Connect with us

Kozhikode

തീവണ്ടി യാത്രക്കാരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മ ശ്രദ്ധേയമാകുന്നു

Published

|

Last Updated

കൊയിലാണ്ടി: തീവണ്ടി യാത്രക്കാരുടെ സൗഹൃദ വാട്ട്‌സ് ആപ്പ് കൂട്ടായ്മ ശ്രദ്ധേയമാകുന്നു. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയും കോയമ്പത്തൂര്‍,ചെന്നൈ ഭാഗത്തേക്കുമുളള യാത്രക്കാരാണ് ഈ കൂട്ടായ്മക്ക് രൂപം നല്‍കിയത്.

കൂട്ടായ്മയില്‍ അംഗങ്ങളായ ഇവരില്‍ പലര്‍ക്കും അന്യോന്യം അറിയില്ലെങ്കിലും വാട്ട്‌സ്ആപ്പ് ഇവരെ പരസ്പരം കോര്‍ത്തിണക്കുന്നു. തീവണ്ടികളിലെ സ്ഥിരം യാത്രക്കാരാണ് ഈ കൂട്ടായ്മയിലെ മിക്ക അംഗങ്ങളും.
വണ്ടികളുടെ ശരിയായ സമയം,വൈകി ഓടുന്ന വിവരം, തിരക്ക്, എന്ന് വേണ്ട ഏത് വിവരവും ഞൊടിയിടയില്‍ കൈമാറാന്‍ ഈ സൗഹൃദ കൂട്ടായ്മ സഹായിക്കുന്നു.

ട്രെയിന്‍ ടൈം എന്നു പേരിട്ട സൗഹൃദ കൂട്ടായ്മയില്‍ 760 അംഗങ്ങള്‍ നിലവിലുണ്ട്. അത്യഹിതങ്ങളോ അപകടങ്ങളോ ഉണ്ടായാല്‍ നിമിഷ നേരം കൊണ്ട് പുറം ലോകത്തെത്തിക്കുവാന്‍ ഇത് സഹായിക്കും. വനിതാ യാത്രക്കാരും വിവരങ്ങള്‍ കൈമാറുന്നതില്‍ സജീവമായി രംഗത്തുണ്ട്.
സ്ത്രീകള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുളള അതിക്രമങ്ങള്‍ നടന്നാല്‍ സഹായത്തിനായി അഭ്യര്‍ഥിക്കാനും ഇത് സഹായിക്കും. തീവണ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സന്ദേശമായി കൈമാറുക.