Connect with us

International

അലെപ്പോ ഒഴിപ്പിക്കല്‍ നിര്‍ത്തി

Published

|

Last Updated

അലെപ്പോ: വിമതര്‍ക്കെതിരായ സൈനിക നടപടി ശക്തമായ വടക്കന്‍ സിറിയയിലെ അലെപ്പോയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ മറവില്‍ വിമതര്‍ മാരകായുധങ്ങളും കുറ്റവാളികളായ തടവുപുള്ളികളെയും കടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സിറിയന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. ജനങ്ങളുമായി പുറപ്പെട്ട ബസില്‍ ആയുധധാരികളായ വിമതര്‍ ആക്രമണം നടത്തിയതായും സിറിയന്‍ സൈന്യം വ്യക്തമാക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരങ്ങളെ സുരക്ഷിത ഇടങ്ങളിലേക്കെത്തിച്ചതിന് പിന്നാലെയാണ് ജനങ്ങളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഞെട്ടിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള ഉത്തരവുണ്ടായത്. ഇതിന് പിന്നാലെ സിറിയന്‍ സൈന്യത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് പാതി വഴിയില്‍ നിര്‍ത്തി രക്ഷാപ്രവര്‍ത്തകരുടെ വാഹനം കിഴക്കന്‍ അലെപ്പോയിലേക്ക് തന്നെ തിരിച്ചു.

ആറ് വര്‍ഷത്തോളമായി നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് വിമതര്‍ കൈയ്യടക്കിയ കിഴക്കന്‍ അലെപ്പോയില്‍ സിറിയന്‍ സൈന്യം ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെയാണ് ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനായി റെഡ് ക്രോസ്, റെഡ് ക്രസന്റ്, യു എന്‍, സിറിയന്‍ സിവില്‍ ഡിഫന്‍സ്, വൈറ്റ് ഹെല്‍മെറ്റ്‌സ് തുടങ്ങിയ മനുഷ്യാവകാശ, സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി. സ്ത്രീകളും കുട്ടികളുമടക്കം 6,000 ഓളം പേരെ ഇതിനകം സുരക്ഷിത ഇഠങ്ങളിലെത്തിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. കിഴക്കന്‍ അലെപ്പോയില്‍ കുടുങ്ങിക്കിടക്കുന്ന ഒട്ടുമിക്ക ജനങ്ങളെയും ഒഴിപ്പിച്ചതായി സിറിയയെ പിന്തുണക്കുന്ന റഷ്യ വ്യക്തമാക്കി. എന്നാല്‍, സ്ത്രീകളും കുട്ടികളുമടക്കം അരലക്ഷത്തോളം പേര്‍ കിഴക്കന്‍ അലെപ്പോയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് യു എന്‍ വൃത്തങ്ങള്‍ ആരോപിച്ചു.

അതിനിടെ, ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സിറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ സൈന്യം ലംഘിച്ചെന്ന് വിമതര്‍ ആരോപിച്ചു. ജനങ്ങളുമായി പുറപ്പെട്ട ബസില്‍ ആക്രമണം അഴിച്ചുവിട്ടത് സിറിയന്‍ സര്‍ക്കാറിനെയും സൈന്യത്തെയും പിന്തുണക്കുന്ന വിഭാഗമാണെന്ന് വിമതര്‍ ആരോപിച്ചു.
നിലവില്‍ അലെപ്പോയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ഭൂരിഭാഗം പേരെയും സര്‍ക്കാര്‍ അധീന പ്രദേശമായ പടിഞ്ഞാറന്‍ അലെപ്പോയിലേക്കും കുറച്ച് പേരെ ഇദ്‌ലിബിലേക്കും അയക്കും. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

രോഗികള്‍, കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍ തുടങ്ങിയ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. ആവശ്യ സൗകര്യം പോലുമില്ലാത്ത തണുത്തുറച്ച പ്രദേശത്ത് ഒഴിപ്പിക്കല്‍ വാഹനങ്ങളെ കാത്തിരിക്കുകയാണ് ഇവര്‍.