Connect with us

Sports

പ്രതീക്ഷകളുടെ 2017

Published

|

Last Updated

2016 യാത്ര ചോദിച്ചത് വലിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ്. പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ കായിക യശസിനെ പതിന്‍മടങ്ങാക്കി മുന്നോട്ട് നയിക്കാന്‍ പോന്നവരുണ്ടെന്ന ചൂണ്ടിക്കാണക്കലായിരുന്നു പോയ വര്‍ഷം നല്‍കിയത്. ഇനി പുതുവത്സരത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക്. രാജ്യം ഉറ്റുനോക്കുന്ന ചില താരങ്ങളിലൂടെ ഒരു സഞ്ചാരം…

പി വി സിന്ധു (ബാഡ്മിന്റണ്‍)
ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ വര്‍ഷം കടന്നു പോയി. റിയോയിലെ വെള്ളി മെഡല്‍ കരിയറിലെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. ഇപ്പോള്‍ പുതിയസ്വപ്‌നം കാണുകയാണ്. പുതിയ ലക്ഷ്യസ്ഥാനം മുന്നിലുണ്ട്. ഈ വര്‍ഷം ലോകചാമ്പ്യന്‍ഷിപ്പും ആള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പും വരുന്നുണ്ട്- സിന്ധു പറഞ്ഞു.

ദീപ കര്‍മാകര്‍ (ജിംനാസ്റ്റിക്‌സ്)
ഒളിമ്പിക് മെഡല്‍ തലനാരിഴക്ക് നഷ്ടമായതിന്റെ നിരാശ ദീപ കര്‍മാകറിന്റെ മുഖത്ത് എപ്പോഴും നിഴലിക്കുന്നു. പക്ഷേ, ദീപ ഒന്നുറപ്പിച്ച് പറയുന്നു : 2016 കരിയറിലെ പ്രധാന വര്‍ഷമായിരുന്നു. 2017 അതിനേക്കാള്‍ മികച്ചതാകും.
ജൂണില്‍ കസാഖിസ്ഥാനില്‍ നടനക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ജിംനാസ്റ്റിക്‌സില്‍ മെഡല്‍ സ്വപ്‌നം കാണുന്നു ദീപ. പ്രൊഡുനോവ വോള്‍ട്ട് ഏറ്റവും കൃത്യതയോടെ, മികവോടെ നടത്താന്‍ അധ്വാനിക്കുമെന്ന് താരം വ്യക്തമാക്കി. കോച്ച് ബിശ്വേശ്വര്‍ നന്ദി രണ്ട് പുതിയ രീതികള്‍ തന്റെ ഗെയിമില്‍ കൊണ്ടുവരുമെന്നും ദീപ പറയുന്നു. റിയോയില്‍ നഷ്ടമായത് 2020 ല്‍ ടോക്ക്യോ ഒളിമ്പ്യാഡില്‍ തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനവും പുതുവര്‍ഷവേളയില്‍ ദീപ നടത്തുന്നു.

അതിഥി അശോക് (ഗോള്‍ഫ്)
എല്‍ പി ജി എ ടൂറില്‍ മികവറിയിച്ച അതിഥി പുതുവര്‍ഷത്തില്‍ കൂടുതല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കും. മേജര്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പൊസിഷനില്‍ ഫിനിഷ് ചെയ്യുക പ്രധാനമാണ്. ഏറെ ആസ്വദിച്ചു കൊണ്ടാണ് കരിയര്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് മത്സരിക്കേണ്ടതുണ്ട് – അതിഥി തന്റെ പുതുവര്‍ഷ പദ്ധതികള്‍ പങ്ക് വെയ്ക്കുന്നു.

