Connect with us

Articles

നിലമ്പൂര്‍ കാട്ടിലെ വെടിയൊച്ചകള്‍

Published

|

Last Updated

വീട്ടില്‍ കിടന്നുറങ്ങുന്ന പിഞ്ചുകുഞ്ഞിനെ കൊല്ലുന്ന തെരുവുപട്ടിയെ കൊല്ലാന്‍ പാടില്ല. വന്ധ്യംകരിച്ചു വിടുകയേ പാടുള്ളൂ എന്നാണ് നിയമം. കാട്ടില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ നാട്ടിലിറങ്ങി കൃഷിക്കാരുടെ വിളവുകള്‍ നശിപ്പിക്കുന്ന പന്നികളെയോ ആനകളെയോ കടുവകളെയോ കൊല്ലാന്‍ പാടില്ല. അങ്ങനെ വല്ലതും സംഭവിച്ചാല്‍ വേണ്ട ബോധവത്കരണം നടത്തി കാട്ടിലേക്കു മടക്കി അയക്കണമെന്നാണ് നമ്മുടെ നിയമം അനുശാസിക്കുന്നത്. കൊലപാതകക്കുറ്റം കൃത്യമായി തെളിയിക്കപ്പെട്ട കുറ്റവാളിക്കു പോലും ജീവപര്യന്തം തടവ് അല്ലാതെ വധശിക്ഷ പാടില്ലെന്നാണ് പരിഷ്‌കൃത സമൂഹം പറയുന്നത്. ആ നിലക്ക് രാഷട്രീയചിന്താഗതികളില്‍ മാവോയിസ്റ്റ് ആയിപ്പോയതിന്റെ പേരില്‍ ആരെയെങ്കിലും പിടിച്ച് തുരുതരാ വെടിവെച്ചു കൊന്നിട്ട് അത് കേരളാപോലീസിന്റെ അഭിമാനമാണെന്നു വീമ്പിളക്കുന്ന പോലീസ് മേധാവി പിണറായി സര്‍ക്കാറിനെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്. തങ്ങളുടെ കീഴിലുള്ള പോലീസുകാര്‍ പറഞ്ഞാല്‍ കേള്‍ക്കാതെ വന്നാല്‍ ഏതൊരു ഭരണകൂടത്തിന്റെയും നിലനില്‍പ് അസാധ്യമാകും. പോലീസിന്റെ വഴിവിട്ട നീക്കങ്ങള്‍ക്കു പച്ചക്കൊടി കാണിച്ചാല്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇമേജാണ് തകരുക.

