Connect with us

Kerala

പത്ത് പുതിയ തീരദേശ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം: തീരപ്രദേശങ്ങളുടെ സുരക്ഷ പരിഗണിച്ച് 10 പുതിയ തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ തുറക്കും. ഇതോടെ സംസ്ഥാനത്തെ തീരദേശ പോലീസ് സ്‌റ്റേഷനുകളുടെ എണ്ണം 18 ആയി ഉയരും. തൃക്കരിപ്പൂര്‍, കുമ്പള, തലശ്ശേരി, വടകര, ഇലത്തൂര്‍, പൊന്നാനി, വെണ്ണമനാട്, അര്‍ത്തുങ്കല്‍, പൂവാര്‍, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലാണ് പുതിയ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നത്. ഇതില്‍ അഞ്ചുതെങ്ങും ഇലത്തൂരും ഒഴികെയുളള സ്റ്റേഷനുകള്‍ ജനുവരിയോടെ കമ്മീഷന്‍ ചെയ്യുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പുതിയ തീരദേശ പോലീസ് സ്‌റ്റേഷനുകളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചു കഴിഞ്ഞാലുടന്‍ പുതിയ സ്റ്റേഷനുകള്‍ ആരംഭിക്കാനാകും. പോലീസ് സ്‌റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് കേന്ദ്ര ഫണ്ടുപയോഗിച്ചാണ്. സംസ്ഥാനം മനുഷ്യവിഭവശേഷിയാണ് സംഭാവന ചെയ്യുക. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെകടറുടെ നേതൃത്വത്തില്‍ 46 അംഗ സ്റ്റാഫാണ് ഓരോ സ്‌റ്റേഷനിലും ഉണ്ടാകുക. മൂന്ന് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ ഓരോ പോലീസ് സ്‌റ്റേഷനും നല്‍കും. ഇപ്പോള്‍ തന്നെ തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സ്വന്തമായി ഇന്‍ര്‍സെപ്റ്റര്‍ ബോട്ടുകളുണ്ട്. ഇവ പുതിയ സ്റ്റേഷനുകള്‍ക്കും വിനിയോഗിക്കാനാകും.
മുംബൈ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ തീരപ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് പുതിയ തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നത്. വിഴിഞ്ഞം, നീണ്ടകര, തോട്ടപ്പളളി, ഫോര്‍ട്ട് കൊച്ചി, അഴിക്കോട്, ബേപ്പൂര്‍, അഴീക്കല്‍, ബേക്കല്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീരദേശത്ത് ആറ് പ്രധാന കേന്ദ്രങ്ങളെയാണ് തന്ത്രപ്രധാനം എന്ന് വിലയിരുത്തിയിട്ടുളളത്. തുമ്പ, ഇരവിപുരം, തൃക്കുന്നപ്പുഴ, ആലപ്പുഴ ടൗണ്‍, വലപ്പാട്, താനൂര്‍ എന്നിവയാണ് അവ. ഓരോ തീരദേശ പോലീസ് സ്‌റ്റേഷനുകളും തീരദേശത്ത് 12 കിലോ മീറ്റര്‍ ദൂരത്തില്‍ സുരക്ഷ ഉറപ്പാക്കണം. കടലില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുക, മയക്കുമരുന്ന് കടത്ത് തടയുക എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് തീരദേശ പോലീസിന്റെ മറ്റു പ്രധാന ദൗത്യങ്ങള്‍. ക്രൈംബ്രാഞ്ച് മാതൃകയില്‍ തീരദേശ ബെല്‍റ്റിലും സുരക്ഷ ഉറപ്പാക്കുന്നതിന് ക്രമീകരണം ഉണ്ടാക്കുകയാണ് പോലീസ് ലക്ഷ്യമിടുന്നത്.

Latest