Connect with us

Kasargod

കാസര്‍കോട്ട് ബേങ്കില്‍ നിന്ന് അസമയത്ത് നോട്ടുകള്‍ പുറത്തേക്ക് കടത്തി

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് നായക്‌സ് റോഡിലെ എസ് എം എസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ കാസര്‍കോട് ബ്രാഞ്ചില്‍ നിന്ന് അസമയത്ത് നോട്ടുകള്‍ പുറത്തേക്ക് കടത്തി. ഇന്നലെ പുലര്‍ച്ചെ നാലോടെ ഒരു കാറിലും ബൈക്കിലുമെത്തിയ ഉദ്യോഗസ്ഥരാണ് ബേങ്കില്‍ നിന്നും നോട്ടുകള്‍ കടത്തിയത്. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ കടയുടമ ബേങ്കില്‍ അസമയത്ത് ആളുകളെ കണ്ട് അന്വേഷിച്ചതോടെയാണ് സംഭവം പുറത്തായത്. അസമയത്ത് ബേങ്കില്‍ നിന്ന് പണം കൊണ്ടുപോകുന്നത് എവിടേക്കാണെന്ന് ചോദിച്ചപ്പോള്‍ ഇതൊന്നും താങ്കള്‍ അറിയേണ്ട കാര്യമില്ലെന്ന് പറഞ്ഞ് തയ്യല്‍ കട ഉടമയോട് ബേങ്ക് ഉദ്യോഗസ്ഥര്‍ തട്ടിക്കയറുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസെത്തുമ്പോഴേക്കും ഉദ്യോഗസ്ഥര്‍ ബേങ്ക് അടച്ച് പോയിരുന്നു. രാവിലെ 10 മണിക്ക് മുമ്പു തന്നെ കോഴിക്കോട്ടെ മെയിന്‍ ബ്രാഞ്ചിലേക്കെത്തിക്കേണ്ട പഴയ നോട്ടുകളാണ് ഇവിടെ നിന്ന് കൊണ്ടുപോയതെന്നാണ് അധികൃതര്‍ പോലീസിനോട് സൂചിപ്പിച്ചിട്ടുള്ളത്. മാനേജരോട് പോലീസില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് വ്യക്തമാക്കി.

Latest