Connect with us

National

നദീജല തര്‍ക്ക പരിഹാരത്തിന് സ്ഥിരം ട്രൈബ്യൂണല്‍

Published

|

Last Updated

ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സ്ഥിരമായ ഏക ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനായി 1956ലെ അന്തര്‍സംസ്ഥാന ജല തര്‍ക്ക നിയമം ഭേദഗതി ചെയ്യുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ലിമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിക്കും.
വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനാകുന്ന സ്ഥായിയായ ട്രൈബ്യൂണലിനും തര്‍ക്കം വരുമ്പോള്‍ ആവശ്യത്തിനനുസരിച്ച് ബഞ്ചുകള്‍ രൂപവത്കരിക്കുന്നതിനുമുള്ള നിയമ ഭേഗതിക്കാണ് തയ്യാറെടുക്കുന്നത്. തര്‍ക്കം തീരുമ്പോള്‍ ഈ ബഞ്ചുകളുടെ സേവനം അവസാനിപ്പിക്കും. ട്രൈബ്യൂണലിനോടൊപ്പം തര്‍ക്ക നിവാരണ കമ്മിറ്റി രൂപവത്കരിക്കുന്നതിനും നിയമ ഭേദഗതിയില്‍ നിര്‍ദേശം വെക്കും. ഈ കമ്മിറ്റിയില്‍ വിദഗ്ധന്മാരെ ഉള്‍പ്പെടുത്തുമെന്നും കേന്ദ്ര ജലവിഭവ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
നദീജല തര്‍ക്കങ്ങളില്‍ ആദ്യഘട്ടത്തില്‍ പ്രശ്‌നപരിഹാരത്തിന് ഈ കമ്മിറ്റിയാണ് ശ്രമിക്കുക. അവരുടെ തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കാമെന്നതാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം.
കൂടാതെ വെള്ളവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതും പരിശോധനയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഒരു ഏജന്‍സി രൂപവത്കരിക്കുന്നതിനും നിയമ ഭേദഗതിയില്‍ കേന്ദ്രം നിര്‍ദേശം വെക്കും.
മഴയുടെ ലഭ്യത, വെള്ളത്തിന്റെ ഒഴുക്ക്, ജലസേചന മേഖലകള്‍, എന്നിവയെ അടിസ്ഥാനപ്പെടുത്തി രാജ്യത്തെ മുഴുവന്‍ നദികളുടെയും കണക്കുകള്‍ ശേഖരിക്കുന്നതായിരിക്കും എജന്‍സിയുടെ ചുമതല.
1956ലെ നിയമമനുസരിച്ച് നിലവില്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചാല്‍ മാത്രമേ ട്രൈബ്യൂണല്‍ രൂപവത്കരിക്കാന്‍ സാധിക്കൂ. നിലവില്‍ തമിഴ്‌നാടും കര്‍ണാടകവും തമ്മില്‍ തര്‍ക്കം നടക്കുന്ന കാവേരി നദീജല പ്രശ്‌നത്തിലും ഒഡീഷയും ഛത്തീസ്ഗഢും തമ്മില്‍ തര്‍ക്കമുള്ള മഹാനദി നദീജല തര്‍ക്കത്തിലും ട്രൈബ്യൂണല്‍ സജ്ജീകരിക്കാന്‍ കേന്ദ്രത്തിന് അപേക്ഷ ലഭിച്ചിട്ടുണ്ട്.

Latest