Connect with us

Kerala

കോട്ടയത്ത് ബി ജെ പി-ആര്‍ എസ് എസ് മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

കോട്ടയം: കോട്ടയത്ത് കലക്ടറേറ്റിലേക്ക് ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഡി വൈ എസ് പി അടക്കം എട്ട് പോലീസുകാര്‍ക്കും, ബി ജെ പി ജില്ലാ പ്രസിഡന്റ് എന്‍ ഹരി അടക്കം പത്ത് പേര്‍ക്കും പരിക്കേറ്റു. നാട്ടകം ഗവ. പോളിടെക്‌നിക്കിലെ ഹോസ്റ്റലില്‍ നടന്ന റാഗിംഗ് കേസില്‍, ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി ജെ പി മാര്‍ച്ച് നടത്തിയത്. ജനം ടിവി കോട്ടയം ബ്യൂറോ ചീഫ് ശ്രീജിത്തിന് കല്ലേറില്‍ പരുക്കേറ്റു. കണ്ണീര്‍വാതകം ശ്വസിച്ചു കുഴഞ്ഞു വീണു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്ത ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ചികത്സക്ക് ശേഷം ശ്രീജിത്തിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചങ്ങനാശ്ശേരി ഡി വൈ എസ് പി വി അജിതിന് കല്ലേറില്‍ കൈക്കും നെഞ്ചിനും സാരമായ പരുക്കേറ്റു. എറ്റുമാനൂര്‍ സി ഐ സി ജെ മാര്‍ട്ടിന്റെ കൈക്കാണ് പരിക്കേറ്റത്.ഇദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ട്. എ ആര്‍ ക്യാമ്പ് എ എസ് ഐ ലത്തീഫിന് കാലിന് ഗുരുതര പരിക്കുപറ്റിയിട്ടുണ്ട്. കുമരകം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ടി എം മധു, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് വര്‍മ, എ ആര്‍ ക്യാമ്പിലെ പോലീസുകാരായ സെബാസ്റ്റിയന്‍, ഉല്ലാസ്, രജ്ഞിത്ത് എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെ ആദ്യം ജനറല്‍ ആശുപത്രയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ബി ജെ പി-ആര്‍ എസ് എസ് കാര്‍ പോലീസിനു നേരെ എറിഞ്ഞ കല്ലുകൊണ്ടാണ് ബി ജെ പി ജില്ലാ പ്രസിഡന്റ് എന്‍ ഹരിക്ക് പരിക്കു പറ്റിയത്.

ഇന്നലെ രാവിലെ 11 മണിയോടെ തിരുനക്കര പരിസരത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രധാന കവാടത്തില്‍ പോലീസ് വന്‍ സുരക്ഷ ഒരുക്കിയിരുന്നു. മാര്‍ച്ച് കലക്ടറേറ്റിന് മുന്‍വശം എത്തുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകള്‍ പോലീസിനു നേരെ കല്ലേറ് തുടങ്ങി. എന്നാല്‍ പൊലീസ് സംയമനം പാലിച്ചു. ഇതിനിടയില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഓടിയെത്തി പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ പ്രവര്‍ത്തകര്‍ കലക്ടറേറ്റിന്റെ കിഴക്കേ ഗേറ്റിലേക്ക് ഓടിയെത്തി. ഇവിടെ പോലീസുകാര്‍ കുറവായിരുന്നു. കവാടം മറികടക്കാനുള്ള ശ്രമത്തിനിടെ ഇവിടെ നിന്ന പോലീസുകാര്‍ക്ക് നേരെ കൈയേറ്റം നടത്തുകയും ചെയ്തതോടെ പോലീസ് ലാത്തിവീശി. ഇതിനെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ സംഘം തിരിഞ്ഞ് പോലീസിന് നേരെ ഇഷ്ടികയും കല്ലും ഉപയോഗിച്ച് എറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചു. ഇതോടെ മണിക്കൂറുകളോളം കലക്ടറേറ്റും പരിസരവും സംഘര്‍ഷഭൂമിയായി മാറി. ഇതില്‍ പൊട്ടാതെ പോയ ഒരു ഷെല്‍ പ്രവര്‍ത്തകര്‍ കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് തിരികെ എറിഞ്ഞത് ഭീതി ജനിപ്പിച്ചു. ഇതിനിടെയാണ് പലര്‍ക്കും പരുക്കു പറ്റിയത്. പ്രകടനമെത്തിയപ്പോള്‍ തന്നെ സമീപത്തെ കടകളുടെയെല്ലാം ഷട്ടര്‍ താഴ്ത്തിയിരുന്നു. കലക്ടറേറ്റിനു മുന്നിലൂടെയുള്ള ഗതാഗതവും പോലീസ് നിരോധിച്ചിരുന്നു. അരമണിക്കൂറിലേറെ നേരം സ്ഥലത്തു സംഘര്‍ഷാവസ്ഥ നിലനിന്നു. തുടര്‍ന്നു കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ തുരത്തിയോടിച്ചതോടെയാണ് സംഘര്‍ഷാവസ്ഥക്ക് പരിഹാരമായത്.