Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനതാപരിവാര്‍ ഏകീകരണത്തിന് ശ്രമം

Published

|

Last Updated

കോഴിക്കോട്: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനതാ പരിവാര്‍ ഏകീകരണം സാധ്യമാക്കുന്നതിനായി വീണ്ടും ശ്രമം ആരംഭിക്കുന്നു. ബി ജെ പി ഭരണത്തില്‍ ജനങ്ങളാകെ ദുരിതത്തിലാകുകയും എന്നാല്‍ പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് കടമ നിറവേറ്റാന്‍ സാധിക്കാതെയാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജനതാ പരിവാര്‍ ഐക്യ ശ്രമം ആരംഭിക്കുന്നത്. നേരത്തെ ജനതാദള്‍ യു വും രാഷ്ട്രീയ ജനതാദളും യോജിച്ചിരുന്നുവെങ്കിലും ജനതാ കുടുംബത്തിലെ മറ്റ് കക്ഷികള്‍ കൂടെ ചേര്‍ന്നിരുന്നില്ല.ലോക്‌സഭാ ഇലക്ഷന്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലാണ് ഇരു പാര്‍ട്ടികളും യോജിച്ചത്. രാജ്യത്തെ വിവിധ ജനതാ ഗ്രൂപ്പുകളെ ഒന്നാകെ യോജിപ്പിച്ച് ഒറ്റ കക്ഷിയാക്കുകയെന്ന നിലയിലാണ് പുതിയ നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ നീക്കം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടന്ന ജനതാദള്‍ എസ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നു.ഐക്യശ്രമത്തിന് മുന്നോടിയായി ദേവഗൗഡ ജനതാദള്‍ യു പ്രസിഡന്റ് ശരത് യാദവ്, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവ്, ബിജു ദള്‍ നേതാവ് നവീന്‍ പട്‌നായിക് തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് ഈ മാസം അവസാനമോ അടുത്ത മാസമാദ്യമോ ഡല്‍ഹിയില്‍ വിവിധ ജനതാ ഗ്രൂപ്പുകളുടെ യോഗം വിളിച്ച് ചേര്‍ക്കുന്നുണ്ട്. ദേവഗൗഡയാണ് യോഗം വിളിക്കുന്നത്.

മുഖ്യമന്ത്രിമാരായ നിതീഷ്‌കുമാര്‍, അഖിലേഷ് യാദവ്, നവീന്‍ പട്‌നായിക് തുടങ്ങിയവരുള്‍പ്പെടെയുള്ള വിവിധ ജനതാ പരിവാര്‍ നേതാക്കള്‍ യോഗത്തില്‍ എത്തിച്ചേരുമെന്നാണ് അറിയുന്നത്. രാജ്യത്ത് ഇടതു പക്ഷം ദുര്‍ബലമാണെന്നാണ് ജനതാദള്‍ എസിന്റെ വിലയിരുത്തല്‍. ബി ജെ പി ക്കെതിരെ ഒറ്റപ്പെട്ട നിലയില്‍ പ്രതികരണമുണ്ടാക്കാനല്ലാതെ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇടത് പക്ഷത്തിനാകുന്നില്ല. ഈ സാഹചര്യത്തിലാണ് 1989 മാതൃകയിലുള്ള ഒരു മുന്നേറ്റമുണ്ടാക്കാന്‍ ജനതാ പരിവാര്‍ മുന്നോട്ട് വരുന്നത്. ബി ജെ പി യെ അധികാരത്തില്‍ നിന്നകറ്റുന്നതിനായി വി പി സിംഗിന്റെ നേതൃത്വത്തില്‍ ജനതാ മന്ത്രിസഭ രൂപവത്കരിച്ചത് പോലെ അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയെന്നതാണ് ജനതാ ഐക്യ ലക്ഷ്യം. വീണ്ടുമൊരു പ്രധാനമന്ത്രിയോ ലയന ശേഷം പാര്‍ട്ടിയുടെ അധ്യക്ഷനോ ആകുകയോ അല്ല തന്റെ ലക്ഷ്യമെന്ന് ദേവഗൗഡ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയോടെ നോക്കി ക്കാണുന്നത് ജനതാ പരിവാറിനെയാണെന്ന് അദ്ദേഹം പറയുന്നു. അത് കൊണ്ടുതന്നെ ന്യൂനപക്ഷങ്ങളിലും ദലിതുകളിലും സുരക്ഷാ ബോധമുണ്ടാക്കാന്‍ ജനതാ പരിവാറിന് സാധിക്കുമെന്നാണ് നേതാക്കളുടെ അഭിപ്രായം. ഇത്തരക്കാരുടെ പിന്തുണയാര്‍ജ്ജിക്കാന്‍ കഴിയുകയെന്നതാണ് അടുത്ത ലക്ഷ്യവും. ഇതിനായി ദേവഗൗഡയുടെ നേതൃത്വത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്താനും ഉദ്ദേശിക്കുന്നുണ്ട്. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ്, ശരത് യാദവിന്റെ ജനതാദള്‍ യു, ഓംപ്രകാശ് ചൗതാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ജനതാപാര്‍ട്ടി, നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍ തുടങ്ങിയവയാണ് ജനതാ പരിവാര്‍ കക്ഷികള്‍.

1977 ല്‍ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്താനും 1989 ല്‍ രാജീവ് ഗാന്ധിയെ തളക്കാനും സാധിച്ച പ്രസ്ഥാനമെന്ന നിലയില്‍ ബി ജെ പിയുടെ മുന്നേറ്റത്തെ ചെറുക്കാനാണ് ജനതാ പരിവാര്‍ ശ്രമം.ഏകീകരണത്തിലൂടെ ബി ജെ പിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷ.മാത്രമല്ല ബി ജെ പിക്കെതിരായ നീക്കത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ ്‌കെജിരിവാള്‍, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശഖര റാവു തുടങ്ങിയവരുടെ പിന്തുണ കൂടി ജനതാ പരിവാര്‍ പ്രതീക്ഷിക്കുന്നുണ്ട്.അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ഇന്ദിരഗാന്ധിയ്‌ക്കെതിരെ വ്യാപകമായിരുന്ന ജനവികാരമുയര്‍ന്നപ്പോള്‍ മൊറാര്‍ജി ദേശായി , ചരണ്‍സിംഗ്, ജയപ്രകാശ് നാരായണന്‍ തുടങ്ങിയ നേതാക്കള്‍ 1977ലും രാജീവ് ഗാന്ധിക്കെതിരായ ജനവികാരത്തെ തുടര്‍ന്ന് വി പി സിങ്ങ് 1989ലും അധികാരത്തിലേറിയതിന് സമാനമായ സാഹചര്യം ഇപ്പോള്‍ ഇന്ത്യയിലുണ്ടെന്നാണ് ജനതാദള്‍ എസ് വിലയിരുത്തുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ നയം ജനങ്ങള്‍ക്ക് അനുദിനം ദുരിതമാണ് വരുത്തി തീര്‍ക്കുന്നതെന്നത് കൊണ്ട് തന്നെ ബി ജെ പിക്കെതിരായ പടയൊരുക്കത്തിന് ജനതാ പരിവാര്‍ ഏകീകരണം സാധ്യമാകണമെന്നാണ് ജനതാദള്‍ എസ് ചൂണ്ടിക്കാണിക്കുന്നത്.

---- facebook comment plugin here -----

Latest