പി ആര്‍ ശ്രീജേഷ് (ഹോക്കി)
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം ആറാമതാണ്. 2017 അവസാനിക്കുമ്പോള്‍ ഇന്ത്യയെ നാലാം സ്ഥാനത്ത് എത്തിക്കണം. ഹോക്കി നായകന്‍ പി ആര്‍ ശ്രീജേഷിന്റെ പുതുവത്സര ലക്ഷ്യം ഇതാണ്. സ്ഥിരതയാര്‍ന്ന പ്രകടനം ഇതിന് അനിവാര്യമാണ്. ഈ വര്‍ഷം ഇന്ത്യക്ക് പ്രധാനമായും രണ്ട് ചാമ്പ്യന്‍ഷിപ്പുകളുണ്ട്. എഫ് ഐ എച്ച് വേള്‍ഡ് ഹോക്കി ലീഗും ഏഷ്യ കപ്പും.
യുവതാരങ്ങള്‍ സീനിയര്‍ ടീമിലേക്ക് വരേണ്ടതുണ്ടെന്നും, ഏറ്റവും ശക്തമായ നിരയായി ഇന്ത്യന്‍ ടീം മാറേണ്ടതുണ്ടെന്നും മലയാളി താരം ആഗ്രഹിക്കുന്നു. യുവത്വവും പരിചയ സമ്പത്തും ഒത്തുചേരുന്ന നിരക്ക് മാത്രമേ പുതുവര്‍ഷത്തില്‍ കുതിപ്പ് നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് ശ്രീജേഷ് വിശ്വസിക്കുന്നു.

കെ ശ്രീകാന്ത് (ബാഡ്മിന്റണ്‍)
ശ്രീകാന്തിന് ചെറിയ ലക്ഷ്യമല്ല മുന്നിലുള്ളത്. ആള്‍ ഇംഗ്ലണ്ട്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവ സ്വന്തമാക്കണം. ഇത് സാധ്യമാകണമെങ്കില്‍ ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ സാധിക്കണം – ശ്രീകാന്ത് തന്റെ മനസിലുള്ളത് വ്യക്തമാക്കുന്നു.

ആര്‍ അശ്വിന്‍ (ക്രിക്കറ്റ്)
അവിസ്മരണീയമായ വര്‍ഷമായിരുന്നു 2016. അതാവര്‍ത്തിക്കുക വളരെ പ്രയാസകരമാകും.പക്ഷേ 2017 ഉം വളരെ മികച്ചതാക്കാന്‍ പരമാവധി ശ്രമിക്കും. ഫോം നിലനിര്‍ത്തുവാന്‍ പ്രതിജ്ഞാബദ്ധനാണ് താനെന്നും അശ്വിന്‍ പറഞ്ഞു.

സൈന നെഹ്വാള്‍ (ബാഡ്മിന്റണ്‍)
ഫിറ്റ്‌നെസിനാണ് പുതുവര്‍ഷത്തില്‍ സൈന വലിയ പ്രാധാന്യം കല്പിക്കുന്നത്. കാരണം, പോയ വര്‍ഷം സൈനക്ക് നഷ്ടമായത് കായികമായ കരുത്തായിരുന്നു.തനിക്ക് നഷ്ടമായ കരുത്തും കായികക്ഷമതയും വീണ്ടെടുക്കണം.
തനിക്കുറപ്പാണ് ഫിറ്റ്‌നെസുണ്ടെങ്കില്‍ മികച്ച വിജയങ്ങളുമായി കരിയറില്‍ ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടാനാകും.
പുതുവര്‍ഷത്തില്‍ ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗിലും മലേഷ്യ ഓപണിലുമാണ് പ്രധാനമായും ശ്രദ്ധയൂന്നുന്നത്. മകാവു ഓപണിന് തയ്യാറെടുക്കാന്‍ സമയം കുറവാണ്. പക്ഷേ താന്‍ പരിശ്രമിക്കും പറ്റാവുന്ന രീതിയില്‍. മാര്‍ച്ച് മാസമാകുമ്പോഴേക്കും മികച്ച പ്രകടനം തന്നില്‍ നിന്ന് പ്രതീക്ഷിക്കാനാകും – സൈന ശുഭാപ്തിവിശ്വാസത്തില്‍.

മുരളി വിജയ് (ക്രിക്കറ്റ്)
2016 കരിയറിലെ ഇറക്കവും കയറ്റവും സൂചിപ്പിച്ച വര്‍ഷമായിരുന്നു. പരുക്കേറ്റ് വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരം നഷ്ടമായത് തിരിച്ചടിയായിരുന്നു. എന്നാല്‍ പരുക്ക് മാറിയെത്തിയതോടെ മികച്ച ഫോമിലേക്ക് ഉയര്‍ന്നു. ഫിറ്റ്‌നെസാണ് പ്രധാനം. പുതുവര്‍ഷത്തിലും അതിനായിട്ട് പരിശ്രമിക്കും – വിജയ് പറഞ്ഞു.