കെ കരുണാകരന്റെയും സി അച്യുത മേനോന്റെയും ഭരണകാലത്താണ് നക്‌സല്‍ വേട്ടയില്‍ കേരളം റിക്കാര്‍ഡ് സൃഷ്ടിച്ചത്. പ്രൊഫ. ഈച്ചരവാര്യരുടെ ഏകമകന്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥി രാജന്റെ ശരീരത്തില്‍ മൃഗീയമായ ആക്രമണം നടത്തി കൊന്നിട്ട് അതിനു മേല്‍ പഞ്ചസാരച്ചാക്ക് അടുക്കി കത്തിച്ചു. ആദിവാസികള്‍ക്കിടയില്‍ അവരുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി അവരുടെ മോചനത്തിനായി പ്രവര്‍ത്തിച്ച വര്‍ഗീസിനെ വെടിവെച്ച് കൊന്നിട്ട് ഏറ്റുമുട്ടല്‍ കൊലപാതകം എന്നു ചിത്രീകരിച്ച് വീരസ്യം കാണിച്ച കരിപുരണ്ട ചരിത്രമാണ് കേരളാ പോലീസിനു കൈമുതലായുള്ളത്. നിലമ്പൂരില്‍ ഇപ്പോള്‍ നടന്ന കൊലപാതകവും വ്യാജ ഏറ്റുമുട്ടലാണെന്നു അരിയാഹാരം കഴിക്കുന്ന സര്‍വര്‍ക്കും ബോധ്യമായിരിക്കുന്നു. വാര്‍ത്ത പുറത്തു വന്ന പാടെ കൂടുതലൊന്നും ആലോചിക്കാതെ തന്നെ സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ബന്ധപ്പെട്ട പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. അച്ച്യുതമേനോന്റെ കാലത്തെ നക്‌സലൈറ്റു വേട്ടയില്‍ സി പി ഐക്കു മേല്‍ പുരണ്ട കരി മായിച്ചുകളയാന്‍ ഇത് ഏറെ സഹായകമായി. അഭിപ്രായ വ്യത്യാസമുള്ളവരെ വെടിവെച്ചു കൊല്ലുന്നതിലെ ജനാധിപത്യവിരുദ്ധത കാനം ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടി മുഖപ്പത്രമായ ജനയുഗവും സന്ദര്‍ഭോചിതമായ മുഖപ്രസംഗവുമായി രംഗത്തുവന്നു. സ്വന്തം പിതാവായ കെ കരുണാകരനില്ലായിരുന്നെങ്കില്‍ കേരളമാകെ നക്‌സലൈറ്റ് ആക്രമണത്തില്‍പ്പെട്ട് അറബിക്കടലില്‍ താണുപോകുമായിരുന്നു എന്ന വെളിപാടുമായി കെ മുരളീധരന്‍ എം എല്‍ എ നിലമ്പൂരിലെ പോലീസ്പുലികളെ ന്യായീകരിച്ചുകൊണ്ട് പിതൃഭക്തി പ്രകടിപ്പിച്ചു. രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷനേതാവ് പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതിനെതിരെ മുതലക്കണ്ണീര്‍ പൊഴിച്ചു. വി എം സുധീരന്‍ മാത്രം മാറി ചിന്തിക്കുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിനു മറനീക്കി രംഗത്തുവരാനും നിലമ്പൂര്‍ വെടിവെപ്പ് അവസരമൊരുക്കിയിരിക്കുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കലാണ് ഭരണകൂടത്തിന്റെ ജോലി. ഭരണകൂടത്തിനു വേണ്ടി ആ ജോലി ചെയ്യാന്‍ ബാധ്യസ്ഥരാണ് പോലീസുകാര്‍. പക്ഷെ സ്വത്തുക്കളില്ലാത്തവരുടെ അല്ലെങ്കില്‍ എല്ലാ സ്വത്തും അപഹരിക്കപ്പെട്ടവരുടെ ജീവന്‍ സംരക്ഷിക്കേണ്ട ചുമതല ആരേറ്റെടുക്കും? അത്തരം ഒരു ബാധ്യത സര്‍ക്കാറിനില്ലെന്നു വരുമ്പോള്‍, അവര്‍ സ്വമേധയാ തന്നെയോ, അവരോട് ആഭിമുഖ്യം പുലര്‍ത്തുന്നവരോ രണ്ടും കല്‍പിച്ച് രംഗത്തുവരിക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകെ സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മനുഷ്യസ്‌നേഹികള്‍ രംഗത്തുവരാറുണ്ട്. ഇവരെ ചരിത്രം വിപ്ലവകാരികളെന്നു വിളിക്കും. ഇപ്പോള്‍ നമ്മള്‍ ഏറെ പ്രകീര്‍ത്തിക്കുന്ന കാസ്‌ട്രോയും ചെഗുവേരയും ഒക്കെ ഇങ്ങനെ മനുഷ്യഹൃദയത്തില്‍ സ്ഥാനം നേടിയവരാണ്. മാവോയും ലെനിനും സ്റ്റാലിനും ഒക്കെ അതാതു നാടുകളിലെ അമിതാധികാരശക്തികള്‍ക്കെതിരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി ഒളിപ്പോര്‍യുദ്ധത്തിനു നേതൃത്വം നല്‍കിക്കൊണ്ട് രാഷട്രീയ നേതൃത്വത്തിലേക്കു ഉയര്‍ന്നു വന്നവരായിരുന്നു. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം, അടിസ്ഥാനപരമായി ബലപ്രയോഗത്തിലൂടെ വിപ്ലവം നടത്തി നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിച്ചുകൊണ്ട് നിസ്വവര്‍ഗത്തിന്റെ അധികാരം സ്ഥാപിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ്. അധികാരം ബാലറ്റുപേപ്പറിലൂടെയല്ല തോക്കിന്‍കുഴലിലൂടെയെ സ്ഥാപിതമാകൂ എന്ന മാവോ വാക്യം ഏറെ ഉദ്ധരിക്കപ്പെട്ടതാണ്. അത്തരം ജനകീയ വിപ്ലവ മുന്നേറ്റത്തിനുള്ള വസ്തുനിഷ്ഠമായ ഒരു ഭൗതികസാഹചര്യം സംജാതമാകുന്നതു വരെ സ്വന്തം ഉള്ളിലെ വിപ്ലവാഭിനിവേശത്തിന്റെ തീക്കനലുകള്‍ അണയാതെ സൂക്ഷിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അവര്‍ ഭരണം കൈയാളുമ്പോഴും വിപ്ലവസ്വപ്‌നങ്ങളുമായി കാടുകയറുന്ന ന്യൂനപക്ഷങ്ങളെ ഓടിച്ചിട്ട് വെടിവെച്ചു കൊല്ലുവാന്‍ പോലീസ് ധൈര്യം കാണിക്കുന്നെങ്കില്‍ ഇവിടുത്തെ പോലീസുകാരില്‍ ഒരു മാറ്റവും വരുത്താന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കു കഴിഞ്ഞിട്ടില്ലെന്നല്ലെ ധരിക്കേണ്ടത്.
നമ്മുടെ നാട്ടിലെ പോലീസുകാര്‍ ബഹിരാകാശത്തു നിന്നു കെട്ടിയിറക്കിയവരൊന്നും അല്ല. അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരാണ്. സാമൂഹിക പരിണാമത്തെക്കുറിച്ച് ഏകദേശ ധാരണ ഉള്ളവരാണ്. പലരും പോലീസിന്റെ തൊപ്പിയും കുപ്പായവുമൊക്കെ ധരിക്കുന്നതിനു മുമ്പ് എസ് എഫ് ഐയും ഡി വൈ എഫ് ഐയുമായി നടന്നു മുദ്രാവാക്യം വിളിച്ചിട്ടുള്ളവരും ഇവിടുത്തെ മുഖ്യധാരാ സമൂഹത്തിന്റെ നാഡീസ്പന്ദനങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളവരുമാണ്. സ്വന്തം നാട്ടുകാരോ അന്യനാട്ടുകാരോ ആയ യജമാനന്മാരുടെ ഉത്തരവ് കേട്ട് പച്ചമനുഷ്യരുടെ നെഞ്ചിനു നേരെ കാഞ്ചിവലിച്ച് ജയറാംപടിക്കലിന്റെയും പുലിക്കോടന്‍ നാരായണന്റെയും ഒക്കെ അനുഭവം ഓര്‍മയില്‍ സൂക്ഷിക്കുന്നവരാണ്. ഛത്തിസ്ഗഡിലെയോ ബീഹാറിലെയോ ഗുജറാത്തിലെയോ പോലീസുകാര്‍ ചെയ്യുന്നതുപോലെ ചെയ്യാനല്ല പിണറായി വിജയന്‍ ഭരിക്കുന്ന പോലീസ് വകുപ്പിനു കീഴില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കു സമൂഹം ശമ്പളം നല്‍കുന്നത്.

