Connect with us

Business

ഓണ്‍ലൈന്‍ ഷോപിംഗുകള്‍ ഇരട്ടിയായി വര്‍ധിച്ചു

Published

|

Last Updated

ദോഹ: ഓണ്‍ലൈന്‍ ഷോപിംഗ് രംഗത്ത് മിഡില്‍ ഈസ്റ്റില്‍ വന്‍തോതില്‍ വളര്‍ച്ച. ഓരോ ദിവസവും ഓണ്‍ലൈന്‍ ഷോപിംഗ് വര്‍ധിച്ചു വരുന്നതായി പുതിയ സര്‍വേ കണ്ടെത്തുന്നു. മേഖലയില്‍ 2014ല്‍ ആറു ശതമാനം മാത്രമുണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം 12 ശതമാനമായി ഉയര്‍ന്നുവെന്ന് പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപേഴ്‌സ് (പി ഡബ്ല്യു സി) നടത്തിയ സര്‍വേയാണ് കണ്ടെത്തിയത്. ഗള്‍ഫ് നാടുകളില്‍ ഓണ്‍ലൈന്‍ ഷോപ്പുകള്‍ക്കു പുറമേ പരമ്പരാഗത വ്യാപാര കേന്ദ്രങ്ങള്‍ കൂടി ഓണ്‍ലൈന്‍ ഷോപിംഗ് ആരംഭിച്ചതോടെ ഈ രംഗം കൂടുതല്‍ പേര്‍ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.

ലോക തലത്തില്‍ ഓണ്‍ലൈന്‍ ഷോപിംഗ് റീട്ടെയില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമായും പുസ്തകങ്ങള്‍, സംഗീതം, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിന് ഓണ്‍ലൈന്‍ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും ടോട്ടല്‍ റീട്ടെയില്‍ മിഡില്‍ ഈസ്റ്റ് 2016 റിപ്പോര്‍ട്ട് പറയുന്നു. ഓണ്‍ലൈന്‍ വിപണി സജീവമായതോടെ ചില വിഭാഗം ഉത്പന്നങ്ങള്‍ നേരിട്ടുള്ള ഷോപ്പുകളില്‍ ശ്രദ്ധ കുറച്ച് ഓണ്‍ലൈനിലേക്കു തിരിയുന്നുണ്ട്. ആഗോള ശരാശരിയേക്കാള്‍ കൂടുതലാണ് മിഡില്‍ ഈസ്റ്റിലെ ഓണ്‍ലൈന്‍ ഷോപിംഗ് ശരാശരി. ഗള്‍ഫ് രാജ്യങ്ങളാണ് ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത്. പ്രതിവാര, പ്രതിമാസ ഓണ്‍ലൈന്‍ ഷോപ്പേഴ്‌സിന്റെ എണ്ണം വര്‍ധിച്ചു വരുന്നുണ്ട്.

സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും ആദ്യമായി ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയത് ഒരു വര്‍ഷത്തിനുള്ളിലാണ്. ആഗോള തലത്തില്‍ ഇത് 19 ശതമാനം മാത്രമാണ്. വസ്ത്രങ്ങളും പാദരക്ഷകളുമാമാണ് കൂടുതലായി (68 ശതമാനം) ഓണ്‍ലൈന്‍ ഷോപ്പുകളില്‍ന്നും വാങ്ങുന്നത്. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഷോപിംഗ് 66 ശതമാനവും പുസ്തകങ്ങളും സംഗീതവും 64 ശതമാനവും ഓണ്‍ലൈനിലൂടെ പര്‍ച്ചേസ് ചെയ്യപ്പെടുന്നു. ആഗോള തലത്തില്‍ മൂന്നില്‍ നില്‍ക്കുന്ന മൂന്നു വിഭാഗങ്ങള്‍ ബുക്‌സ്, ഇല്ക്‌ട്രോണിക്‌സ്, വസ്ത്രങ്ങളും പാദരക്ഷകളും എന്നിവയാണ്.
അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ഓണ്‍ലൈന്‍ ഷോപ്പുകളില്‍നിന്നും സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതാണ് മിഡില്‍ ഈസ്റ്റിലെ സ്വഭാവം. വിലയും തിരഞ്ഞെടുക്കാനുള്ള സൗകര്യവുമാണ് അധികപേരും പരിഗണിക്കുന്നത്. പലവ്യജ്ഞനങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന 43 ശതമാനം മാത്രമാണ്. പതിവായി ഓണ്‍ലൈനില്‍ ഷോപിംഗ് നടത്തുന്നവര്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്ന കിഴിവുകള്‍ സ്വീകരിക്കുന്നതിലും ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നു. 56 ശതമാനം പേരും മെമ്പര്‍ ഓണ്‍ലി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത് പര്‍ച്ചേസ് നടത്തുന്നവരാണ്.
ഓണ്‍ലൈന്‍ പര്‍ച്ചേസിന് നല്ലൊരു ശതമാനം പേരും ആശ്രയിക്കുന്നത് മൊബൈല്‍ ഫോണ്‍ ആണ്. കഴിഞ്ഞ വര്‍ഷം 70 ശതമാനം പേരും മൊബൈല്‍ ഫോണിലൂടെയാണ് പര്‍ച്ചേസ് നടത്തിയത്. 2014ല്‍ ഇത് 61 ശതമാനമായിരുന്നു. ടാബ്‌ലറ്റുകളിലുടെയും കംപ്യൂട്ടറുകളിലൂടെയുമുള്ള പര്‍ച്ചേസ് കുറയുകയും ചെയ്തിട്ടുണ്ട് സ്ഥാപനങ്ങള്‍ മൊബൈല്‍ ആപ്പ് പര്‍ച്ചേസ് പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് കാരണം. അതേസമയം ഓണ്‍ലൈന്‍ പര്‍ച്ചേസിലെ ചതിക്കുഴികളെക്കുറിച്ച് ഭീതിയുള്ളവരാണ് ഉപഭോക്താക്കള്‍. 60 ശതമാനത്തിനു മുകളില്‍ പേരും ഭയത്തോടെയാണ് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്നത്.

Latest