Connect with us

National

ജിയോ സൗജന്യ സേവനം നീട്ടിയതിനെതിരെ എയര്‍ടെല്‍ കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫര്‍ മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതിന് എതിരെ പ്രമുഖ മൊബൈൽ സേവന ദാതാവായ എയര്‍ടെല്‍ കോടതിയെ സമീപിച്ചു. ടെലികോം രംഗത്തെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ടെലികോം ഡിസ്പ്യൂട്ട്‌സ് സെറ്റ്ല്‍മെന്റ് ആന്റ് അപ്പലറ്റ് അതോറിറ്റിയിലാണ് എയര്‍ടെല്‍ പരാതി നല്‍കിയത്. സൗജന്യ പ്രൊമോഷന്‍ ഓഫര്‍ മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ട്രായ് അനുമതി നല്‍കിയതിന് എതിരെയാണ് എയര്‍ടെലിന്റെ പരാതി.

ഡിസംബര്‍ 31 വരെയാണ് റിലയന്‍സ് ജിയോക്ക് സൗജന്യ സേവനം നല്‍കാന്‍ അനുമതിയുള്ളത്. ഇത് മറികടന്ന് ട്രായിയുടെ മൗനാനുവാദത്തോടെ സൗജന്യ സേവനം മാര്‍ച്ച് 31 വരെ നീട്ടിയത് നിയമ വിരുദ്ധമാണെന്ന് 25 പേജ് വരുന്ന പരാതിയില്‍ എയര്‍ടെല്‍ കുറ്റപ്പെടുത്തുന്നു. ഡിസംബര്‍ 31ന് ശേഷം ജിയോ സൗജന്യം തുടരുന്നത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

റിലയന്‍സിന്റെ സൗജന്യ കോള്‍ സേവനം തങ്ങളുടെ നെറ്റ് വര്‍ക്കിനെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് എയര്‍ടെല്‍ ചൂണ്ടിക്കാട്ടുന്നു. അനിയന്ത്രിതമായ വിളികള്‍ വന്‍ ട്രാഫിക് സൃഷ്ടിക്കുന്നതായാണ് പരാതി.

എയര്‍ടെലിന്റെ പരാതി സ്വികരിച്ച ട്രൈബ്യൂണല്‍, ട്രായിയോട് വിശദീകരണം തേടി. കേസില്‍ കക്ഷി ചേരാനുള്ള ജിയോയുടെ അഭ്യര്‍ഥനയും ട്രൈബ്യൂണല്‍ അംഗീകരിച്ചിട്ടുണ്ട്.