ലോകത്തിലെ ഏറ്റവും അധികം അപമാനവികരിക്കപ്പെട്ട (Dehumanized) ജോലി ചെയ്യുന്ന രണ്ട് കൂട്ടരാണ് പോലീസുകാരും പട്ടാളക്കാരും. പട്ടാളക്കാരുടെ കാര്യം പോട്ടെയെന്നു വെക്കാം. രാജ്യത്തിനതിര്‍ത്തികളും അതിനപ്പുറം അയല്‍രാജ്യങ്ങളും ഉള്ളിടത്തോളം കാലം പട്ടാളക്കാര്‍ക്കു ഇങ്ങനെയൊക്കെ ആകാനെ കഴിയൂ. എന്നു കരുതി പോലീസുകാരും അങ്ങനെ ആകണമെന്നില്ല. രാജ്യത്തിനകത്ത് അവിടവിടെ പത്തോ പന്ത്രണ്ടോ പേരടങ്ങുന്ന ഒരു അരാചകസംഘം തമ്പടിച്ചിട്ടുണ്ടെങ്കില്‍ അവരെ നേരിടാന്‍ ഇങ്ങനെ ഒരു തണ്ടര്‍ബോള്‍ട്ടും കണ്ടാലുടന്‍ വെടിവെക്കലും ഒന്നും ആവശ്യമില്ല. പരസ്യമായി നിയമം ലംഘിക്കുന്നവരെന്ന നിലയില്‍ അവരെ ജീവനോടെ പിടികൂടി രാജ്യത്തെ നീതിന്യായക്കോടതികളില്‍ ഹാജരാക്കുക മാത്രമാണ് പോലീസുകാരുടെ ജോലി. പോലാസുകാര്‍ക്കു മാത്രമല്ല ഏതൊരു പൗരനും സ്വന്തം ജീവന്‍ അപകടത്തില്‍ ആകുന്ന ഘട്ടം വന്നാല്‍ പ്രതിയോഗിക്കു നേരെ ആയുധപ്രയോഗം നടത്താം. അനിവാര്യമെങ്കില്‍ കൊല്ലാം. ഈ കാര്യത്തില്‍ സാധാരണ പൗരന് ഇല്ലാത്ത അവകാശങ്ങളൊന്നും രാജ്യത്തെ പോലീസുകാര്‍ക്കില്ല.
ചരിത്രത്തിന്റെ രഥം ഒരിക്കലും പിന്നോട്ടുരുളാറില്ല. ഒരു കെ മുരളീധരനോ ഒരു രമേശ് ചെന്നിത്തലയൊ ഒരു നരേന്ദ്ര മോദിയൊ വിചാരിച്ചാല്‍ അത് സാധ്യവുമല്ല. അതുകൊണ്ടാണ് കാനം പറഞ്ഞത് മോദി ചെയ്യുന്നതൊക്കെ ചെയ്യാനല്ല പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്നത്. ബ്രിട്ടീഷ്‌സാമ്രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചതിന്റെ പേരില്‍ ട്രെയിനില്‍ നിന്നെടുത്തെറിയപ്പെട്ട വ്യക്തിയായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവ്. അദ്ദേഹത്തിന്റെ മുന്‍നിര പല്ലുകള്‍ ഭ്രാന്തുപിടിച്ച ഒരു പോലീസുകാരന്റെ കൈക്കരുത്തു പ്രകടനത്തിലൂടെയാണ് നഷ്ടമായത്. ആ പല്ലില്ലാത്ത ചിരി മനുഷ്യസ്‌നേഹികളെ രോമാഞ്ചം അണിയിക്കുന്നു. അധികാരഭ്രാന്തന്മാര്‍ക്കെതിരായ ചരിത്രത്തിന്റെ പരിഹാസമാണ് ആ ചിരി. ഏത് അതിക്രമങ്ങളെയും അദ്ദേഹം നേരിട്ടതുപോലെ നേരിടാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. ഉയര്‍ന്ന ചിന്തകളും ലളിതജീവിതവുമായി കാട്ടിനുള്ളില്‍ തമ്പടിച്ചിരിക്കുന്ന വിദ്യാസമ്പന്നരായ ഇന്നത്തെ മാവോയിസ്റ്റുകളാണ് നമ്മുടെ കാലത്തെ യഥാര്‍ഥ ഗാന്ധിയന്മാരെന്നു പറഞ്ഞത് അവരുടെ ക്യാമ്പ് സന്ദര്‍ശിച്ച് അവരുടെ ജീവിതശൈലി നേരില്‍ കണ്ട പ്രസിദ്ധ എഴുത്തുകാരി അരുന്ധതിറോയി ആണ്.
