രകരം പോലീസ് സേന. എന്നാല്‍, അവര്‍ തന്നെ നിയമവിരുദ്ധമായി, കുറ്റകൃത്യങ്ങളില്‍, സംഘടിതമായി ഏര്‍പ്പെടുന്ന സാഹചര്യമുണ്ടായാല്‍ ജനാധിപത്യവ്യവസ്ഥയ്ക്കു തന്നെ അത് ഭീഷണിയാണ്. നിലമ്പൂര്‍ കരുളായി വനത്തില്‍ ഇരുട്ടിന്റെ മറവില്‍ നമ്മുടെ പോലീസ് സേന നടത്തിയ നഗ്നമായ മനുഷ്യഹത്യ ജനങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും ജനിപ്പിക്കുന്നു. ഏതൊരാളും തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ കൊല്ലപ്പെടാമെന്ന സാഹചര്യം കേരളം പോലൊരു നാട്ടിലുണ്ടാക്കാന്‍പോകുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഇടതു-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള ഈ സംസ്ഥാനത്ത് അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലത്തെ അനുസ്മരിപ്പിക്കുന്നവിധത്തില്‍, അഭിപ്രായ വ്യത്യാസമുള്ളവരെ ഉന്മൂലനം ചെയ്യുന്ന ഭരണകൂടഭീകരതയുടെ ദിനങ്ങള്‍ തിരിച്ചുവരാന്‍ പാടില്ല.

തീവ്രവാദ ആശയങ്ങളെ നേരിടേണ്ടത് ജനാധിപത്യ ആശയങ്ങള്‍കൊണ്ടാണ്; തോക്കുകൊണ്ടല്ല. അഭിപ്രായ വ്യത്യാസം വച്ചുപുലര്‍ത്താന്‍, പ്രകടിപ്പിക്കാന്‍, അതിന്റെയടിസ്ഥാനത്തില്‍ സംഘടിക്കാന്‍, ക്രമസമാധാനത്തിന് ഭംഗമുണ്ടാക്കാതെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ ഏത് പൗരനും അവകാശമുണ്ട്. എന്നാല്‍, ആ പൗരസ്വാതന്ത്ര്യത്തിന് മേല്‍ ഭീകരമായ വിധത്തില്‍ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കേന്ദ്ര സര്‍ക്കാറിന്റെ രാക്ഷസീയമായ ഭരണം രാജ്യത്ത് അരക്ഷിതാവസ്ഥ പടര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍, അവര്‍ക്ക് ഉത്തേജനം നല്‍കുന്ന വിധത്തിലുള്ള ഒരു ഭീകര പ്രവര്‍ത്തനവും കേരളത്തിന്റെ മണ്ണിലുണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് ബാധ്യതയുണ്ട്.

 

Latest