Connect with us

Kerala

യു എ പി എ കേസുകള്‍ പുനരവലോകനം ചെയ്യുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് യു എ പി എ പ്രകാരം എടുത്തിട്ടുള്ള കേസുകള്‍ ആഭ്യന്തര വകുപ്പ് പുനരവലോകനം ചെയ്യുന്നു. ഇതിനകം കോടതിയില്‍ കുറ്റപത്രം നല്‍കാത്ത കേസുകളാണ് പുനരവലോകനം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഡി ജി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസുകള്‍ പോലീസ് ആസ്ഥാനത്ത് പുനരവലോകനം ചെയ്യുക. ഈ കേസുകളില്‍ വേണ്ടത്ര തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ തന്നെയാണോ യു എ പി എ ചുമത്തിയിട്ടുള്ളതെന്ന കാര്യം അവലോകനവേളയില്‍ പരിശോധിക്കും. നിയമ വിദഗ്ധരുടെ സഹായത്തോടെയാണ് അവലോകനം നടത്തുന്നത്. ഇതോടൊപ്പം, ഇത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് ഇക്കാര്യത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ ഉന്നയിക്കാനുള്ള അവസരം നല്‍കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
സംസ്ഥാനത്ത് വ്യാപകമായി യു എ പി എ ദുരുപയോഗം ചെയ്‌തെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ പുനരവലോകനം ചെയ്യുന്നത്. നിലവിലുള്ള പല കേസുകളിലും യു എ പി എ നിലനില്‍ക്കില്ലെന്നും വിലയിരുത്തലുണ്ട്. രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കാനും ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു.
യു എ പി എക്കെതിരെ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കരുതെന്നും കാപ്പ, യു എ പി എ എന്നീ നിയമങ്ങളോട് വിയോജിപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, യു എ പി എ ചുമത്തുന്ന കാര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലറുമിറക്കിയിരുന്നു. ജില്ലാ പോലിസ് മേധാവിയുടെ അനുവാദം കൂടാതെ ഈ വകുപ്പ് ചുമത്താനാകില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. യു എ പി എ യുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്നത് സി പി എമ്മിന്റെ പൊതു നിലപാടല്ലെന്നും അത് തിരുത്തണമെന്നും സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.
യു എ പി എ കേസുകളുടെ എല്ലാ വിവരങ്ങളും തിങ്കളാഴ്ചക്കകം എത്തിക്കാന്‍ റേഞ്ച് ഐ ജിമാര്‍ക്ക് ഡി ജി പി ലോകനാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കോടതികളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പരിശോധിക്കും. യു എ പി എ ചുമത്തിയത് തെറ്റാണെന്ന് കണ്ടെത്തിയാല്‍ അക്കാര്യം കോടതിയെ അറിയിക്കും.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യു എ പി എ ചുമത്തിയത് 67 കേസുകളിലാണ്. 2016ല്‍ മാത്രം അമ്പതോളം കേസുകളാണ് കേരളത്തില്‍ ചുമത്തിയത്. ഇതില്‍ 32 എണ്ണം യു ഡി എഫിന്റെ കാലത്ത് ചുമത്തിയതാണ്. മാവോയിസ്റ്റ്, പോരാട്ടം, മുസ്‌ലിം സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് അതില്‍ കൂടുതലും.