Connect with us

National

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: സെമി ഫൈനലായി നഞ്ചന്‍കോട് ഉപതിരഞ്ഞെടുപ്പ്‌

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെ നഞ്ചന്‍കോട് ഉപതിരഞ്ഞെപ്പില്‍ വിജയക്കൊടി പാറിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പാര്‍ട്ടികള്‍. മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലെ ശ്രീനിവാസ പ്രസാദ് എം എല്‍ എ സ്ഥാനം രാജിവെച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ ക്ഷീണമാണുണ്ടാക്കിയത്.

ദളിത് പിന്നാക്ക നേതാവായി അറിയപ്പെടുന്ന ശ്രീനിവാസ പ്രസാദിനെ നേരിടാന്‍ മറ്റൊരു ദളിത് നേതാവും ചാമ്രരാജ്‌നഗര്‍ എം പിയുമായ രംഗസ്വാമി ദ്രുവനാരായണനെ ഗോദയിലിറക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. നഞ്ചന്‍കോട് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയാല്‍ കോണ്‍ഗ്രസിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആത്മവിശ്വാസം വര്‍ധിക്കും. 2018ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ബി ജെ പി നേതൃത്വം. ഇതിന് മുന്നോടി സംഘടനാ ശക്തി തെളിയിക്കാനുള്ള മുന്നൊരുക്കമാണ് ഇരു പാര്‍ട്ടികളും ആരംഭിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ബി ജെ പി. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ബി ജെ പി ബെംഗളൂരുവില്‍ ദളിത്- പിന്നാക്ക വിഭാഗങ്ങളുടെ സമ്മേളനം സംഘടിപ്പിച്ചിരുന്നു.

ബി ജെ പിയില്‍ യെദ്യൂരപ്പക്കെതിരെയുള്ള നീക്കത്തിന് നേതൃത്വം നല്‍കിയ കെ എസ് ഈശ്വരപ്പ പിന്നാക്ക സമുദായങ്ങളെ അണിനിരത്തി സംഘടന രൂപവത്ക്കരിച്ചിരുന്നു. ഇതിന് ബദലായാണ് യെദ്യൂരപ്പയും പിന്നാക്ക സമുദായങ്ങളെ സംഘടിപ്പിച്ച് സമ്മേളനം നടത്തിയത്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി കൊണ്ടുവന്ന പദ്ധതികള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അട്ടിമറിച്ചതായാണ് ബി ജെ പി ആരോപിക്കുന്നത്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന സുവര്‍ണ ഗ്രാമ യോജന, ഭാഗ്യ ലക്ഷ്മി പദ്ധതികള്‍ കോണ്‍ഗ്രസ് അവഗണിച്ചതായും കുറ്റപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കി തിരഞ്ഞെടുപ്പില്‍ പരമാവധി ആള്‍ക്കാരുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് യെദ്യൂരപ്പ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസിലും കൂടിയാലോചനകള്‍ സജീവമായിട്ടുണ്ട്. ഇതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ നന്ദിഹില്‍സില്‍ പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു.

Latest