അനിര്‍ബാന്‍ ലാഹിരി(ഗോള്‍ഫ്)
2017 ല്‍ പി ജി എ ടൂര്‍ കിരീടം നേടിയ വലിയൊരു മുന്നേറ്റം കരിയറില്‍ നടത്താമെന്ന കണക്ക്കൂട്ടലിലാണ് അനിര്‍ബാന്‍ ലാഹിരി. അവസരങ്ങള്‍ ഏറെ വരാനിരിക്കുന്നു. പ്രസിഡന്റ്‌സ് കപ്പില്‍ ഏറ്റവും മികച്ച പ്രകടനം ലക്ഷ്യമിടുന്നുവെന്നും ലാഹിരി പറഞ്ഞു.

ഗഗന്‍ജിത് ഭുല്ലാര്‍ (ഗോള്‍ഫ്)
പുതുവര്‍ഷത്തില്‍ ഗഗന്‍ജിതിന്റെ പ്രഥമപരിഗണന പൂര്‍ണ ആരോഗ്യം നിലനിര്‍ത്തുക എന്നതിലാണ്. യൂറോപ്യന്‍ ടൂര്‍ മത്സരങ്ങളില്‍ പങ്കെടുക്കണം. അതിന് ഫിറ്റ്‌നെസ് തന്നെയാണ് പ്രധാനം.

ഗഗന്‍ നരംഗ് (ഷൂട്ടിംഗ്)
ഇന്ത്യന്‍ ഷൂട്ടിംഗ് രംഗത്തിന് വേണ്ടിയുള്ള പുതിയ പദ്ധതികളാണ് ഗഗന്റെ മനസ്സില്‍. ഈ മേഖലയിലേക്ക് വരാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുകയും അവര്‍ക്ക് പ്രചോദനമാവുകയമാണ് ഗഗന്റെ ലക്ഷ്യം. 2020 ഒളിമ്പിക്‌സാകുമ്പോഴേക്കും കൂടുതല്‍ മത്സരാര്‍ഥികള്‍ രംഗത്ത് വരണം. ഇതില്‍ നിന്ന് ഏറ്റവും മെഡല്‍ സാധ്യതയുള്ളവരെ കണ്ടെത്തുക എന്ന ശ്രകരമായ ദൗത്യംഏറ്റെടുക്കുകയാണ് ഗഗന്‍.

ജിതു റായി (ഷൂട്ടിംഗ്)
2017 ല്‍ കരിയറിലെ ഏറ്റവും ഉന്നതമായ ഫോമാണ് ജിതു റായി ലക്ഷ്യമിടുന്നത്. ഫെബ്രുവരിയില്‍ നടക്കുന്ന ഐ എസ് എസ് എഫ് ലോകകപ്പില്‍ സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ജിതുവിന്റെ മനസില്‍ ഇല്ല. ഒളിമ്പിക്‌സില്‍ 50 മീറ്റര്‍ പിസ്റ്റള്‍ ഇനം നിലനിര്‍ത്തണം എന്ന പ്രാര്‍ഥനയും ജിതുവിനുണ്ട്. എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍ നേരാനും താരം മറക്കുന്നില്ല.

കരുണ്‍ നായര്‍ (ക്രിക്കറ്റ്)
പുതുവര്‍ഷത്തില്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ കളിക്കുവാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് കരുണ്‍ നായര്‍. ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കാര്‍ സ്വന്തമാക്കണം, പുതിയ സ്ഥലം വാങ്ങിക്കണം സ്വപ്‌ന ഗൃഹം പണിയണം. പുതുവര്‍ഷത്തില്‍ കരുണ്‍ നായരുടെ മുന്നില്‍ ഇങ്ങനെയും ചില കാര്യങ്ങളുണ്ട്.

വിനേഷ് ഫൊഗറ്റ് (ഗുസ്തി)
പരുക്കില്‍ നിന്ന് മുക്തയായിക്കൊണ്ടിരിക്കുന്നു. മുന്‍ കാലത്തേക്കാള്‍ മികച്ച ഫോമില്‍ തിരിച്ചുവരാന്‍ തനിക്ക് സാധിക്കും. അതിനാണ് എല്ലാ പരിശ്രമവും. ജനുവരി പകുതിയോടെ പരിശീലനം ആരംഭിക്കും. ഫെബ്രുവരിയോടെ പൂര്‍ണമായും തയ്യാറാകും. 2017 കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാക്കി മാറ്റും – വിനേഷ് ഫൊഗറ്റ് ആത്മവിശ്വാസം കൈവിടുന്നില്ല

Latest