Connect with us

Kerala

രണ്ട് ദിവസം വരി നിന്നിട്ടും മാറ്റിയെടുക്കാനാകാതെ നോട്ട് കത്തിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം

Published

|

Last Updated

കടയ്ക്കല്‍: നിരോധിച്ച നോട്ട് മാറ്റിയെടുക്കാന്‍ രണ്ട് ദിവസം വരിനിന്ന് കാത്തിരുന്നിട്ടും കഴിയാതെ വന്നതോടെ കത്തിച്ച് പ്രതിഷേധിച്ച ചായക്കടക്കാരന്‍ യഹ്‌യക്കെതിരെ കേസെടുക്കാന്‍ നീക്കം. യഹ്‌യയുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

കടയ്ക്കല്‍ തൊളിക്കുഴി റോഡില്‍ മുക്കുന്നത്ത് ആര്‍ എം എസ് എന്ന പേരില്‍ ചായക്കട നടത്തുന്ന യഹ്‌യയാണ് വ്യത്യസ്ഥ പ്രതിഷേധത്തിലൂടെ ശ്രദ്ധേയനായത്. നവംബര്‍ എട്ടിന് രാത്രി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് പിന്‍വലിക്കുമ്പോള്‍ ചായക്കടയില്‍ നിന്ന് സമ്പാദിച്ച 23000 രൂപയുണ്ടായിരുന്നു അദ്ദേഹത്തിന്റെ പക്കല്‍. പണം മാറാന്‍ രണ്ട് ദിവസം ബേങ്കില്‍ പോയി ക്യൂ നിന്നു. രണ്ടാം ദിവസം രക്തത്തില്‍ പഞ്ചസാര കുറഞ്ഞ് ക്യൂവില്‍ തളര്‍ന്നു വീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചായകടയില്‍ തിരികെ വന്ന് അടുപ്പിലിട്ട് നോട്ടുകള്‍ യഹ്‌യ കത്തിച്ചു കളഞ്ഞു. നേരെ ബാര്‍ബര്‍ ഷോപ്പില്‍ ചെന്ന് കഷണ്ടിത്തലയില്‍ അവശേഷിക്കുന്ന മുടി പാതി വടിച്ചു കളഞ്ഞു. മോഡിയെ ജനം എന്ന് താഴെയിറക്കുന്നുവോ അന്നു മാത്രമേ കഷണ്ടിത്തലയിലെ പാതി മുടി പഴയപോലെയാക്കുകയുള്ളൂവെന്ന് ശപഥവും ചെയ്തു.

പ്രതിഷേധത്തിലെ വ്യത്യസ്ഥത കൊണ്ട് യഹ്‌യ നേരത്തെയും ശ്രദ്ധേയനായിട്ടുണ്ട്. യഹ്‌യയുടെ വേഷം തന്നെ പ്രതിഷേധത്തിന്റെ ഭാഗമാണ്. മാക്‌സിയാണ് യഹിയയുടെ വേഷം. പണ്ടൊരിക്കല്‍ ഒരു എസ് ഐയുടെ മുന്നില്‍പ്പെട്ടപ്പോള്‍ മുണ്ടിന്റെ മടിക്കുത്തഴിക്കാത്തതിന്റെ പേരില്‍ മര്‍ദിച്ചു. അന്ന് മുതലാണ് മാക്‌സി ധരിച്ച് തുടങ്ങിയത്. ആരുടെ മുന്നില്‍പ്പെട്ടാലും മടിക്കുത്ത് അഴിക്കുന്ന പ്രശ്‌നമില്ല എന്നാണ് യഹ്‌യയുടെ പക്ഷം.
നോട്ട് കത്തിക്കല്‍ സോഷ്യല്‍ മീഡിയയിലും ദേശീയ മാധ്യമങ്ങളില്‍ വരെയും വാര്‍ത്തയായതോടെയാണ് കേസെടുക്കാന്‍ പോലീസ് നീക്കം തുടങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ യഹ്‌യയുടെ ചായക്കടയിലെത്തിയിരുന്നു.

Latest