Connect with us

National

സാകിര്‍ നായികിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

ഗാന്ധി നഗര്‍: വിവാദ സലഫി പ്രഭാഷകന്‍ സാകിര്‍ നായികിനും അദ്ദേഹത്തിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണ വെളുപ്പിക്കല്‍ നിയമപ്രകാരമാണ് അദ്ദേഹത്തിനും സംഘടനക്കുമെതിരെ കേസെടുത്തത്. നേരത്തെ എന്‍ ഐ എയും സാക്കിര്‍ നായികിനെതിരെ കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളുമായി മുന്നോട്ട് പോകുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വ്യക്തമാക്കി. നായിക്കിന്റെയും സംഘടനയുടെയും ബേങ്ക് ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഡയരക്ടറേറ്റ് ഇതിനകം പരിശോധിച്ചിട്ടുണ്ട്. അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി സാക്കിറിന് സമന്‍സ് അയക്കാനും സാധ്യതയുണ്ട്. തീവ്രവാദ വിരുദ്ധ നിയമപ്രകാരം ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ മാസമാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സംഘടനയുടെ ഓഫീസ് ഭാരവാഹികളുടെ വീടുകളിലുള്‍പ്പെടെ പത്തോളം സ്ഥലങ്ങളില്‍ എന്‍ ഐ എയും മുംബൈ പോലീസും റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് പണം സ്വീകരിക്കുന്നതിന് സംഘടനക്ക് നിരോധനമേര്‍പ്പെടുത്തി. അറസ്റ്റ് ഭയന്ന് സാക്കിര്‍ നായിക് സഊദിയില്‍ തുടരുകയാണ്.
സാക്കിര്‍ നായികിന്റെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ധാക്ക കഫേ ആക്രമണം നടത്തിയതെന്ന തീവ്രവാദികളുടെ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പോസ്റ്റിംഗിനെ തുടര്‍ന്ന് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ഈ വര്‍ഷം തീവ്രവാദ സംഘടനയായ ഇസിലില്‍ ചേര്‍ന്ന മുംബൈ സ്വദേശികളായ യുവാക്കളും സാക്കിര്‍ നായികിന്റെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യു കെ, ക്യാനഡ, മലേഷ്യ എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ സാക്കിര്‍ നായിക് നിരവധി പ്രസംഗങ്ങള്‍ നടത്തിയതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.
യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദിപ്പിച്ചതിന് മഹാരാഷ്ട്ര പോലീസും സാക്കിര്‍ നായികിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest