Connect with us

Kerala

ലാവ്‌ലിന്‍ കേസ് ഫെബ്രുവരിയിലേക്ക് മാറ്റി

Published

|

Last Updated

കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി ബി ഐ നല്‍കിയ പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരിയിലേക്ക് മാറ്റി.

അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാദം മാറ്റിവെക്കാനുള്ള അപേക്ഷ പരിഗണിച്ചാണ് കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കന്നതിനായി മാറ്റിയത്. കേസില്‍ പിണറായി വിജയന്റെ അഭിഭാഷകനായ എം കെ ദാമോദരന്‍ കോടതിയില്‍ ഹാജരായില്ല. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം സി ബി ഐ സോളിസിറ്റര്‍ ജനറലിനെ അറിയിച്ചിരുന്നു. നേരത്തെ ജസ്റ്റിസ് ബി കമാല്‍ പാഷയുടെ ബഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്. ക്രിസ്ത്മസ് അവധിക്ക് ശേഷം ജഡ്ജിമാര്‍ പരിഗണിക്കുന്ന വിഷയങ്ങളില്‍ മാറ്റം വന്നതോടെയാണ് പുനഃപരിശോധനാ ഹരജി ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ചിലേക്ക് മാറിയത്. വാദം പെട്ടെന്ന് തീര്‍പ്പാക്കിയ ശേഷം തീരുമാനമെടുക്കാവുന്ന കേസാണിതെന്ന് ജസ്റ്റിസ് പി ഉബൈദ് അഭിപ്രായപ്പെട്ടു.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായ കാലത്ത് പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവ്‌ലിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് സി ബി ഐയുടെ കേസ്.

കേസില്‍ തിരുവനന്തപുരം സി ബി ഐ കോടതി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് സി ബി ഐ പുനഃപരിശോധനാ ഹരജി നല്‍കിയത്. കേസില്‍ സി ബി ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജാണ് ഹാജരാകുന്നത്.