അറുപതുകളുടെ ആദ്യം പശ്ചിമ ബംഗാളിലും പിന്നീട് കേരളത്തിലും ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം എന്നു മാവോ വിശേഷിപ്പിച്ച നക്‌സല്‍ കലാപം പ്രതീക്ഷിച്ച ഫലം കണ്ടില്ലെങ്കിലും അത് ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചു. അതുവരെയും ആരും തിരിഞ്ഞുനോക്കാതെ കിടന്ന ഇന്ത്യയുടെ ഉള്‍നാടുകളിലെ ജീവിതത്തിന്റെ ദയനീയചിത്രം പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നു വെക്കപ്പെട്ടു. ഇതിഹാസമാനങ്ങളുള്ള കവിതകളും നോവലുകളും സിനിമകളും ജനങ്ങളുടെ കണ്ണുതുറപ്പിച്ചു. ജന്മിനാടുവാഴിത്ത ഗുണ്ടാവിളയാട്ടങ്ങള്‍ക്കു വിരാമമിടുന്ന പല പുതിയ നിയമനിര്‍മ്മാണങ്ങള്‍ക്കും വഴിയൊരുക്കി. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം തെരുവുകളില്‍ വിചാരണ ചെയ്യപ്പെട്ടു. ഒരിക്കല്‍ നക്‌സല്‍ ആക്രമണങ്ങളില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ടവര്‍ പോലും മാനസാന്തരപ്പെട്ടു. സാമൂഹിക ജീവിതത്തിന്റെ പൊതുധാരയിലേക്കു വന്നു. അജിതയും ഫിലിപ്പ് എം പ്രസാദും കെ വേണുവും ഒക്കെ ഉദാഹരണങ്ങള്‍. മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ സജീവമായി. സായുധവിപ്ലവത്തെ അനുകൂലിക്കാത്തവരെങ്കിലും ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമാകാനും അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനസ്വപ്‌നങ്ങള്‍ക്കു കരുത്ത് പകരാനും പാവപ്പെട്ട മനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഒട്ടേറെ നല്ല മനുഷ്യര്‍ മുന്നോട്ടു വന്നു.
ഇതായിരുന്നു കേരളത്തെ സംബന്ധിച്ചിടത്തോളം എഴുപതുകളിലെ നക്‌സല്‍ വിപ്ലവത്തിന്റെ ബാക്കിപത്രം. കേരളം അവഗണിച്ചിരുന്ന നക്‌സല്‍ വിപ്ലവകാരികള്‍ക്കും അവരെ അനുകൂലിക്കുന്ന വിവിധ മനുഷ്യവകാശ സംരക്ഷണ ഗ്രൂപ്പുകള്‍ക്കും ഒരു നവോന്മേഷം പകരാന്‍ കേരളാ പോലീസ് ഇപ്പോള്‍ അവസരം ഒരുക്കിയിരിക്കുന്നു. വിപ്ലവത്തിന്റെ ശുക്രനക്ഷത്രം ഫിഡല്‍ കാസ്‌ട്രോയുടെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍ കേരളം മൂന്നു ദിവസത്തെ ദുഃഖാചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാളില്‍തന്നെ കാസ്‌ട്രോയുടെ പാതയില്‍ സഞ്ചരിച്ച് കൊല്ലപ്പെട്ട രണ്ട് രക്തസാക്ഷികളെ നക്‌സലൈറ്റ് പ്രസ്ഥാനത്തിനു നല്‍കുകയാണ് കേരളാ പോലീസ് ചെയ്തത്. രക്തസാക്ഷികള്‍ ഏതൊരു പ്രസ്ഥാനത്തിനും ഒരു മുതല്‍ക്കൂട്ടാണ്. രാജന്‍, വര്‍ഗീസ്, കുപ്പുദേവരാജ്, അജിത… ഇനി ഈ പട്ടികയില്‍ എണ്ണം വര്‍ധിപ്പിക്കുകയില്ലെന്ന ദൃഢനിശ്ചയമാണ് കേരളാപോലീസിന്റെ ഭാഗത്തുനിന്നു ഉണ്ടാകേണ്ടത്.
(ഫോണ്‍- 9446268581)

Latest