Connect with us

Sports

ഐ എസ് എല്‍: ടോപ് 5 താരങ്ങള്‍

Published

|

Last Updated

ഐ എസ് എല്‍ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്നാരംഭിക്കുകയാണ്. ലീഗ് റൗണ്ടില്‍ ചില താരങ്ങള്‍ പുറത്തെടുത്ത മികവ് അതുല്യമായിരുന്നു. സെമിയില്‍ ഏവരും ഉറ്റുനോക്കുന്ന സൂപ്പര്‍ താരങ്ങളുടെ പട്ടികയില്‍ പ്രധാനമായും അഞ്ച് പേരുണ്ട്.
ഏറ്റവുമധികം റേറ്റിംഗ് ഉള്ള താരം 8.69 പോയിന്റുള്ള ഡല്‍ഹി ഡൈനമോസ് താരം മാര്‍സെലിഞ്ഞോയാണ്. രണ്ടാംസ്ഥാനത്ത് 8.28 റേറ്റിംഗുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ യാവി ലാറയാണ്. മൂന്നാം സ്ഥാത്ത് ഡല്‍ഹി ഡൈനമോസിന്റെ ഫ്‌ളോറന്റ് മലൂദയാണ്. ഫ്രഞ്ച് മാര്‍ക്വു താരത്തിന്റെ റേറ്റിംഗ് 8.09 ആണ്. 8.08 റേറ്റിംഗോടെ നാലാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സി കെ വിനീതാണ്.7.84 റേറ്റിംഗുള്ള മുംബൈ സിറ്റി എഫ് സിയുടെ ലൂസിയന്‍ ഗോയനാണ് അഞ്ചാം സ്ഥാനത്ത്.

മാര്‍സെലിഞ്ഞോ (ഡല്‍ഹി ഡൈനമോസ്):
മൂന്നാം സീസണില്‍ ഇറ്റാലിയന്‍ കോച്ച് ജിയാന്‍ ലൂക സംബ്രോട്ടയുടെ പരിശീലന മികവില്‍ ഡല്‍ഹി വലിയ കുതിപ്പാണ് നടത്തിയത്. ചാലകശക്തിയായത് മുന്നേറ്റ നിരയിലെ മാര്‍സെലിഞ്ഞോയും. ഒമ്പത് ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തം പേരിലാക്കിയ മാര്‍സെലിഞ്ഞോ എവേ മാച്ചുകളിലാണ് കൂടുതല്‍ തിളങ്ങിയത്.
ചെന്നൈയിന്‍ എഫ് സിയുടെ തട്ടകത്തില്‍ 3-1ന് ഡല്‍ഹി ജയിച്ചപ്പോള്‍ ഇരട്ട ഗോളുകളുമായി മാര്‍സെലിഞ്ഞോ മിന്നി. എഫ് സി ഗോവക്കെതിരെ ഹോം മാച്ചില്‍ ഹാട്രിക്ക് നേടിയതാണ് ശ്രദ്ധേയം. സെമിയില്‍ ഡല്‍ഹിയെ നേരിടാനിരിക്കുന്ന കേരളബ്ലാസ്റ്റേഴ്‌സിന്റെ ഉറക്കം കെടുത്തുന്നത് മാര്‍സെലിഞ്ഞോയാണ്.

മാര്‍സെലിഞ്ഞോ

യാവി ലാറ (അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത):
ടീമിന്റെ നെടുംതൂണ്‍ എന്ന് യാവി ലാറയെ വിശേഷിപ്പിക്കാം. കൊല്‍ക്കത്തന്‍ നിരയില്‍ കൃത്യതയാര്‍ന്ന പാസുകള്‍ നല്‍കുന്ന താരം, ഏറ്റവും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ച താരം ഇങ്ങനെ പോകുന്നു ലാറ മാഹാത്മ്യം. മൂന്ന് നിര്‍ണായക ഗോളുകള്‍ നേടിയിട്ടുണ്ട്. മുംബൈയില്‍ എവേ മാച്ചിലാണ് ലാറ മിന്നും പ്രകടനം കാഴ്ചവെച്ചത്. പെനാല്‍റ്റി ബോക്‌സിന് പുറത്ത് വെച്ച് ലാറ നേടിയ സമനില ഗോള്‍ ടൂര്‍ണമെന്റിലെ മികച്ചതായി. ഡല്‍ഹിക്കെതിരെ എവേ മാച്ചില്‍ എഴുപത്തിരണ്ടാം മിനുട്ടില്‍ നേടിയ കണ്ണഞ്ചിപ്പിക്കുന്ന ഗോള്‍ ലാറ സ്‌പെഷ്യലാണ്. സെമിയില്‍ കൊല്‍ക്കത്തയെ നേരിടാനിറങ്ങുമ്പോള്‍ മുംബൈ നിരയെ വിറപ്പിക്കുക ലാറയുടെ ഇത്തരം അപ്രതീക്ഷിത ഗോളുകളാകും.

