Connect with us

Business

മാറ്റ് കുറഞ്ഞ് കറുത്തപൊന്ന്; സ്വര്‍ണം കുതിക്കാന്‍ തുടങ്ങി

Published

|

Last Updated

കൊച്ചി: നാളികേരോത്പന്നങ്ങളുടെ വിലയില്‍ മുന്നേറ്റം. കുരുമുളകിന്റെ തളര്‍ച്ച കണ്ട് ഇടുക്കിയിലേയും വയനാട്ടിലെയും സ്‌റ്റോക്കിസ്റ്റുകള്‍ ഉത്പന്നം കൈവിടാന്‍ നീക്കം നടത്തി. ടയര്‍ കമ്പനികളുടെ അഭാവത്തിനിടയിലും റബ്ബര്‍ മാര്‍ക്കറ്റ് മികവില്‍. കേരളത്തില്‍ പവന്റെ നിരക്ക് കുതിച്ചു..
മാസാരംഭം അടുത്തതോടെ ദക്ഷിണേന്ത്യന്‍ കൊപ്രയാട്ട് വ്യവസായികള്‍ വെളിച്ചെണ്ണ നീക്കം നിയന്ത്രിച്ചത് വില ഉയര്‍ത്തി. ക്രിസ്മസ് ഡിമാന്‍ഡ് കഴിഞ്ഞ ശേഷമാണ് പുതുവത്സരത്തിലെ ബംബര്‍ വില്‍പ്പനക്ക് വ്യവസായികള്‍ നീക്കം നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള എണ്ണ വരവ് ചുരുങ്ങിയത് കണ്ട് കേരളത്തിലെ മില്ലുകാരും എണ്ണക്ക് വന്‍ വില ആവശ്യപ്പെട്ടു. മലബാര്‍ മേഖലയില്‍ വെളിച്ചെണ്ണ 11,900 വരെ കയറി. കൊച്ചിയില്‍ 10,900 ലാണ് വ്യാപാരം നടക്കുന്നത്. കൊപ്ര 7200 ല്‍ നിന്ന് 7325 രൂപയായി.
ഏലക്ക ലേല കേന്ദ്രങ്ങളില്‍ താരമാണ്. ആഭ്യന്തര വ്യാപാരികള്‍ക്ക് ഒപ്പം കയറ്റുമതിക്കാരും ഏലക്ക ശേഖരിക്കാന്‍ ഉത്സാഹിച്ചു. ഹൈറേഞ്ചിലെ തോട്ടങ്ങളില്‍ വിളവെടുപ്പ് പുരോഗമിക്കുകയാണ്. വാരാവസാനം എസ് ടി സി യില്‍ നടന്ന ലേലത്തില്‍ കിലോ ഗ്രാമിന് 1438 രൂപയിലാണ്.
ആഗോള വിപണി ഹോളി ഡേ മുഡിലായതിനാല്‍ കയറ്റുമതി മേഖലയില്‍ നിന്ന് കുരുമുളകിന് ആവശ്യകാരില്ല. പുതുവത്സരാഘേഷങ്ങള്‍ക്ക് ശേഷമേ യുറോപ്യന്‍ “ബയ്യര്‍”മാര്‍ വിപണിയില്‍ തിരിച്ച് എത്തു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ നിരക്ക് ടണ്ണിന് 10,400 ഡോളറാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 66,600 രൂപയില്‍ നിന്ന് 65,700 ലേക്ക് താഴ്ന്നു.
കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ കുരുമുളക് വിളവെടുപ്പ് ഊര്‍ജിമായി. ഇത് ഉത്പന്ന വിലയെ തളര്‍ത്തുമെന്ന ഭീതിയില്‍ സ്‌റ്റോക്കിസ്റ്റുകള്‍ ചരക്ക് വിറ്റുമാറാന്‍ നീക്കം നടത്തി. ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ കൈവശമുള്ള മുളക് വില്‍പ്പനക്ക് ഇറക്കാന്‍ വാരാവസാനം തിടുക്കം കാണിച്ചു. ഉത്തരേന്ത്യയില്‍ നിന്ന് മുളകിന് അന്വേഷണങ്ങളുണ്ടെങ്കിലും നിരക്ക് താഴ്ത്തി ചരക്ക് എടുക്കാനാണ് അവര്‍ ഉത്സാഹിച്ചത്.
വന്‍കിട നിക്ഷേപകര്‍ അവധി ദിനങ്ങള്‍ അസ്വദിക്കാന്‍ രംഗം വിട്ടതിനാല്‍ ആഗോള റബ്ബര്‍ വിപണി ഊഹക്കച്ചവടക്കാരുടെ നിയന്ത്രണത്തിലാണ്. പിന്നിട്ടവാരം കൊച്ചി, കോട്ടയം വിപണികളിലേയ്ക്കുള്ള ഷീറ്റ് വരവ് പതിവിലും കുറഞ്ഞു. ടാപ്പിംഗ് സീസണാണെങ്കിലും ക്രിസ്മസ് അവധി മുലം പല തോട്ടങ്ങളിലും വെട്ട് ചുരുങ്ങിയത് ലാറ്റക് വരവിനെയും ബാധിച്ചു. ഉത്തരേന്ത്യന്‍ വ്യവസായികള്‍ ലാറ്റക്‌സ് 8500 രൂപക്ക് ശേഖരിച്ചു. നാലാം ഗ്രേഡ് റബ്ബര്‍ 13,600 രൂപയില്‍ വ്യാപാരം നടന്നു.
സ്വര്‍ണ വില വര്‍ധിച്ചു. ആഭരണ വിപണികളില്‍ പവന്‍ 20,600 ല്‍ നിന്ന് 21,160 രൂപയായി. ലണ്ടനില്‍ ഒരൗണ്‍സ് സ്വര്‍ണം 1134 ഡോളറില്‍ നിന്ന് 1164 വരെ കയറി.