ഫ്‌ളോറന്റ് മലൂദ

ഫ്‌ളോറന്റ് മലൂദ (ഡല്‍ഹി ഡൈനമോസ്):
മാര്‍ക്വു താരങ്ങളില്‍ വിലസിയത് ഫ്രഞ്ച് താരം ഫ്‌ളോറന്റ് മലൂദയാണെന്ന് നിസംശയം പറയാം. മൂന്ന് ഗോളുകള്‍, അഞ്ച് അസിസ്റ്റുകള്‍ എന്ന കണക്കിനും മുകളിലാണ് മലൂദയുടെ പ്രകടനം. മുന്‍ ചെല്‍സി താരം പന്ത് കൈവശം വെക്കുന്നതോടെയാണ് ഡല്‍ഹിയുടെ ഗോളിലേക്കുള്ള അവധാനതയോടെയുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നത്. ഹോംഗ്രൗണ്ടില്‍ 4-1ന് ചെന്നൈയെ തകര്‍ത്തപ്പോഴായിരുന്നു മലൂദ നിറഞ്ഞാടിയത്. രണ്ട് ഗോളുകള്‍ നേടിയ മലൂദ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

സി കെ വിനീത് (ബ്ലാസ്റ്റേഴ്‌സ്):
കേരള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ തപ്പിത്തടയുമ്പോഴാണ് സി കെ വിനീത് പകരക്കാരന്റെ റോളിലെത്തി ഗോളടി ആരംഭിക്കുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല വിനീതിന്. അഞ്ച് ഗോളുകളാണ് കണ്ണൂരുകാരന്‍ ഇതിനകം അടിച്ച് കൂട്ടിയത്. ഐ എസ് എല്ലില്‍ ഇന്ത്യന്‍ താരങ്ങളില്‍ ടോപ് സ്‌കോറര്‍ സ്ഥാനത്ത് വിനീതാണ്. ചെന്നൈയിന്‍ എഫ് സിക്കെതിരെ ഹോം മാച്ചില്‍ ഒരു ഗോളിന് പിറകിലായ ശേഷം 3-1ന് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത് വിനീതിന്റെ ഇരട്ട ഗോളുകളിലായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡിനെതിരെ അറുപത്താറാം മിനുട്ടില്‍ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് സെമി ബെര്‍ത് ഉറപ്പാക്കിയത്.

ലൂസിയാന്‍ (മുംബൈ സിറ്റി ):
മുംബൈയുടെ പ്രതിരോധ നിരയിലെ തൂണ്‍ ആണ് ലൂസിയന്‍ ഗോയന്‍. കാടന്‍ പ്രകൃതം, ഒരു മയവുമില്ലാത്ത ടാക്ലിംഗ്. ലൂസിയാന്‍ നില്‍ക്കുമ്പോള്‍ സെന്റര്‍ബാക്ക് പൊസിഷനിലൂടെ ഒരു എതിര്‍ താരവും പന്തുമായി അനായാസം കടന്ന് പോകില്ല. ലീഗില്‍ മികച്ച ഡിഫന്‍സീവ് റെക്കോര്‍ഡാണ് മുംബൈക്കുള്ളത്. എട്ട് ക്ലീന്‍ ഷീറ്റുകള്‍, ആകെ വഴങ്ങിയത് എട്ട് ഗോളുകള്‍. എല്ലാത്തിനും നന്ദി പറയേണ്ടത് ലൂസിയന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധ നിരയോട്.

---- facebook comment plugin here -----

Latest